മഹീന്ദ്ര ഥാർ | Photo: Mahindra
മഹീന്ദ്ര ഉറപ്പു നല്‍കിയിരുന്നത് പോലെ ലൈഫ് സ്റ്റൈല്‍ എസ്.യു.വിയായ ഥാറിന്റെ റിയര്‍ വീല്‍ ഡ്രൈവ് വകഭേദം ഇന്ത്യയില്‍ അവതരിപ്പിച്ചു. പെട്രോള്‍ ഡീസല്‍ എന്ജിന് ഓപ്ഷനുകളില്‍ എത്തിയിട്ടുള്ള ഈ വാഹനത്തിന് 9.99 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില. ഫോര്‍ വീല്‍ ഡ്രൈവ് പതിപ്പില്‍ നല്‍കിയിട്ടുള്ള ഡീസല്‍ എന്‍ജിനെക്കാള്‍ കരുത്ത് കുറഞ്ഞ എന്‍ജിനാണ് റിയര്‍ വീല്‍ ഡ്രൈവ് പതിപ്പില്‍ നല്കിയിട്ടുള്ളതെന്നതാണ് ഈ വാഹനത്തിലെ മാറ്റങ്ങളില്‍ പ്രധാനം.
മഹീന്ദ്രയുടെ ഡി117 സി.ആര്.ഡി.ഇ. 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ് ഥാറിന്റെ റിയര്‍ വീല്‍ ഡ്രൈവ് പതിപ്പില്‍ നല്‍കിയിട്ടുള്ളത്. ഈ എന്ജിന് 117 ബി.എച്ച്.പി. പവറും 300 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് മാനുവലാണ് ഇതിലെ ട്രാന്സ്മിഷന്. അതേസമയം, പെട്രോള്‍ എന്‍ജിനില്‍ മാറ്റം വരുത്തിയിട്ടില്ല. 150 ബി.എച്ച്.പി. പവറും 320 എന്‍.എം. ടോര്‍ക്കുമേകുന്ന എം.സ്റ്റാലിന് പെട്രോള്‍ എന്‍ജിനാണ് റിയര്‍ വീല്‍ ഡ്രൈവ് മോഡലിലും നല്‍കിയിട്ടുള്ളത്.

ഥാഫിന്റെ ഫോര്‍ വീല്‍ ഡ്രൈവ് മോഡലിലും ഏതാനും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഇലക്ട്രോണിക് ബ്രേക്ക് ലോക്കിങ്ങ് ഡിഫറന്ഷ്യലാണ് ഇതിലെ പ്രധാന പുതുമ. ഓഫ് റോഡ് ഡ്രൈവുകളില്‍ താഴ്ന്ന ട്രാക്ഷന്‍ സാഹചര്യങ്ങളെ അനായാസം കൈകാര്യം ചെയ്യാന്‍ സാധിക്കും. എന്നാല്‍, ഈ വാഹനത്തിലെ പവര്‍ ട്രെയിനുകളില്‍ മാറ്റം വരുത്തിയിട്ടില്ല. 2.2 ലിറ്റര്‍ എംഹോക്ക് ഡീസല്‍ എന്‍ജിനും 2.0 ലിറ്റര്‍ എംസ്റ്റാലിന്‍ പെട്രോള്‍ എന്‍ജിനുമാണ് വാഹനത്തില്‍ നല്‍കിയിട്ടുള്ളത്.
ഥാറിന്റെ മുന്‍ മോഡലുകളില്‍നിന്ന് വ്യത്യസ്തമായി ബ്ലേസിങ്ങ് ബ്രോണ്‍സ്, എവറസ്റ്റ് വൈറ്റ് എന്നീ രണ്ട് നിറങ്ങളിലും ഈ വാഹനം എത്തുന്നുണ്ട്. ഹാര്‍ഡ് ടോപ്പ് പതിപ്പില്‍ മാത്രമാണ് റിയര്‍ വീല്‍ ഡ്രൈവ് മോഡല്‍ ഒരുങ്ങുന്നത്. വാഹനം കൂടുതല്‍ സ്റ്റൈലിഷും സൗകര്യപ്രദവും ആക്കുന്നതിനായി പുതിയ ആക്സസറി പാക്കുകളും പുതിയ ഥാറിനൊപ്പം എത്തിയിട്ടുണ്ട്. മുന്നിലേയും പിന്നിലേയും ആംറെസ്റ്റുകളാണ് ആക്സസറി പാക്കുകളില്‍ പ്രധാനം.

അടിസ്ഥാന മോഡലായ എ.എക്സ്. (ഓപ്ഷണല്‍) ഡീസല്‍ മാനുവലിനാണ് 9.99 ലക്ഷം രൂപ. എല്‍.എക്സ്. ഡീസല്‍ മാനുവല്‍ മോഡലിന് 10.99 ലക്ഷം രൂപയും എല്‍.എംക്സ്. പെട്രോള്‍ ഓട്ടോമാറ്റിക്കിന് 13.49 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില വരുന്നത്. എന്നാല്‍, ഇത് പ്രാരംഭവില മാത്രമാണെന്നും ആദ്യം ബുക്കു ചെയ്യുന്ന 10,000 പേര്‍ക്ക് മാത്രമായിരിക്കും ഈ വിലയില്‍ വാഹനം ലഭ്യമാക്കുകയെന്നുമാണ് മഹീന്ദ്ര അറിയിച്ചിരിക്കുന്നത്. ജനുവരി 14 മുതല്‍ വാഹനം വിപണിയില്‍ എത്തും.
Content Highlights: Mahindra introduces a new range of the Thar starting at INR 9.99 Lakh
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..