കുഞ്ഞന്‍ എസ്.യു.വിയായി മഹീന്ദ്ര തറവാട്ടിലേക്കെത്തിയ KUV 100-ന്റെ പുതിയ പരികൃത പതിപ്പ് കമ്പനി പുറത്തിറക്കി. ചെറു വാഹനങ്ങള്‍ക്ക് അത്ര വശമില്ലാത്ത വ്യത്യസ്ത രൂപത്തില്‍ കഴിഞ്ഞ വര്‍ഷം തുടക്കത്തിലാണ് KUV 100 വിപണിയിലെത്തിയത്. എന്നാല്‍ കമ്പനിയുടെ പ്രതീക്ഷയ്‌ക്കൊത്ത വിജയം കൈവരിക്കാന്‍ ഇതിന് സാധിച്ചില്ല. ഈ തിരിച്ചടി മറികടക്കാനാണ് പുതിയ KUV എത്തിയത്. രൂപത്തില്‍ ചുരുക്കം ചില മാറ്റങ്ങള്‍ സഹിതം KUV 100 NXT എന്ന പുതിയ പേരിലാണ് പുതിയ പതിപ്പ് അവതരിച്ചത്. 4.39 ലക്ഷം രൂപ മുതല്‍ 7.33 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ മുംബൈ എക്‌സ്‌ഷോറൂം വില. K2, K4, K6, K8, K8 + എന്നീ വേരിയന്റുകളില്‍ KUV 100 NXT ലഭ്യമാകും. 

KUV 100 NXT
Courtesy; Mahindra

പുറംമോടിയില്‍ മുന്‍ഭാഗത്താണ് വാഹനത്തിലെ പ്രധാന മാറ്റം. ഹെഡ്ലൈറ്റും ഫോഗ് ലാംമ്പും ബോണറ്റും അടങ്ങിയ ഭാഗത്തിന്റെ ഡിസൈന്‍ മാറ്റിയിട്ടുണ്ട്. പുതിയ XUV 500-ല്‍ നിന്ന് പ്രചോദനം ഉള്‍ക്കെണ്ടതാണ് ഗ്രില്‍ ഡിസൈന്‍. മുന്നിലും പിന്നിലും അലൂമിനിയം നിര്‍മിത സ്‌കിഡ് പ്ലേറ്റും ഇടംപിടിച്ചു. മുന്‍മോഡലിനെക്കാള്‍ 25 എംഎം നീളവും അധികമുണ്ട്, ഇതോടെ 3700 എംഎം ആയി ആകെ നീളം. ബോഡിക്ക് ചുറ്റും പ്ലാസ്റ്റിക്ക് ക്ലാഡിങ്ങും സ്ഥാനംപിടിച്ചു. ഇന്റഗ്രേറ്റഡ് റൂഫ് റെയില്‍, ടെയില്‍ ഗേറ്റ് സ്പോയിലര്‍, 15 ഇഞ്ച് മെഷീന്‍ കട്ട് അലോയി വീല്‍ എന്നിവ സ്പോര്‍ട്ടി ലുക്ക് വര്‍ധിപ്പിക്കും. ഏഴ് ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്മെന്റ് സിസ്റ്റമാണ് അകത്തളത്തെ ആകര്‍ഷണം. ടോപ് സ്പെക്കില്‍ മാത്രമേ ടച്ച് സ്‌ക്രീന്‍ സിസ്റ്റം ലഭിക്കു. 

KUV 100 NXT
Courtesy; Mahindra

ബേസ് വേരിയന്റ് ഉള്‍വശം ഗ്രേ കളറിലും ടോപ് വേരിയന്റ് ആള്‍ ബ്ലാക്ക് കളറിലുമാണ് അണിയിച്ചൊരുക്കിയത്. സ്റ്റാന്റേര്‍ഡായി സിക്സ് സീറ്ററാണ് വാഹനം. മുന്‍ മോഡലലില്‍ നിന്ന് മെക്കാനിക്കല്‍ ഫീച്ചേഴ്സില്‍ ഒരു മാറ്റവുമില്ല. 1.2 ലിറ്റര്‍ പെട്രോള്‍, 1.2 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ പഴയപടി തുടരും. പെട്രോള്‍ എന്‍ജിന്‍ 83 പിഎസ് പവറും 115 എന്‍എം ടോര്‍ക്കുമേകുമ്പോള്‍ ഡീസല്‍ എന്‍ജിന്‍ 78 പിഎസ് പവറും 190 എന്‍എം ടോര്‍ക്കും നല്‍കും. 5 സ്പീഡ് മാനുവലാണ് ഗിയര്‍ബോക്സ്. മാരുതി സുസുക്കി ഇഗ്‌നീസ്, ടൊയോട്ട എതിയോസ് ക്രോസ്, ഹ്യുണ്ടായി ഐ 20 ആക്ടീവ് എന്നിവയാണ് KUV 100 NXT-യുടെ മുഖ്യ എതിരാളി. 

KUV 100 NXT
Courtesy; Mahindra