ഇന്ത്യയിലെ എംപിവി ശ്രേണിയില്‍ മഹീന്ദ്രയുടെ കരുത്തറിയിക്കാനെത്തിയ വാഹനമാണ് മരാസോ. ഡീസല്‍ എന്‍ജിനില്‍ മാത്രമെത്തി നിരത്തുകളില്‍ നിറഞ്ഞുനില്‍ക്കുന്ന ഈ വാഹനത്തിന്റെ പെട്രോള്‍ പതിപ്പും വരവിനൊരുങ്ങുകയാണ്. ബിഎസ്-6 നിലവാരത്തിലുള്ള 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനുമായി മരാസോ മെയ് മാസത്തില്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള എംസ്റ്റാലിന്‍ എന്‍ജിന്‍ ഫാമിലിയില്‍ വികസിപ്പിച്ച 1.5 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനാണ് (1.5 ലിറ്റര്‍ ജി15) മരാസോയില്‍ നല്‍കുക. 163 ബിഎച്ച്പി കരുത്തും 280 എന്‍എം ടോര്‍ക്കുമേകാന്‍ ശേഷിയുള്ള എന്‍ജിനാണിത്. ഈ എന്‍ജിന് പുറമെ, 1.2 ലിറ്റര്‍ ജി12, 2.0 ലിറ്റര്‍ ജി20 എന്‍ജിനുകളും മഹീന്ദ്ര വികസിപ്പിച്ചിട്ടുണ്ടെന്നാണ് സൂചന.
പുതുതായി വികസിപ്പിച്ച ജി15 പെട്രോള്‍ എന്‍ജിന്‍ ആദ്യമായി കരുത്തേകുന്ന വാഹനമാണ് മരാസോ. എസ്204, ബി 704 എന്നീ കോഡ് നമ്പറില്‍ മഹീന്ദ്ര-ഫോര്‍ഡ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന മിഡ് സൈസ് എസ്‌യുവികളിലും ഈ എന്‍ജിന്‍ നല്‍കിയേക്കുമെന്നാണ് സൂചന. ഇതിലെ ജി-12 പെട്രോള്‍ എന്‍ജിന്‍ കോംപാക്ട് എസ്‌യുവിയായ എക്‌സ്‌യുവി300-ലും സ്ഥാനം പിടിച്ചേക്കും.
പെട്രോള്‍ എന്‍ജിന്‍ നല്‍കുന്നതൊഴിച്ചാല്‍ വാഹനത്തിന്റെ ഡിസൈന്‍ ശൈലിയില്‍ മാറ്റം വരുത്തുന്നില്ലെന്നാണ് വിവരം. പെട്രോള്‍ എന്‍ജിനിലെത്തുന്ന മരാസോയിക്ക് ഒമ്പത് ലക്ഷം രൂപ മുതല്‍ 13 ലക്ഷം രൂപ വരെയായിരിക്കും വിലയെന്നാണ് സൂചന. അതേസമയം, അവതരണവേളയിലായിരിക്കും നിര്‍മാതാക്കള്‍ യഥാര്‍ഥ വില പ്രഖ്യാപിക്കുക.
Source: AutoCar India
Content Highlights: Mahindra Marazzo Petrol To Be Launch In May