ന്ത്യയിലെ ഏറ്റവും വലിയ എസ്.യു.വി. നിര്‍മാതാക്കളായ മഹീന്ദ്ര ഏറ്റവുമൊടുവില്‍ വിപണിയില്‍ എത്തിച്ച എസ്.യു.വി. മോഡലായ XUV700-ന്റെ പ്രത്യേക പതിപ്പ് ഒരുങ്ങുന്നു. ഒളിമ്പിക്‌സ്, പാരാലിമ്പിക്‌സ് എന്നിവയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് സ്വര്‍ണ മെഡല്‍ ജേതാക്കളായ താരങ്ങള്‍ക്ക് സമ്മാനിക്കുന്നതിനായാണ് ഈ പതിപ്പ് എത്തുന്നത്. എക്‌സ്.യു.വി. 700 ജാവലിന്‍ എഡിഷന്‍ എന്ന പേരിലായിരിക്കും ഈ പ്രത്യേക പതിപ്പ് പുറത്തിറങ്ങുകയെന്നാണ് വിവരം.

ഒളിമ്പിക്‌സില്‍ ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടിയ നീരജ് ചോപ്ര, പാരാലിമ്പിക്‌സ് ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടിയ സുമിത് ആന്റില്‍, 10 മീറ്റര്‍ എയര്‍ റൈഫിള്‍സില്‍ ലോക റെക്കോഡോടെ സ്വര്‍ണം നേടിയ അവനി ലെഖ്ര എന്നിവര്‍ക്കായാണ് ജാലവില്‍ എഡിഷന്‍ എക്‌സ്.യു.വി. 700 ഒരുങ്ങുന്നത്. അവനിക്കായി പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത വാഹനം നിര്‍മിക്കുമെന്ന് മഹീന്ദ്ര മുമ്പ് തന്നെ പ്രഖ്യാപിച്ചിരുന്നു. മൂന്ന് യൂണിറ്റ് മാത്രമായിരിക്കും ഈ പതിപ്പ് ഒരുങ്ങുക.

ഒരു സംശയവുമില്ല, അദ്ഭുതകരമായ കായിക നേട്ടമാണ് ഈ താരങ്ങള്‍ നേടിയിട്ടുള്ളത്. പുരാതനമായ ഈ കായിക ഇനത്തിന് രണ്ട് സ്വര്‍ണമാണ് നേടിയിട്ടുള്ളത്. ഇവര്‍ തീര്‍ച്ചയായും എക്‌സ്.യു.വി.700 എസ്.യു.വിക്ക് അര്‍ഹരാണെന്ന് ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ കുറിച്ചു. ഇവരെ ആദരിക്കുന്നതിനായി ഒരു എക്‌സ്.യു.വി. 700-ന്റെ പ്രത്യേക പതിപ്പ് ഡിസൈന്‍ ചെയ്യാന്‍ മഹീന്ദ്രയുടെ ഡിസൈന്‍ വിഭാഗം മേധാവി പ്രതാപ് ബോസിനോട് നിര്‍ദേശിക്കുന്നതായും ട്വിറ്ററിലുണ്ട്.

ഓഗസ്റ്റ് 14-നാണ് മഹീന്ദ്ര എക്‌സ്.യു.വി. 700 ഇന്ത്യയില്‍ പ്രദര്‍ശിപ്പിച്ചത്.  MX, AX3, AX5, AX7 എന്നീ നാല് വേരിയന്റുകളില്‍ എത്തിയിട്ടുള്ള ഈ എസ്.യു.വിയുടെ ആദ്യ മൂന്ന് വേരിയന്റുകള്‍ക്ക് 11.99 ലക്ഷം രൂപ മുതല്‍ 14.99 ലക്ഷം രൂപ വരെയാണ് എക്സ്ഷോറും വില. മഹീന്ദ്രയുടെ പുതിയ ബ്രാന്റ് ലോഗോയില്‍ ആദ്യമായി പുറത്തിറങ്ങിയ മോഡലാണ് XUV700. ഉത്സവ സീസണിന്റെ ഭാഗമായി ഒക്ടോബറില്‍ വിപണിയില്‍ എത്തിയേക്കുമെന്നാണ് സൂചനകള്‍. 

ഫീച്ചറുകളുടെയും സാങ്കേതികവിദ്യയുടെയും കലവറയാണ് എക്സ്.യു.വി 700-ന്റെ അകത്തളം. അലക്സ സപ്പോള്‍ട്ട് ചെയ്യുന്ന കണക്ടഡ് കാര്‍ സാങ്കേതികവിദ്യയാണ് ഇതിലുള്ളത്. അഡ്രേനോക്സ് എന്നാണ് മഹീന്ദ്ര ഈ സംവിധാനത്തെ വിശേഷിപ്പിക്കുന്നത്. വോയിസ് കമാന്റിലൂടെ വാഹനത്തിലെ ഫീച്ചറുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന സംവിധാനവും ഇതിലുണ്ട്. വലിയ സീറ്റുകളും മികച്ച ഡാഷ്ബോര്‍ഡും മറ്റും ഇന്റീരിയറിന് പ്രീമിയം വാഹനങ്ങളുടെ ഭാവം പകരുന്നുണ്ട്.

മെമ്മറി ഫങ്ഷനുള്ള ആറ് രീതിയില്‍ ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവര്‍ സീറ്റ്, പനോരമിക് സണ്‍റൂഫ്, ഉയര്‍ന്ന വേരിയന്റില്‍ ഡ്യുവല്‍ ഡിസ്പ്ലേ 10.25 ഇഞ്ച് വലിപ്പവും താഴ്ന്ന വേരിയന്റില്‍ ഏഴ് ഇഞ്ച് വലിപ്പവുമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ആന്‍ട്രോയിഡ് ഓട്ടോ-ആപ്പിള്‍ കാര്‍പ്ലേ സംവിധാനങ്ങള്‍ക്കൊപ്പം 60 കണക്ടഡ് ഫീച്ചറുകള്‍, അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സംവിധാനം തുടങ്ങിയവയും ഇതിലുണ്ട്. 

2.0 ലിറ്റര്‍ പെട്രോള്‍, 2.2 ലിറ്റര്‍ ഡീസല്‍ എന്നീ എന്‍ജിന്‍ ഓപ്ഷനുകളിലാണ് ഈ വാഹനം എത്തിയിട്ടുള്ളത്. പെട്രോള്‍ എന്‍ജിന്‍ 197 ബി.എച്ച്.പി. പവറും 380 എന്‍.എം.ടോര്‍ക്കുമാണ് നല്‍കുന്നത്. ഡീസല്‍ എന്‍ജിന്‍ രണ്ട് പവറാണ് ഉത്പാദിപ്പിക്കുന്നത്. 153, 182 ബി.എച്ച്.പി. പവറും 360, 420 എന്‍.എം. ടോര്‍ക്കുമാണ് ഇത് ഉത്പാദിപ്പിക്കുന്നത്. ഓട്ടോമാറ്റിക്-മാനുവല്‍ ട്രാന്‍സ്മിഷനുകളും ഇതില്‍ നല്‍കുന്നുണ്ട്. സിപ്, സാപ്പ്, സൂം എന്നീ മൂന്ന് ഡ്രൈവ് മോഡുകളാണ് ഇതിലുള്ളത്.

Content Highlights: Mahindra Makes Javelin Edition Of XUV700 For India's Olympic, Paralympic Gold Medallists