നാളുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ മഹീന്ദ്രയുടെ ഏറ്റവും പുതിയ എംപിവി മരാസോ പുറത്തിറക്കി. നാസികിലെ പ്ലാന്റില്‍ നടന്ന ചടങ്ങില്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്രയാണ് വാഹനം പുറത്തിറക്കിയത്. 

എം2, എം4, എം6, എം8 എന്നീ നാല് വേരിയന്റുകളില്‍ പുറത്തിറക്കുന്ന മരാസോയ്ക്ക് 9.99 ലക്ഷം മുതല്‍ 13.9 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില. ഇന്നോവ ക്രിസ്റ്റയ്ക്ക് ഒത്ത എതിരാളിയായിരിക്കും മരാസോ എന്നാണ് വിലയിരുത്തലുകള്‍. 

അടിസ്ഥാന മോഡലായ എം2 വിന് 9.99 ലക്ഷം, എം4ന് 10.95 ലക്ഷം, എം6ന് 12.4 ലക്ഷം, എം8ന് 13.9 ലക്ഷം രൂപയുമാണ് എക്‌സോഷോറൂം വില വരുന്നത്. 

മഹീന്ദ്രയുടെ ഡിസൈന്‍ വിഭാഗവും ഇറ്റാലിയന്‍ കമ്പനിയായ പിനിന്‍ഫരീനയും ചേര്‍ന്നാണ് മരാസോയുടെ രൂപകല്‍പ്പന നിര്‍വഹിച്ചിരിക്കുന്നത്. ഷാര്‍ക്ക് (സ്രാവ്) എന്നാണ് സ്പാനിഷ് വാക്കായ മരാസോയുടെ അര്‍ഥം. ഷാര്‍ക്ക് മാതൃകയില്‍ എയറോഡൈനാമിക് ഡിസൈനിലാണ് വാഹനം എത്തുന്നത്.