ന്ത്യയിലെ എംപിവി ശ്രേണിയിലേക്ക് കഴിഞ്ഞ വര്‍ഷം മഹീന്ദ്ര എത്തിച്ച വാഹനമാണ് മരാസോ. സ്‌റ്റൈലിലും കാര്യക്ഷമതയിലും സുരക്ഷയിലും കരുത്ത് തെളിയിച്ച് മരാസോയുടെ ഓട്ടോമാറ്റിക് പതിപ്പും നിരത്തിലെത്താനൊരുങ്ങുന്നു. 

ബിഎസ്-6 എന്‍ജിനൊപ്പം ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും അവതരിപ്പിക്കൂവെന്നാണ് മുമ്പ് അറിയിച്ചിരുന്നത്. എന്നാല്‍, അടുത്ത മാസത്തോടെ തന്നെ മരാസോയുടെ ഓട്ടോമാറ്റിക് അവതരിപ്പിക്കാനുള്ള നീക്കത്തിലാണ് മഹീന്ദ്രയെന്നാണ് റിപ്പോര്‍ട്ട്. 

ബിഎസ്-6 എന്‍ജിനില്‍ എത്തുന്ന മരാസോയില്‍ ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഗിയര്‍ബോക്‌സ് നല്‍കുമെന്നാണ് സൂചനകള്‍. അടുത്ത വര്‍ഷത്തോടെ മാത്രം ഈ ഗിയര്‍ബോക്‌സിലുള്ള മരാസോയെ നിരത്തുകളില്‍ പ്രതീക്ഷിക്കാന്‍ സാധിക്കൂ.

121 ബിഎച്ച്പി പവറും 300 എന്‍എം ടോര്‍ക്കുമേകുന്ന 1.5 ലിറ്റര്‍ എന്‍ജിനില്‍ ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സില്‍ മാത്രമാണ് മരാസോ പുറത്തിറക്കിയത്. ഓട്ടോമാറ്റിക് മോഡല്‍ പിന്നാലെയെത്തുമെന്നും മഹീന്ദ്ര അറിയിച്ചിരുന്നു. 

എം2, എം4, എം6, എ8 എന്നീ നാല് വേരിയന്റുകളിലാണ് മരാസോ നിരത്തിലെത്തിച്ചിരിക്കുന്നത്. ഇതില്‍ ടോപ്പ് എന്‍ഡ് മോഡലിലായിരിക്കും ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് നല്‍കുക. അടിസ്ഥാന മോഡലില്‍ ഉള്‍പ്പെടെ അത്യാവശ്യ സൗകര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടെന്നുള്ളതാണ് മരാസോയുടെ പ്രധാന പ്രത്യേകത. 

സുരക്ഷ ശക്തമാക്കുന്നതിനായി എബിഎസ്, ഇബിഡി ബ്രേക്കിംങ് സംവിധാനം, ഡുവല്‍ എയര്‍ബാഗ്, നാല് ടയറുകളിലും ഡിസ്‌ക് ബ്രേക്ക് എന്നിവയും സെന്‍ട്രല്‍ ലോക്കിംങ്, പവര്‍ വിന്‍ഡോസ്, റിയര്‍ എസി വെന്റ് തുടങ്ങിയവയും അടിസ്ഥാന മോഡലില്‍ മുതല്‍ ഒരുക്കിയിട്ടുണ്ട്.

ടോപ്പ് എന്‍ഡ് മോഡലില്‍ 17 ഇഞ്ച് അലോയി വീലുകള്‍, എല്‍ഇഡി ഡിആര്‍എല്‍, ലതര്‍ ഫിനീഷിങ് ഇന്റീരിയര്‍, ക്രൂയിസ് കണ്‍ട്രോള്‍, ആന്‍ഡ്രോയിഡ് ഓട്ടോ സംവിധാനമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, റിവേഴ്സ് ക്യാമറ തുടങ്ങിയ സംവിധാനം ഒരുക്കിയിട്ടുണ്ട്.

Content Highlights: Mahindra Marazzo AMT to Launch Soon