പ്രതീകാത്മത ചിത്രം | Photo: Auto.Mahindra
രണ്ടാം വരവില്‍ നിര്‍മാതാക്കളെ പോലും ഞെട്ടിക്കുന്ന സ്വീകാര്യത ലഭിച്ച വാഹനമാണ് മഹീന്ദ്രയുടെ ഥാര്‍. വാഹനത്തിന്റെ സ്റ്റൈലിലും ഫീച്ചറുകളിലും പ്രകടനത്തിലും ആകൃഷ്ടരായ വാഹനപ്രേമികള്‍ ഈ വാഹനം സ്വന്തമാക്കാന്‍ മത്സരിച്ചെത്തുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. വാഹനത്തിന്റെ ഡിമാന്റ് ഉയര്‍ന്നതോടെ നിലവിലുള്ള രണ്ട് വേരിയന്റുകള്‍ക്ക് പുറമെ, പുതിയ ഒരു പതിപ്പ് കൂടി എത്തിക്കാനുള്ള നീക്കത്തിലാണ് മഹീന്ദ്ര എന്നാണ് സൂചന.
ഥാര്‍ നിരയിലെ അടിസ്ഥാന പതിപ്പായാണ് പുതിയ മോഡല്‍ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍, 2.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 2.2 ലിറ്റര്‍ ഡീസല്‍ എന്‍ജിനുമാണ് ഥാറിന് കരുത്തേകുന്നത്. എന്നാല്‍, അടിസ്ഥാന വേരിയന്റാകുന്ന പുതിയ പതിപ്പില്‍ 1.5 ലിറ്റര്‍ മൂന്ന് സിലണ്ടര്‍ എന്‍ജിനായിരിക്കും നല്‍കുകയെന്നാണ് വിവരം. പ്ലാറ്റ്ഫോം ഉള്‍പ്പെടെയുള്ള മറ്റ് മെക്കാനിക്കല്‍ ഫീച്ചറുകളെല്ലാം നിലവില്‍ നിരത്തുകളില്‍ ഉള്ള ഥാറിലേത് ആയിരിക്കും.
1.5 ലിറ്റര്‍ എന്‍ജിനൊപ്പം ഓട്ടോമാറ്റിക്, മാനുവല്‍ ഗിയര്‍ബോക്സുകള്‍ ട്രാന്സ്മിഷന് ഒരുക്കുയേക്കുമെന്നാണ് വിവരം. അതേസമയം, മറ്റ് മോഡലുകളില്‍ നല്‍കിയിട്ടുള്ള ഫോര്‍ വീല്‍ ഡ്രൈവ് സംവിധാനം ഈ പതിപ്പില്‍ ഉണ്ടാകില്ല. വാഹനത്തിന്റെ ആകെ ഭാരത്തില്‍ റെഗുലര്‍ പതിപ്പിനെക്കാള്‍ 100 കിലോ കുറഞ്ഞാണ് പുതിയ ഥാറിന്റെ വരവ്. നിലവില്‍ നിരത്തുകളില്‍ ഉള്ള ഥാറില്‍ നല്‍കിയിട്ടുള്ളതിനെക്കാള്‍ വലിപ്പം കുറഞ്ഞ ടയറായിരിക്കും ഇതില്‍ നല്‍കുക.
ചെറിയ ഥാര്‍ അണിയറയില്‍ ഒരുങ്ങുന്നത് പോലെ ഥാറിന്റെ ഫൈവ് ഡോര്‍ മോഡലും മഹീന്ദ്രയുടെ പരിഗണനയിലുണ്ടാണ് സൂചന. ഈ വാഹനത്തിനുള്ള അംഗീകാരം നിര്‍മാതാക്കള്‍ നേടിയിട്ടുണ്ട്. ബൊലോറോയിക്ക് സമാനമായ ബോഡിയായിരിക്കും ഫൈവ് ഡോര്‍ ഥാറില്‍ നല്‍കുന്നത്. കൂടുതല്‍ വീല്‍ബേസ്, ഉയര്‍ന്ന ക്യാബിന് സ്പേസ് എന്നിവയായിരിക്കും ഈ വാഹനത്തിന്റെ പുതുമ. കൂടുതല്‍ കരുത്തുറ്റ ടര്‍ബോ പെട്രോള്‍ എന്ജിന് ഇതില്‍ നല്‍കും.
2.0 ലിറ്റര്‍ എംസ്റ്റാലിന്‍ പെട്രോള്‍, 2.2 ലിറ്റര്‍ എംഹോക്ക് ഡീസല്‍ എന്‍ജിനുകളാണ് നിലവില്‍ മഹീന്ദ്ര ഥാറില്‍ പ്രവര്‍ത്തിക്കുന്നത്. 2.0 ലിറ്റര്‍ പെട്രോള്‍ എന്ജിന് 150 ബി.എച്ച്.പി. പവറും 320 എന്‍.എം. ടോര്‍ക്കും, 2.2 ലിറ്റര്‍ ഡീസല്‍ എന്ജിന് 130 ബി.എച്ച്.പി. പവറും 300 എന്‍.എം ടോര്‍ക്കുമേകും. മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്സുകളാണ് ഥാറില്‍ ട്രാന്സ്മിഷന് ഒരുക്കുന്നത്. കാര്യക്ഷമമായ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ഫീച്ചറുകളും ഥാറിന്റെ ഹൈലൈറ്റാണ്.
Source: Team BHP
Content Highlights: Mahindra Is Planning To Develop Base Variant Of Thar SUV
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..