ള്‍ട്ടി പര്‍പ്പസ് വാഹന ശ്രേണിയിലേക്ക് മഹീന്ദ്ര അടുത്തിടെ എത്തിച്ച വാഹനമാണ് മരാസോ. ഡീസല്‍ എന്‍ജിനില്‍ മാത്രം അവതരിപ്പിച്ചിരുന്ന ഈ വാഹനത്തിന്റെ പെട്രോള്‍ പതിപ്പ് കൂടി പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് മഹീന്ദ്ര. പെട്രോള്‍ കരുത്തിലുള്ള മരാസോ വൈകാതെയുത്തുമെന്നാണ് സൂചന.

ഇന്ത്യന്‍ നിര്‍മിത വാഹനങ്ങളില്‍ സുരക്ഷയില്‍ രണ്ടാം സ്ഥാനം നേടിയ വാഹനമാണ് മരാസോ. സുരക്ഷയ്‌ക്കൊപ്പം മികച്ച ഡിസൈനും നല്‍കിയതോടെ വലിയ സ്വീകാര്യതയാണ് ഈ വാഹനത്തിന് ലഭിച്ചിരുന്നത്. പെട്രോള്‍ എന്‍ജിന്‍ എത്തുന്നതോടെ ഇത് വീണ്ടും ഉയരുമെന്നാണ് കമ്പനി കണക്കാക്കുന്നത്. 

ബിഎസ്-6 നിലവാരത്തിലുള്ളതും 120 ബിഎച്ച്പി കരുത്തും 200 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നതുമായ 1.5 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനായിരിക്കും ഇതില്‍ നല്‍കുകയെന്നാണ് സൂചന. അതേസമയം, എക്‌സ്‌യുവി 300-ല്‍ നല്‍കിയിട്ടുള്ള 1.2 ലിറ്റര്‍ ടി-ജിഡിഐ എന്‍ജിനായിരിക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.

നിലവില്‍ 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ് ഈ വാഹനത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഇത് 120 ബിഎച്ച്പി പവറും 300 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ഡീസല്‍ എന്‍ജിനൊപ്പം നല്‍കിയിട്ടുള്ളത്. 

പുതിയ പെട്രോള്‍ എന്‍ജിനൊപ്പം ബിഎസ്-6 നിലവാരത്തിലുള്ള 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിന്റെയും പണിപ്പുരയിലാണ് മഹീന്ദ്രയെന്നാണ് സൂചന. നിരത്തിലെത്താനൊരുങ്ങുന്ന പുതിയ എക്‌സ്‌യുവി500, ഥാര്‍, സ്‌കോര്‍പിയോ തുടങ്ങിയ വാഹനങ്ങളില്‍ ഈ എന്‍ജിനായിരിക്കും നല്‍കുക.

Content Highlights: Mahindra Marazzo Gets New Petrol Engine