ഹീന്ദ്രയില്‍ നിന്ന് അടുത്തിടെ പുറത്തിറങ്ങിയ എംപിവി മോഡലായ മരാസോയുടെ വില ഉയരുന്നു. 2019 ജനുവരി മുതല്‍ 30,000-40,000 രൂപ വരെ വില ഉയര്‍ത്തുമെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്. നിലവില്‍ 9.99 ലക്ഷം മുതല്‍ 13.90 ലക്ഷം വരെയാണ് മരാസോയുടെ എക്‌സ്‌ഷോറൂം വില.

എം2, എം4, എം6, എം8 എന്നീ നാല് വേരിയന്റുകളിലാണ് മരാസോ പുറത്തിറക്കുന്നത്. ഇതില്‍ അടിസ്ഥാന വേരിയന്റായ എം2-വിന് 30,000 രൂപയും ടോപ്പ് എന്‍ഡ് മോഡലായ എം8-ന് 40,000 രൂപയോളവുമാണ് വില ഉയരുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

സ്‌റ്റൈലിനൊപ്പം സൗകര്യത്തിനും ഏറെ പ്രാധാന്യം മഹീന്ദ്ര പുറത്തിറക്കിയ വാഹനമാണ് മരാസോ. ഇറ്റാലിയന്‍ കമ്പനിയായ പിനിന്‍ഫാരിനയുമായി ചേര്‍ന്നാണ് മഹീന്ദ്ര ഡിസൈന്‍ സ്റ്റുഡിയോ മരാസോയുടെ രൂപകല്‍പന നിര്‍വഹിച്ചത്. അതുകൊണ്ട് തന്നെ മഹീന്ദ്രയുടെ മറ്റ് മോഡലുകളെ സ്‌റ്റൈലിഷ് വാഹനം എന്ന ഖ്യാതി മരാസോ സ്വന്തമാക്കിയിരുന്നു.

ഏഴ്, എട്ട് സീറ്റ് ഓപ്ഷനിലാണ് മരാസോ അവതരിപ്പിച്ചിട്ടുള്ളത്. സെവന്‍ സീറ്ററില്‍ രണ്ടാമത്തെ നിരയില്‍ ക്യാപ്റ്റന്‍ സീറ്റും എട്ട് സീറ്ററില്‍ രണ്ടാമത്തെയും മൂന്നാമത്തെയും നിര ബെഞ്ച് സീറ്റുമായിരിക്കും. ഇതിന് പുറമെ മറ്റ് നിരവധി ഫീച്ചറുകളും ഇന്റീരിയറിനെ സമ്പന്നമാക്കുന്നു. 

ആവശ്യമായ മിക്ക സൗകര്യങ്ങളും മരാസോയുടെ അടിസ്ഥാന മോഡല്‍ മുതല്‍ നല്‍കിയിട്ടുണ്ടെന്നതാണ് ഈ എംപിവിയുടെ മറ്റൊരു പ്രത്യേതക. ഡുവല്‍ എയര്‍ബാഗ്, സ്പീഡ് സെന്‍സിറ്റീവ് ഓട്ടോലോക്ക്, എബിഎസ്, ഇബിഡി ബ്രേക്ക് സംവിധാനം, ചൈല്‍ഡ് സീറ്റ് എന്നിവ അടിസ്ഥാന മോഡല്‍ മുതലുള്ളവയില്‍ ഒരുക്കിയിട്ടുണ്ട്.

1.5 ലിറ്റര്‍ നാല് സിലണ്ടര്‍ ഡീസല്‍ എന്‍ജിനിലാണ് മരാസോ നിരത്തിലെത്തുന്നത്. 1492 സിസിയില്‍ 130 ബിഎച്ച്പി പവറും 300 എന്‍എം ടോര്‍ക്കുമാണ് മരാസോയുടെ എന്‍ജിന്റെ കരുത്ത്.

Content Highlights: Mahindra Marazzo prices to be hiked