ന്ത്യയിലെ ഏറ്റവും വലിയ എസ്.യു.വി. നിര്‍മാതാക്കളായ മഹീന്ദ്രയില്‍ നിരത്തുകളില്‍ എത്തിച്ചിട്ടുള്ള മാരാസോ എന്ന എം.പി.വിയുടെ പെട്രോള്‍ മോഡല്‍ അവതരണത്തിന് ഒരുങ്ങുന്നുവെന്ന് മുമ്പ് തന്നെ വാര്‍ത്തകള്‍ വന്നിരുന്നു. ഈ വാഹനം വൈകാതെ നിരത്തുകളില്‍ എത്തുമെന്നാണ് സൂചനകള്‍. എന്നാല്‍, പെട്രോള്‍ മോഡലിനൊപ്പം നിലവില്‍ നിരത്തിലുള്ള ഡീസല്‍ എന്‍ജിന്‍ മോഡലില്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ നല്‍കാനുള്ള നീക്കത്തിലാണ് മഹീന്ദ്ര.

ഓട്ടോമേറ്റഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ (എ.എം.ടി) ആയിരിക്കും ഡീസല്‍ എന്‍ജിനൊപ്പം നല്‍കുക. മാരാസോയുടെ എം2, എം4 പ്ലസ്, എം6 പ്ലസ് എന്നീ മൂന്ന് വേരിയന്റുകളിലായിരിക്കും ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് നല്‍കുകയെന്നാണ് വിവരം. ഏഴ് സീറ്റര്‍, എട്ട് സീറ്റര്‍ ഓപ്ഷനുകളിലും ഓട്ടോമാറ്റിക് മോഡല്‍ എത്തും. ഈ വാഹനത്തിന്റെ വിവരങ്ങള്‍ ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് വകുപ്പാണ് പുറത്തുവിട്ടിരിക്കുന്നത്. 

മഹീന്ദ്ര കോംപാക്ട് എസ്.യു.വി. മോഡലില്‍ നല്‍കിയിട്ടുള്ള എ.എം.ടി. ഗിയര്‍ബോക്‌സ് ആയിരിക്കും മരാസോയിലും നല്‍കുക. ഇതില്‍ മാനുവല്‍ മോഡ് ക്രീപ്പ് ഫങ്ഷന്‍ എന്നിവ ഒരുക്കുന്നുണ്ട്. ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, കിക്ക് ഡൗണ്‍ ഷിഫ്റ്റ്‌സ്, അഡാപ്റ്റീവ് പെഡല്‍ റെസ്‌പോണ്‍സ്, ടാപ്പ് ടു സ്വിച്ച് തുടങ്ങിയ സംവിധാനങ്ങളും ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനില്‍ നല്‍കും. വാഹനത്തിന്റെ ഡോര്‍ തുറന്നിട്ടുണ്ടെങ്കില്‍ വാഹനം മൂവ് ചെയ്യുന്നത് തടയുന്ന സംവിധാനവും ഇതില്‍ ഉള്‍പ്പെടുത്തും.

നിലവില്‍ 1.5 ലിറ്റര്‍ നാല് സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ്  ഡീസല്‍ എന്‍ജിനിലാണ് മരാസോ എത്തുന്നത്. ഇത് 121 ബി.എച്ച്.പി.പവറും 300 എന്‍.എം.ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് മാനുവലാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ നല്‍കുന്നതോടെ പവര്‍, ഇക്കോ എന്നീ രണ്ട് ഡ്രൈവ് മോഡുകള്‍ ഇതില്‍ നല്‍കുന്നുണ്ട്. മാനുവല്‍ മോഡല്‍ മരാസോയിക്ക് 17.3 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് കമ്പനി ഉറപ്പുനല്‍കുന്നത്. 

മരാസോയുടെ പെട്രോള്‍ പതിപ്പ് 2020 ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. മഹീന്ദ്ര ആദ്യമായി 1.5 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിന്‍ നല്‍കുന്ന വാഹനമായിരിക്കും മരാസോ എന്നാണ് സൂചനകള്‍. മരാസോയില്‍ നല്‍കുന്ന ഈ പെട്രോള്‍ എന്‍ജിന്‍ 161 ബി.എച്ച്.പി.പവറും 280 എന്‍.എം.ടോര്‍ക്കുമാണ് നല്‍കുന്നത്. ആറ് സ്പീഡ് മാനുവല്‍ ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകള്‍ ഈ വാഹനത്തില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കും.

Content Highlights: Mahindra Marazzo To Get Automatic Gearbox and Petrol Engine Soon