ന്ത്യയുടെ ജനപ്രിയ വാഹന നിര്‍മാതാക്കളായ മഹീന്ദ്ര ഇന്ത്യയിലെ ഏറ്റവും വലിയ എസ്.യു.വി. ടെസ്റ്റിങ്ങ് ട്രാക്ക് ഒരുക്കി. തമിഴ്‌നാട്ടിലെ കാഞ്ചിപുരത്ത് 454 ഏക്കര്‍ സ്ഥലത്താണ് മഹീന്ദ്രയുടെ എസ്.യു.വി. പ്രൂവിങ്ങ് ട്രാക്ക് ഒരുങ്ങിയിട്ടുള്ളത്. ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അപ്ലൈഡ് ഓട്ടോമോട്ടീവ് റിസേര്‍ച്ചിന്റെ ഡിസൈനില്‍ എല്‍ ആന്‍ഡ് ടിയാണ് മഹീന്ദ്രയുടെ ഈ എസ്.യു.വി. പ്രൂവിങ്ങ് ട്രാക്കിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. 

ഇന്ത്യയിലെ ഏറ്റവും വലിയ എസ്.യു.വി. നിര്‍മാതാക്കളായ മഹീന്ദ്ര നിര്‍മിക്കുന്ന എല്ലാ എസ്.യു.വികളും പല പ്രതലങ്ങളില്‍ പരീക്ഷണയോട്ടം നടത്തുന്നതിനുള്ള സംവിധാനങ്ങളാണ് ഈ ട്രാക്കില്‍ ഒരുക്കിയിട്ടുള്ളത്. ഇന്ത്യയിലെ മറ്റ് വാഹന നിര്‍മാതാക്കളെ അപേക്ഷിച്ച് ഏറ്റവും വലിയ പ്രൂവിങ്ങ് ഗ്രൗണ്ടാണ് മഹീന്ദ്ര ഒരുക്കിയിരിക്കുന്നതെന്നാണ് കമ്പനി അവകാശപ്പെടുന്നത്. പരീക്ഷണം നടത്താനുള്ള എല്ലാ പ്രതലവും ഇവിടെ ഒരുക്കിയിട്ടുണ്ട്.

സ്വപ്‌ന സാക്ഷാത്കാരമെന്നാണ് മഹീന്ദ്ര ഈ പദ്ധതിയെ വിശേഷിപ്പിച്ചിരിക്കുന്നത്. കമ്പനിയുടെ വാഹന നിര്‍മാണ രംഗവുമായി ബന്ധപ്പെട്ടവരുടെ നീണ്ടനാളത്തെ ആവശ്യമായിരുന്നു ഇത്തരത്തിലുള്ള പ്രൂവിങ്ങ് ട്രാക്ക്. വാഹനങ്ങളുടെ കാര്യക്ഷമത ഉറപ്പാക്കുന്നതിനും മികച്ച വാഹനങ്ങള്‍ എത്തിക്കുന്നതിനും ഈ സംവിധാനം സഹായിക്കുമെന്നും മഹീന്ദ്രയുടെ ഗ്ലോബല്‍ പ്രൊഡക്ട് വിഭാഗം മേധാവി ആര്‍. വേലുസ്വാമി അഭിപ്രായപ്പെട്ടു.

510 കോടി രൂപ നിക്ഷേപത്തിലാണ് 454 ഏക്കര്‍ സ്ഥലത്ത് വ്യാപിച്ച് കിടക്കുന്ന ഈ പ്രൂവിങ്ങ് ട്രാക്ക് ഒരുക്കിയിട്ടുള്ളത്. ഇത്തരം ടെസ്റ്റിങ്ങ് കേന്ദ്രങ്ങള്‍ ഡിസൈന്‍ ചെയ്യുന്നതില്‍ അര നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള സ്പാനിങ്ങ് ഇന്‍സ്റ്റിറ്റ്യൂട്ടാണ് മഹീന്ദ്രയ്ക്കായി ഈ പ്രൂവിങ്ങ് ഗ്രൗണ്ടിന്റെ ഡിസൈനിങ്ങ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. ചെയ്യാര്‍ ഇന്‍ഡസ്ട്രീയല്‍ മേഖലയില്‍ നിര്‍മിച്ചിരിക്കുന്ന ഈ ട്രാക്ക് മൂന്ന് വര്‍ഷം കൊണ്ടാണ് പണി പൂര്‍ത്തിയാക്കിയിട്ടുള്ളത്. 

200 കിലോമീറ്റര്‍ വേഗത എടുക്കാന്‍ കഴിയുന്ന സീറോ പെര്‍സെന്റ് സ്ലോപ്പ് ഹൈ സ്പീഡ് ട്രാക്ക്, 250 മീറ്റര്‍ വ്യാസമുള്ള സര്‍ക്കുലര്‍ ഡൈനാമിക് പ്ലാറ്റ്‌ഫോം, ആറ് വ്യത്യസ്ത സര്‍ഫേസുകളുള്ള 4X4  അഡ്വഞ്ചര്‍ ട്രാക്ക്, എ.ബി.എസ്, ഇ.എസ്.പി., ടി.സി.എസ്. തുടങ്ങിയ ബ്രേക്കിങ്ങ് സംവിധാനങ്ങള്‍ പരിശോധിക്കുന്നതിനുള്ള ഡ്രൈ ആന്‍ഡ് വെറ്റ് ട്രാക്ക് തുടങ്ങി 20 ടെസ്റ്റുകള്‍ നടത്തുന്നതിനുള്ള സംവിധാനമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

Content Highlights: Mahindra Opens India's Largest SUV Proving Track In Tamil Nadu