ന്ത്യയിലെ എംപിവി ശ്രേണിയില്‍ വിപ്ലവം തീര്‍ക്കാനെത്തിയ വാഹനമായിരുന്നു മഹീന്ദ്രയുടെ മരാസോ. സ്റ്റൈലിലും കരുത്തിലും ഏറെ മുന്‍പന്തിയിലായിരുന്ന മരാസോ സുരക്ഷയിലും കേമനാണെന്ന് തെളിയിച്ചിരിക്കുകയാണ്. ഗ്ലോബല്‍ എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ ഫോര്‍ സ്റ്റാര്‍ റേറ്റിങ്ങോടെയാണ് മരാസോ സുരക്ഷ തെളിയിച്ചത്.

ഇതോടെ ക്രാഷ് ടെസ്റ്റില്‍ ഉയര്‍ന്ന റേറ്റിങ് നേടുന്ന ഇന്ത്യന്‍ നിര്‍മിത എംപിവി എന്ന ബഹുമതി മഹീന്ദ്രയുടെ മരാസോ സ്വന്തമാക്കിയിരിക്കുകയാണ്. ഇന്ത്യന്‍ നിര്‍മിത വാഹനങ്ങില്‍ ഉയര്‍ന്ന നിലവാരത്തിലുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാനാരംഭിച്ചതിന്റെ തെളിവായാണ് ഈ നേട്ടം വിലയിരുത്തപ്പെടുന്നത്. 

മുതിര്‍ന്നവരുടെ സുരക്ഷയില്‍ ഫോര്‍ സ്റ്റാര്‍ റേറ്റിങും കുട്ടികളുടെ സുരക്ഷയില്‍ രണ്ട് സ്റ്റാര്‍ റേറ്റിങ്ങുമാണ് മരാസോ നേടിയത്. ഗ്ലോബല്‍ എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ ഒരു ഇന്ത്യന്‍ നിര്‍മിത എംപിവി നേടുന്ന ഏറ്റവും ഉയര്‍ന്ന റേറ്റിങ്ങാണിത്.

ക്രാഷ് ടെസ്റ്റില്‍ 4-5 സ്റ്റാര്‍ റേറ്റിങ് നേടാന്‍ ശേഷിയുള്ള വാഹനങ്ങളായിരിക്കും ഇനി മഹീന്ദ്രയില്‍നിന്ന് പുറത്തിറങ്ങുക. സുരക്ഷ ഉറപ്പാക്കുന്ന കാര്യത്തില്‍ മഹീന്ദ്രയ്ക്ക് ഉപയോക്താക്കളോടുള്ള പ്രതിബന്ധതയാണ് മരാസോയുടെ നേട്ടത്തിലൂടെ തെളിഞ്ഞിരിക്കുന്നതെന്നും മഹീന്ദ്ര മേധാവി രാജന്‍ വധേര അറിയിച്ചു.

ശക്തമായ സുരക്ഷ ഉറപ്പാക്കുന്നതിനായി മഹീന്ദ്ര മരാസോയുടെ അടിസ്ഥാന മോഡല്‍ മുതല്‍ എബിഎസ്, ഡുവല്‍ എയര്‍ബാഗ് എന്നിവ നല്‍കിയാണ് പുറത്തിറക്കിയിരുന്നത്. മഹീന്ദ്രയില്‍നിന്ന് അടുത്തിടെ പുറത്തിറങ്ങിയതില്‍ ഏറെ ഡിമാന്റുള്ള വാഹനമാണ് മരാസോ എംപിവി.

Content Highlights: Mahindra Marazzo Gets 4 Star Crash Rating From Global NCAP