മഹീന്ദ്ര എക്സ്.യു.വി.400 ഇലക്ട്രിക് | Photo: Mahindra
മഹീന്ദ്രയുടെ ആദ്യ ഇലക്ട്രിക് എസ്.യു.വി. മോഡലായ എക്സ്.യു.വി.400-ന്റെ വില പ്രഖ്യാപിച്ചു. മൂന്ന് വേരിയന്റുകളില്‍ എത്തുന്ന ഈ ഇലക്ട്രിക് എസ്.യു.വിക്ക് 15.99 ലക്ഷം രൂപ മുതല്‍ 18.99 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. അടിസ്ഥാന മോഡലായ ഇ.സിക്ക് 15.99 ലക്ഷവും അതിന് തൊട്ടുമുകളിലെ വകഭേദമായ ഇ.സി 7.2kw ചാര്‍ജര്‍ മോഡലിന് 16.49 ലക്ഷവും ഏറ്റവും ഉയര്‍ന്ന വേരിയന്റായ ഇ.എല്‍. മോഡലിന് 18.99 ലക്ഷം രൂപയുമാണ് എക്സ് ഷോറൂം വില.
എന്നാല്‍, ഇത് പ്രാരംഭ വില മാത്രമാണെന്നും ഈ വാഹനം ബുക്കുചെയ്യുന്ന ആദ്യ 5000 ഉപയോക്താക്കള്‍ക്ക് മാത്രമായിരിക്കും ഈ വിലയില്‍ വാഹനം സ്വന്തമാക്കാന്‍ സാധിക്കുകയെന്നുമാണ് മഹീന്ദ്ര അറിയിച്ചിരിക്കുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ എക്സ്.യു.വി.400-ന്റെ 20,000 യൂണിറ്റുകള്‍ നിരത്തുകളില്‍ എത്തിക്കാനാണ് മഹീന്ദ്രയുടെ ശ്രമം. ഇന്ത്യയിലെ പ്രധാനപ്പെട്ട 34 നഗരങ്ങളിലാണ് ആദ്യഘട്ടത്തില്‍ മഹീന്ദ്ര എക്സ്.യു.വി.400 വില്‍പ്പനയ്ക്ക് എത്തുന്നതെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്.
രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളിലാണ് മഹീന്ദ്ര എക്സ്.യു.വി.400 വിപണിയില്‍ എത്തുന്നത്. ഇതിലെ ഇ.സി. വേരിയന്റുകളില്‍ 34.5 കിലോവാട്ട് അവര്‍ ശേഷിയുള്ള ലിഥിയം അയേണ്‍ ബാറ്ററി പാക്കാണ് നല്‍കിയിട്ടുള്ളത്. ഇതിന് ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 375 കിലോമീറ്റര്‍ സഞ്ചരിക്കാനുള്ള ശേഷിയാണ് നല്‍കുന്നത്. 39.4 കിലോവാട്ട് അവര്‍ ശേഷിയുള്ള ബാറ്ററി പാക്കാണ് ഇ.എല്‍. വേരിയന്റില്‍ ഉള്ളത്. 456 കിലോമീറ്ററാണ് ഈ വേരിയന്റില്‍ നിര്‍മാതാക്കള്‍ ഉറപ്പുനല്‍കുന്നത്.
അതേസമയം, രണ്ട് ബാറ്ററിപാക്ക് മോഡലുകളിലും ഉപയോഗിക്കുന്ന ഇലക്ട്രിക് മോട്ടോര്‍ ഒന്നുതന്നെയാണ്. ഇത് 150 പി.എസ്. പവറും 310 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. കേവലം 8.3 സെക്കന്റില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനുള്ള ശേഷിയും ഈ വാഹനത്തിനുണ്ട്. അതിവേഗ ചാര്‍ജിങ്ങും ഈ വാഹനത്തില്‍ സാധ്യമാണ്. 50 കിലോവാട്ട് ഡി.സി. ചാര്ജറില് 50 മിനിറ്റില്‍ 80 ശതമാനം ബാറ്ററി നിറയും. 7.2 കിലോവാട്ട് ചാര്‍ജര്‍ ഉപയോഗിച്ചാല്‍ 6.30 മണിക്കൂര്‍ വേണം ബാറ്ററി നിറയാന്‍.
4200 എം.എം. വീതിയും 1821 എം.എം. വീതിയിലും ഒരുങ്ങിയിട്ടുള്ള എക്സ്.യു.വി.400-ന് 2600 എം.എം. വീല്‍ബേസും നല്‍കിയിട്ടുണ്ട്. 378 ലിറ്റര്‍ ബൂട്ട് സ്പേസും ഇതിലുണ്ട്. എക്സ്.യു.വി.300-ല്‍ ഫൈവ് സ്റ്റാര്‍ സേഫ്റ്റി റേറ്റിങ്ങ് നല്കുന്ന ഘടകങ്ങളെല്ലാം ഈ വാഹനത്തിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ തന്നെ മികച്ച സുരക്ഷയും നിര്‍മാതാക്കള്‍ ഈ ഇലക്ട്രിക് എസ്.യു.വിയില്‍ ഉറപ്പാക്കുന്നുണ്ട്. ആറ് എയര്‍ബാഗ്, നാല് ഡിസ്ക് ബ്രേക്ക്, ഐസോഫിക്സ് സീറ്റ് ബെല്‍റ്റ് എന്നിവയും ഇതിലുണ്ട്.
Content Highlights: Mahindra launches its first C-Segment Electric SUV XUV400; Starting at INR 15.99 Lakhs
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..