എംപിവി ശ്രേണിയില്‍ വിപ്ലവം സൃഷ്ടിച്ചാണ് മഹീന്ദ്രയുടെ മരാസോ നിരത്തിലെത്തിയത്. അവതരിപ്പിച്ച് ഒരു മാസത്തിനുള്ളില്‍ 10,000 ബുക്കിങ്ങുകളാണ് മഹീന്ദ്രയുടെ മരാസോ പിന്നിട്ടിരിക്കുന്നത്. കഴിഞ്ഞ മാസമാണ് മരാസോ വിപണിയില്‍ എത്തിയത്. 

മരാസോയുടെ ടോപ്പ് എന്‍ഡ് മോഡലായ എം8-നാണ് ഏറ്റവുമധികം ബുക്കിംങ് ലഭിച്ചിരിക്കുന്നത്. ഈ വാഹനത്തിന് രണ്ട് ആഴ്ച മുതല്‍ ഒരുമാസം വരെ ബുക്കിങ് ഉണ്ടെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. 

എം2, എം4, എം6, എ8 എന്നീ നാല് വേരിയന്റുകളിലാണ് മരാസോ നിരത്തിലെത്തിച്ചിരിക്കുന്നത്. അടിസ്ഥാന മോഡലില്‍ ഉള്‍പ്പെടെ അത്യാവശ്യ സൗകര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടെന്നുള്ളതാണ് മരാസോയുടെ ഏറ്റവും പ്രധാന പ്രത്യേകതയായി പറയുന്നത്. 

സുരക്ഷ ശക്തമാക്കുന്നതിനായി എബിഎസ്, ഇബിഡി ബ്രേക്കിംങ് സംവിധാനം, ഡുവല്‍ എയര്‍ബാഗ്, നാല് ടയറുകളിലും ഡിസ്‌ക് ബ്രേക്ക് എന്നിവയും സെന്‍ട്രല്‍ ലോക്കിംങ്, പവര്‍ വിന്‍ഡോസ്, റിയര്‍ എസി വെന്റ് തുടങ്ങിയവയും അടിസ്ഥാന മോഡലില്‍ മുതല്‍ ഒരുക്കിയിട്ടുണ്ട്.

ടോപ്പ് എന്‍ഡ് മോഡലില്‍ 17 ഇഞ്ച് അലോയി വീലുകള്‍, എല്‍ഇഡി ഡിആര്‍എല്‍, ലതര്‍ ഫിനീഷിങ് ഇന്റീരിയര്‍, ക്രൂയിസ് കണ്‍ട്രോള്‍, ആന്‍ഡ്രോയിഡ് ഓട്ടോ സംവിധാനമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, റിവേഴ്‌സ് ക്യാമറ തുടങ്ങിയ സംവിധാനം ഒരുക്കിയിട്ടുണ്ട്.