കരുത്തരില്‍ കരുത്തനായി ഇന്ത്യന്‍ നിരത്തുകളില്‍ എത്താനൊരുങ്ങുകയാണ് മഹീന്ദ്രയുടെ എസ്.യു.വി. മോഡലായ XUV500. നിലവില്‍ നിരത്തുകളിലുള്ള പതിപ്പിനെക്കാള്‍ പവര്‍ ഉയര്‍ത്തുന്നതിനൊപ്പം പെട്രോള്‍, ഡീസല്‍ എന്‍ജിനുകളിലും ഈ വാഹനം എത്തുന്നുണ്ട്. വരവിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയ ഈ മോഡല്‍ ഈ വര്‍ഷം പകുതിയോടെ അവതരിപ്പിക്കുമെന്നാണ് സൂചന.
മഹീന്ദ്രയുടെ 2.2 ലിറ്റര്‍ എംഹോക്ക് എന്‍ജിനിലും 2.0 ലിറ്റര്‍ എംസ്റ്റാലിന്‍ എന്‍ജിനിലുമായിരിക്കും ഈ വാഹനം അവതരിപ്പിക്കുക. പെട്രോള്‍ എന്‍ജിന്‍ 190 ബി.എച്ച്.പി. പവറും 350 എന്‍.എം. ടോര്‍ക്കും ഉത്പാദിപ്പിക്കുമെന്നാണ് സൂചന. XUV500 ഉള്‍പ്പെടുന്ന ശ്രേണിയിലെ ഏറ്റവും കരുത്തുറ്റ പെട്രോള്‍ എന്‍ജിനായിരിക്കും ഇതെന്നാണ് മഹീന്ദ്ര അവകാശപ്പെടുന്നത്.
നിലവില്‍ എം.ജി.ഹെക്ടറിലും ടാറ്റ അവതരിപ്പിക്കുന്ന സഫാരിയിലുമാണ് ഈ സെഗ്മെന്റില്‍ ഏറ്റവുമധികം കരുത്ത് ഉത്പാദിപ്പിക്കുന്ന പെട്രോള്‍ എന്‍ജിനുകള്‍ നല്‍കിയിട്ടുള്ളത്. അതേസമയം, ഡീസല്‍ എന്‍ജിനും കരുത്തില്‍ എതിരാളികളെക്കാള്‍ മുന്നിലായിരിക്കും എന്നാണ് സൂചന. ഹെക്ടര്‍, സഫാരി എന്നിവയില്‍ നല്‍കിയിട്ടുള്ള ഡീസല്‍ എന്‍ജിന്‍ 170 ബി.എച്ച്.പി. പവര്‍ ഉത്പാദിപ്പിക്കുമ്പോള്‍ XUV500-ലെ ഡീസല്‍ എന്‍ജിന്‍ 180 ബി.എച്ച്.പി. പവര്‍ ഉത്പാദിപ്പിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ആറ് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക് എന്നീ ഗിയര്‍ബോക്‌സുകളായിരിക്കും ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുക. ഓള്‍ വീല്‍ ഡ്രൈവ് സംവിധാനം ഡീസല്‍ മോഡലില്‍ മാത്രമായി പരിമിതപെടുത്തുമെന്നും സൂചനയുണ്ട്. സുരക്ഷയൊരുക്കുന്നതിനായി ലെവല്‍ വണ്‍ ഓട്ടോണമസ് സാങ്കേതികവിദ്യയും ഇതില്‍ നല്‍കുന്നുണ്ട്.
ഫീച്ചര്‍ സമ്പന്നമാകുന്നതിന്റെ ഭാഗമായി ഡ്യുവല്‍ സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, പനോരമിക് സണ്‍റൂഫ്, ഡ്രൈവറിന് 3D പനോരമിക് വിഷന്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, വയര്‍ലെസ് ചാര്‍ജിങ്ങ്, പര്‍വ് സീറ്റുകള്‍, ലെതര്‍ അവരണമുള്ള ഡാഷ്‌ബോര്‍ഡ്, കണക്ടഡ് കാര്‍ സാങ്കേതികവിദ്യ എന്നിവ ഈ എസ്.യു.വിയില്‍ സ്ഥാനം പിടിക്കും.
Source: India Car News
Content Highlights; Mahindra New Generation XUV500 Will Be More Power In The Segment