മഹീന്ദ്ര XUV400 ഇലക്ട്രിക് | Photo: Mahindra
വൈദ്യുതവാഹന മേഖലയില്‍ 10,000 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ച് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര. ഇതിന്റെ ഭാഗമായി മഹാരാഷ്ട്രയിലെ പുണെയില്‍ നിര്‍മാണശാല സ്ഥാപിക്കും. നിര്‍മാണകേന്ദ്രത്തിനും അതിന്റെ വികസനത്തിനും കമ്പനി പുറത്തിറക്കാനിരിക്കുന്ന വൈദ്യുതവാഹനങ്ങളുടെ ഉത്പാദനത്തിനുമായി ഏഴു മുതല്‍ എട്ടുവര്‍ഷം കൊണ്ടാകും തുക നിക്ഷേപിക്കുകയെന്ന് കമ്പനി അറിയിച്ചു. വൈദ്യുത വാഹനമേഖലയ്ക്കുള്ള വ്യവസായ പ്രോത്സാഹന പദ്ധതി പ്രകാരം മഹാരാഷ്ട്ര സര്‍ക്കാര്‍ നിക്ഷേപത്തിന് അനുമതി നല്‍കിയിട്ടുണ്ട്.
ബി.ഇ. എന്ന ബ്രാന്‍ഡിന് കീഴിലായിരിക്കും മഹീന്ദ്രയുടെ ഇലക്ട്രിക് വാഹനങ്ങള്‍ ഒരുങ്ങുകയെന്നാണ് സൂചന. ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന രാജ്യത്തിന്റെ നയത്തിന്റെ ഭാഗമായി മഹീന്ദ്ര ഇലക്ട്രിക് വാഹന പദ്ധതിക്ക് മഹാരാഷ്ട്ര സര്‍ക്കാര്‍ പൂര്‍ണ പിന്തുണ ഉറപ്പുനല്‍കിയിട്ടുണ്ട്. ഇവിടെ ഇലക്ട്രിക് വാഹന നിര്‍മാണശാല ഒരുക്കുന്നതിനുള്ള അനുമതിയും നല്‍കിയിട്ടുണ്ട്. മഹാരാഷ്ട്രയെ ഇന്ത്യയുടെ ഇലക്ട്രിക് വാഹന ഹബ്ബാക്കി മാറ്റനാണ് മഹീന്ദ്രയുടെ പദ്ധതിയെന്നാണ് കമ്പനി അഭിപ്രായപ്പെടുന്നത്.
മഹീന്ദ്രയുടെ ഇലക്ട്രിക് വാഹന നിര്‍മാണ കമ്പനിയിലേക്ക് ബ്രിട്ടീഷ് സര്‍ക്കാരിന്റെ നിക്ഷേപക സ്ഥാപനമായ ബ്രിട്ടീഷ് ഇന്റര്‍നാഷണല്‍ ഇന്‍വെസ്റ്റ്‌മെന്റ് (ബി.ഐ.ഐ) 1,925 കോടി രൂപയുടെ നിക്ഷേപം നടത്തുന്നുവെന്ന റിപ്പോര്‍ട്ട് മുമ്പ് പുറത്തുവന്നിരുന്നു. ഇതുവഴി ബി.ഐ.ഐയ്ക്ക് ഇലക്ട്രിക് വാഹനങ്ങള്‍ക്കായി മഹീന്ദ്ര ഒരുക്കുന്ന കമ്പനിയുടെ 2.75 ശതമാനം മുതല്‍ 4.76 ശതമാനം വരെ ഓഹരി പങ്കാളിത്തം ലഭിക്കുമെന്നായിരുന്നു വിലയിരുത്തലുകള്‍. ബി.ഐ.ഐക്ക് പുറമെ, മറ്റ് കമ്പനികളെയും നിക്ഷേപത്തിനായി തേടുമെന്നും അറിയിച്ചിരുന്നു.
2027-ഓടെ മഹീന്ദ്രയുടെ രണ്ട് ഇലക്ട്രിക് വാഹനങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പനയ്ക്ക് എത്തിക്കുമെന്നാണ് നിര്‍മാതാക്കള്‍ ഉറപ്പുനല്‍കിയിട്ടുള്ളത്. ഇതുവഴി രാജ്യത്തെ ഇലക്ട്രിക് വാഹന വിപണിയില്‍ 20 മുതല്‍ 30 ശതമാനം വരെ ഓഹരി സ്വന്തമാക്കാനാണ് മഹീന്ദ്രയുടെ ശ്രമം. മഹീന്ദ്രയില്‍ എത്തുന്ന ബ്രിട്ടീഷ് നിക്ഷേപത്തിന്റെ ആദ്യഘട്ടം 2023 ജൂണ്‍ മാസത്തിന് മുമ്പായി പൂര്‍ത്തിയാകും. പ്രാഥമിക ഘട്ടത്തില്‍ 1,200 കോടി രൂപയും രണ്ടാം ഘട്ടത്തില്‍ 725 കോടി രൂപയുമാണ് നിക്ഷേപിക്കുകയെന്നും വിവരമുണ്ട്.
അടുത്ത ഏഴ് വര്‍ഷത്തിനുള്ളില്‍ 16 ഇലക്ട്രിക് വാഹനങ്ങളാണ് മഹീന്ദ്ര ഇന്ത്യന്‍ നിരത്തുകള്‍ക്കായി ഉറപ്പുനല്‍കിയിട്ടുള്ളത്. ഇതിന്റെ ആദ്യ ചുവടുവെപ്പായാണ് മഹീന്ദ്രയുടെ എക്‌സ്.യു.വി. 400 വിപണിയില്‍ എത്തിയത്. ഈ വാഹനം ഉള്‍പ്പെടുന്ന ശ്രേണിയില്‍ തന്നെ ഏറ്റവുമധികം റേഞ്ച് ഉറപ്പാക്കുന്ന വാഹനമായാണ് ഈ മോഡല്‍ എത്തിയിരിക്കുന്നത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 456 കിലോമീറ്റര്‍ റേഞ്ചാണ് ലഭിക്കുന്നത്. 148 ബി.എച്ച്.പി. പവറും 310 എന്‍.എം. ടോര്‍ക്കുമേകുന്ന ഇലക്ട്രിക് മോട്ടോറാണ് ഇതില്‍ നല്‍കുന്നത്.
Content Highlights: Mahindra invest 10,000 crore rupees for electric vehicle development, Mahindra Electric, XUV400
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..