26 വര്‍ഷം ഒരു മികച്ച വാഹനം സ്വന്തമാക്കണമെന്ന ആഗ്രഹവുമായി ജീവിച്ചതും ഒടുവില്‍ മഹീന്ദ്രയുടെ XUV 300 എന്ന കോംപാക്ട് എസ്.യു.വി. സ്വന്തമാക്കുകയും ചെയ്ത മഹീന്ദ്ര ഗ്രൂപ്പ് മാനേജിങ്ങ് ഡയറക്ടര്‍ പവന്‍ ഗോയങ്കയുടെ അനുഭവം ട്വിറ്ററില്‍ ട്രെന്റിങ്ങായിരുന്നു. രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം മഹീന്ദ്രയുടെ മറ്റൊരു മേധാവിയും ഈ വാഹനം സ്വന്തമാക്കിയിരിക്കുകയാണ്. മഹീന്ദ്രയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടറായ രാജേഷ് ജെജൂരിക്കറാണ് XUV300 സ്വന്തമാക്കിയിരിക്കുന്നത്.
എന്നാല്‍, പവന്‍ ഗോയങ്ക സ്വന്തമാക്കിയത് പോലെ ഒരു റെഗുലര്‍ വാഹനമായിരുന്നില്ല രാജേഷ് തിരഞ്ഞെടുത്തത്. XUV300 നിരയില്‍ എത്തിയിട്ടില്ലാത്ത പുതിയ നിറത്തിലും ഗ്രാഫിക്‌സുകളിലുമാണ് രാജേഷിന്റെ വാഹനം ഒരുങ്ങിയിരിക്കുന്നത്. മഞ്ഞ നിറത്തിനൊപ്പം ബോണറ്റിലും വശങ്ങളിലും കറുപ്പ് നിറത്തിലുള്ള ഗ്രാഫിക്‌സുകളാണ് ഈ വാഹനത്തില്‍ നല്‍കിയിരിക്കുന്നത്. വെള്ള നിറമാണ് റൂഫില്‍ നല്‍കിയിരിക്കുന്നത്. ബമ്പറിന്റെ ലോവര്‍ ലിപ്പിന് കറുപ്പ് നിറമാണ് നല്‍കിയിട്ടുള്ളത്.
വാഹനത്തിനുള്ളില്‍ വരുത്തിയിട്ടുള്ള മാറ്റങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായിട്ടില്ല. കഴിഞ്ഞ ദിവസമാണ് അദ്ദേഹം പുതിയ വാഹനത്തിന്റെ ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചത്. കമ്പനിയുടെ ഉടമ സ്വന്തം ഉത്പന്നം ഉപയോഗിക്കുന്നത് മികച്ച കാര്യമാണെന്ന ട്വിറ്റര്‍ രാജേഷ് റീ ട്വീറ്റ് ചെയ്യുകയായിരുന്നു. ചകന്‍ പ്ലാന്റില്‍ വെച്ചാണ് ഈ വാഹനം ഓടിച്ചതെന്നും മികച്ച ഡ്രൈവിങ്ങ് അനുഭവമാണ് ഈ വാഹനം നല്‍കിയതെന്നുമാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.
1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനിലും 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലുമാണ് മഹീന്ദ്ര എക്‌സ്.യു.വി.300 നിരത്തുകളില്‍ എത്തിയിട്ടുള്ളത്. പെട്രോള്‍ എന്‍ജിന്‍ 110 പി.എസ്. പവറും 200 എന്‍.എം.ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. 1.5 ഡീസല്‍ എന്‍ജിന്‍ 115 ബി.എച്ച്.പി. പവറും 300 എന്‍.എം. ടോര്‍ക്കും ഉത്പാദിപ്പിക്കും. ആറ് സ്പീഡ് മാനുവല്‍ എ.എം.ടി. എന്നീ ഗിയര്‍ബോക്‌സുകള്‍ ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നുണ്ട്. ഈ സെഗ്മെന്റിലെ മികച്ച ഇന്ധനക്ഷമതയും XUV300 ഉറപ്പാക്കുന്നു.
ഇന്ത്യയിലെ വാഹന വിപണിയില്‍ കടുത്ത മത്സരം നടക്കുന്ന കോംപാക്ട് എസ്.യു.വി. സെഗ്മെന്റിലാണ് മഹീന്ദ്ര എക്‌സ്.യു.വി.300 എത്തിയിട്ടുള്ളത്. എതിരാളികളുടെ വലിയ നിരയാണ് ഈ വാഹനത്തിനുള്ളത്. മാരുതി ബ്രെസ, ടാറ്റ നെക്‌സോണ്‍, ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്ട്, കിയ സോണറ്റ്, ഹ്യുണ്ടായി വെന്യു, നിസാന്‍ മഗ്‌നൈറ്റ്, റെനോ കൈഗര്‍ തുടങ്ങിയ വാഹനങ്ങളുമായാണ് മഹീന്ദ്രയുടെ XUV300 മത്സരിക്കുന്നത്.
Content Highlights: Mahindra Make Customised XUV300 For Mahindra Executive Director Rajesh Jejurikar