മഹീന്ദ്ര ഥാർ | Photo: Twitter|Mahindra Thar
മഹീന്ദ്രയുടെ പുതുതലമുറ ഥാര്‍ വിപണിയില്‍ അവതരിപ്പിക്കുന്നതിന് തൊട്ടുമുമ്പാണ് കോവിഡ് ഫണ്ടിലേക്ക് പണം കണ്ടെത്തുന്നതിനായി ഥാറിന്റെ ആദ്യ യൂണിറ്റ് ലേലത്തില്‍ വെച്ചത്. അഞ്ച് ദിവസം നീണ്ടുനിന്ന ഓണ്‍ലൈന്‍ ലേലത്തില്‍ ഇന്ത്യയിലെ 500 പ്രദേശങ്ങളില്‍ നിന്നായി 5500 ആളുകള്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. ഒടുവില്‍ ലക്ഷങ്ങളും കടന്ന് കോടി രൂപയ്ക്കാണ് ഥാര്‍ ലേലം ചെയ്തത്.
ലേലത്തിന്റെ അവസാന സമയത്ത് ഡല്‍ഹി സ്വദേശിയായ ആകാശ് മിന്‍ഡ എന്നയാളാണ് 1.11 കോടി രൂപയ്ക്ക് ഥാര്‍ നമ്പര്‍ വണ്‍ സ്വന്തമാക്കിയത്. ഒക്ടോബര്‍ രണ്ടിന് ഥാറിന്റെ അവതരണ വേളയിലാണ് വിജയിലെ പ്രഖ്യാപിച്ചത്. എന്നാല്‍, കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തിന് ഥാറിന്റെ ആദ്യ യൂണിറ്റ് കൈമാറിയത്. മിന്‍ഡ കോര്പറേഷന് എന്ന സ്ഥാപനത്തിന്റെ സി.ഇ.ഒ ആണ് ആകാശ്.
ഥാറിന്റെ എല്‍.എക്സ് വേരിയന്റിലുള്ള പെട്രോള്‍ എന്ജിന് ഓട്ടോമാറ്റിക് ട്രാന്സ്മിഷന് മോഡലാണ് അദ്ദേഹത്തിന് നല്‍കിയത്. മിസ്റ്റിക് കോപ്പര്‍ എന്ന പുതിയ ഫിനീഷിങ്ങാണ് ഈ വാഹനത്തില്‍ നല്‍കിയിട്ടുള്ളത്. ആകാശിന്റെ ഇഷ്ടം അറിഞ്ഞാണ് അദ്ദേഹത്തിനുള്ള ആദ്യ യൂണിറ്റ് മഹീന്ദ്ര ഒരുക്കിയതെന്നാണ് വിവരം. മഹീന്ദ്രയുടെ സീനിയര്‍ വൈസ് പ്രസിഡന്റ് സതീന്ദര്‍ ബജ്വയാണ് വാഹനം കൈമാറിയത്.
റെഗുലര്‍ വാഹനത്തെക്കാള്‍ ഉപരി നിരവധി കസ്റ്റമൈസേഷനുകള്‍ വരുത്തിയാണ് ഥാറിന്റെ ആദ്യ യൂണിറ്റ് എത്തിച്ചിരിക്കുന്നത്. ഥാര്‍ നമ്പര്‍ വണ്‍ ബാഡ്ജിങ്ങ്, ഉടമയുടെ പേരിന്റ ആദ്യ അക്ഷരങ്ങളായ എ.എം എന്ന ആലേഖനം ചെയ്തിരിക്കുന്നതിനൊപ്പം ഒന്ന് എന്ന സീരിയല്‍ നമ്പറും വാഹനത്തിന്റെ ഡാഷ്ബോര്‍ഡിലും സീറ്റിലുമായി രേഖപ്പെടുത്തിയിട്ടുണ്ട്.
രാജ്യത്തിന്റെ കോവിഡ് ഫണ്ടിലേക്ക് പണം സമാഹരിക്കുന്നതിനായാണ് ഥാറിന്റെ ആദ്യ യൂണിറ്റ് ലേലത്തില്‍ വയ്ക്കാന്‍ മഹീന്ദ്ര തീരുമാനിച്ചത്. ലേലത്തില്‍ ലഭിക്കുന്ന പണത്തിന് തുല്യമായി സഖ്യ മഹീന്ദ്രയും നല്‍കുമെന്നായിരുന്നു അറിയിച്ചിരുന്നത്. 1.11 കോടി രൂപ ലേലത്തില്‍ ലഭിച്ചതോടെ പി.എം കെയേഴ്സ് ഉള്‍പ്പെടെയുള്ള ഫണ്ടുകളിലേക്കായി 2.22 കോടി രൂപയാണ് ലഭിക്കുക.
Content Highlights: Mahindra Handed Over Thar Number One To Auction Winner Akash Minda
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..