മൈക്രോ എസ്.യു.വി ശ്രേണിയില്‍ കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ നിരത്തില്‍ അരങ്ങേറിയ മഹീന്ദ്ര കെ.യു.വി 100 വില്‍പ്പന അന്‍പതിനായിരം യൂണിറ്റ് പിന്നിട്ടു. 2016 ജനുവരി മുതല്‍ ആകെ 50288 കെയുവി 100 യൂണിറ്റുകളാണ് മഹീന്ദ്ര വിറ്റഴിച്ചത്. വേറിട്ട രൂപത്തിനൊപ്പം 5 സീറ്റര്‍, 6 സീറ്റര്‍ ഓപ്ഷന്‍ സൗകര്യം വളരെപ്പെട്ടെന്ന് ജനപ്രിയ ശ്രേണിയിലേക്ക് മഹീന്ദ്രയുടെ കുഞ്ഞന്‍ എസ്.യു.വിയെ കൊണ്ടുചെന്നെത്തിച്ചു. ഈ വര്‍ഷം തുടക്കത്തില്‍ വിലയില്‍ മാറ്റമില്ലാതെ ചെറു പരിഷ്‌കാരങ്ങളുമായി കെയുവി 100-ന്റെ ഒന്നാം വാര്‍ഷിക പതിപ്പും കമ്പനി അവതരിപ്പിച്ചിരുന്നു. 

പെട്രോള്‍-ഡീസല്‍ എഞ്ചിനുകളില്‍ K2, K4, K4+, K6, K6+, K8, K8 ഡ്യുവല്‍ ടോണ്‍ എന്നിങ്ങനെ ഏഴ് വകഭേദങ്ങളില്‍ വാഹനം ലഭ്യമാകും.1.2 ലിറ്റര്‍ VVT mFalcon പെട്രോള്‍ എഞ്ചിന്‍ 5500 ആര്‍പിഎമ്മില്‍ 82 ബിഎച്ച്പി കരുത്തും 3500 ആര്‍പിഎമ്മില്‍ 115 എന്‍എം ടോര്‍ക്കുമേകും. 1.2 ലിറ്റര്‍ CRDi mFalcon ഡീസല്‍ എഞ്ചിന്‍ 3750 ആര്‍പിഎമ്മില്‍ 77 ബിഎച്ച്പി കരുത്തും 1750-2250 ആര്‍പിഎമ്മില്‍ 190 എന്‍എം ടോര്‍ക്കും നല്‍കും. രണ്ടിലും 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനാണ്. ഡീസല്‍ പതിപ്പിന് 5.7-7.5 ലക്ഷം രൂപയും പെട്രോളിന് 4.7-6.6 ലക്ഷം രൂപയുമാണ് കോഴിക്കോട് എക്‌സ്‌ഷോറൂം വില.

KUV 100