കോംപാക്ട് ക്രോസ് ഓവര്‍ ശ്രേണിയില്‍ നിരത്തിലെത്തി ദിവസങ്ങള്‍ക്കകം വില്‍പനയില്‍ തകര്‍പ്പന്‍ വിജയത്തോടെ കുതിക്കുന്ന മാരുതി ഇഗ്നീസിനെ എതിരിടാന്‍ മഹീന്ദ്ര കെയുവി 100 വാര്‍ഷിക പതിപ്പ് പുറത്തിറക്കുന്നു. കഴിഞ്ഞ വര്‍ഷം ജനുവരി 15-ന് വിപണിയിലെത്തിയ കെയുവി 100 ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചാണ് മുഖം മിനുക്കി വീണ്ടും അവതരിപ്പിക്കാന്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഒരുങ്ങുന്നത്. ഇക്കാര്യത്തില്‍ ഔദ്യോഗിക അറിയിപ്പ് കമ്പനി നല്‍കിയിട്ടില്ലെങ്കിലും പരിഷ്‌കൃത പതിപ്പിന്റെ ബ്രോഷറുകള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നുണ്ട്. 

kuv 100ബ്രോഷര്‍ പ്രകാരം ഡ്യുവല്‍ ടോണ്‍ കളര്‍ സ്‌കീമിലാണ് കെയുവി 100 എത്തുക. ഫ്ലാംബോയന്റ് റെഡ്, ഡാസ്ലിംഗ് സില്‍വര്‍ എന്നീ രണ്ട് നിറങ്ങളിലാണ് വാഹനം ലഭ്യമാകുക. മെറ്റാലിക് ബ്ലാക്ക് നിറത്തിലാണ് രണ്ടിന്റെയും A,B,C പില്ലറുകളും റൂഫും. ടോപ് വേരിയന്റ് K8-ല്‍ 15 ഇഞ്ച് ഡൈനാമിക് ഡിസൈന്‍ അലോയ് വീല്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ K6, K6+ എന്നിവയില്‍ 14 ഇഞ്ച് സ്‌പൈഡര്‍ ഡിസൈന്‍ വീലാണ് ഉള്‍പ്പെടുത്തിയത്. അകത്തളത്തില്‍ തീര്‍ത്തും പുതിയ അപ്‌ഹോള്‍സ്ട്രി ഡിസൈനൊപ്പം ഓള്‍ ബ്ലാക്ക് നിറത്തിലാണ് ഡാഷ്‌ബോര്‍ഡ്. മറ്റു മാറ്റങ്ങളൊന്നും അകത്തളത്തിലില്ല. 

കെയുവി 100 വാര്‍ഷിക പതിപ്പിന്റെ അവതരണത്തോടൊപ്പം സ്‌പോര്‍ടി എക്സ്റ്റീരിയര്‍ കിറ്റ്, സ്‌പോര്‍ടി ഇന്റീരിയര്‍ കിറ്റ്, പ്രീമിയം എക്സ്റ്റീരിയര്‍ കിറ്റ്, പ്രീമിയം ഇന്റീരിയര്‍ കിറ്റ് എന്നിങ്ങനെ നാലുതരത്തിലുള്ള അക്‌സസറി കിറ്റുകളും കമ്പനി പുറത്തിറക്കും. ഈ മാസം അവസാനത്തോടെ വാര്‍ഷിക പതിപ്പ് ഓദ്യോഗികമായി അവതരിപ്പിക്കാനാണ് സാധ്യത. ഇതോടെ മാരുതി സുസുക്കി ഇഗ്നീസിനൊപ്പം കോംപാക്ട് ക്രോസ് ഓവര്‍ ശ്രേണിയില്‍ മത്സരം കടുപ്പമാകും. 

kuv 100

മെക്കാനിക്കല്‍ ഫീച്ചേഴ്‌സില്‍ മാറ്റമില്ല. 82 ബിഎച്ച്പിയും 114 എന്‍എം ടോര്‍ക്കുമുള്ള അതെ 1.2 ലിറ്റര്‍ എം ഫാല്‍ക്കണ്‍ ജി 80 എഞ്ചിനും 77 ബിഎച്ച്പിയും 190 എന്‍എം ടോര്‍ക്കുമുള്ള 1.2 ലിറ്റര്‍ എം ഫാല്‍ക്കണ്‍ ഡി 75 എഞ്ചിനുമായിരിക്കും പുത്തന്‍ കെയുവി 100-നും കരുത്തേകുക. രണ്ട് എഞ്ചിനുകളിലും 5 സ്പീഡ് മാനുവല്‍ ഗിയര്‍ ബോക്‌സാണ്.