മഹീന്ദ്ര റോക്സർ | Photo: Cartoq
റോക്സര്‍ എന്ന ഓഫ് റോഡ് വാഹനത്തിന്റെ പിറവിയോടെ മഹീന്ദ്രയും എഫ്.സി.എയും തമ്മില്‍ ഉടലെടുത്ത ശീതയുദ്ധം വളരെ പ്രസിദ്ധമാണ്. മഹീന്ദ്ര ഡിസൈന്‍ കോപ്പയടിച്ചെന്നായിരുന്നു എഫ്.സി.എയുടെ ആരോപണം. ഒടുവില്‍ അവരുടെ വാദം ജയിക്കുകയും ചെയ്തു. എന്നാല്‍, അങ്ങനെ തോറ്റ് പിന്മാറില്ലെന്ന തീരുമാനത്തില്‍ പുത്തന്‍ മുഖവുമായി എത്തുകയാണ് മഹീന്ദ്ര റോക്സര്‍.
പൂര്‍ണമായും അഴിച്ചുപണിത ഡിസൈനിലാണ് റോക്സര്‍ മടങ്ങിയെത്താനൊരുങ്ങുന്നത്. പുതിയ മുഖഭാവത്തിലുള്ള റോക്സറിന്റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം നവമാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. ബോക്സി രൂപ ഭാവത്തില്‍ പുതിയ ഡിസൈനില്‍ ഒരുങ്ങിയിട്ടുള്ള ഗ്രില്ലും മുന്‍ മോഡലിനെക്കാള്‍ വീതിയുള്ള ബോണറ്റുമാണ് മഹീന്ദ്ര റോകസ്ര് ഓഫ് റോഡിന്റെ രണ്ടാം വരവിലെ ഹൈലൈറ്റ്.
പുതിയ മോഡലിലേക്ക് വന്നതോടെ ഈ വാഹനത്തിലെ വീല്‍ ആര്‍ച്ചുകള്‍ അപ്രത്യക്ഷമായിട്ടുണ്ട്. മുന്നിലെ ടയറും സസ്പെന്‍ഷനും കൂടുതല്‍ വെളിപ്പെടുത്തുന്ന വളരെ ചെറിയ ബംമ്പറാണ് ഇതില്‍ നല്‍കിയിട്ടുള്ളത്. ഹെഡ്ലൈറ്റുകള് മുന്‍തലമുറ റോക്സറിലേതിന് സമാനമായി വൃത്താകൃതിയിലാണ്. എന്നാല്‍, അത് എല്‍ഇഡി ആയിട്ടുണ്ടെന്നാണ് സൂചന. ബോഡിയില്‍ കാര്യമായ മാറ്റം വരുത്തിയിട്ടില്ല.
പുറം മോടിയില്‍ അഴിച്ചുപണി നടത്തിയെങ്കിലും ഇന്റീരിയറിലും മറ്റും കാര്യമായ മാറ്റം വരുത്തിയിട്ടില്ലെന്നാണ് സൂചനകള്‍. സ്റ്റീലിലില് തീര്‍ത്തിരിക്കുന്ന ഡാഷ്ബോര്‍ഡ്, ഹെവി ഡ്യൂട്ടി വിഞ്ചസ്, ലൈറ്റ് ബാര്‍സ്, ഓഫ് റോഡ് വീല്‍സ് തുടങ്ങിയ ആക്സസറികളും വാഹനത്തിലുണ്ട്. ഓഫ് റോഡ് വാഹനമായതിനാല്‍ തന്നെ മുന്നില്‍ രണ്ട് ക്യാപ്റ്റന്‍ സീറ്റുകളാണ് നല്‍കിയിട്ടുള്ളത്.
2.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബോ ഡീസല്‍ എന്‍ജിനാണ് റോക്സറിന് കരുത്തേകുന്നത്. ഇത് 62 ബിഎച്ച്പി കരുത്തും 195 എന്‍എം ടോര്‍ക്കുമേകും. 5 സ്പീഡ് മാനുവലാണ് ഗിയര്‍ബോക്സ്. മണിക്കൂറില്‍ 72 കിലോമീറ്ററാണ് ഈ ഓഫ് റോഡറിന്റെ പരമാവധി വേഗത. 148 ഇഞ്ച് നീളവും 62 ഇഞ്ച് വീതിയും 75 ഇഞ്ച് ഉയരവും 96 ഇഞ്ച് വീല്‍ബേസുമാണ് വാഹനത്തിനുള്ളത്.
മഹീന്ദ്രയുടെ മിഷിഗണിലെ നിര്‍മാണ കേന്ദ്രത്തിലാണ് റോക്സറിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. മഹീന്ദ്ര നോര്‍ത്ത് അമേരിക്ക എന്ന ബ്രാന്‍ഡിന് കീഴിലാണ് ഓഫ് റോഡര്‍ വിപണിയിലെത്തുന്നത്.
Content Highlights; Mahindra Has Re Designed The Roxer Off Roader
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..