പാരാലിമ്പിക്‌സില്‍ ഇന്ത്യയുടെ അഭിമാനം വാനോളം ഉയര്‍ത്തിയ താരങ്ങളെ ആദരിക്കുന്നതിനായി ഇന്ത്യയിലെ ഏറ്റവും വലിയ എസ്.യു.വി. നിര്‍മാതാക്കളായ മഹീന്ദ്ര പ്രഖ്യാപിച്ചിരുന്ന എസ്.യു.വി. 700 എസ്.യു.വിയുടെ പ്രത്യേക പതിപ്പ് താരങ്ങള്‍ക്ക് കൈമാറി തുടങ്ങി. ഇതിന്റെ ആദ്യഘട്ടമെന്നോണം പാരാലിമ്പിക്‌സ് ജാവലിന്‍ ത്രോയില്‍ ഇന്ത്യക്കായി സ്വര്‍ണ മെഡല്‍ സ്വന്തമാക്കിയ സുമിത് ആന്റിലിന് എക്‌സ്.യു.വി. 700 ജാവലിൻ എഡിഷന്‍ കൈമാറി.

പാരാലിമ്പിക്‌സിലെ താരങ്ങള്‍ക്ക് സമ്മാനിക്കുന്നതിനായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത വാഹനമാണ് മഹീന്ദ്ര ഒരുക്കിയിട്ടുള്ളത്. ടാറ്റ ഗ്രൂപ്പില്‍ നിന്ന് അടുത്തിടെ മഹീന്ദ്രയില്‍ എത്തിയ പ്രതാപ് ബോസാണ് താരങ്ങള്‍ക്കായി ഒരുക്കിയിട്ടുള്ള എക്‌സ്.യു.വി.700 ജാവലിന്‍ എഡിഷന്‍ വാഹനങ്ങളുടെ ഡിസൈന്‍ ഒരുക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ബ്ലാക്ക് നിറത്തിലുള്ള വാഹനത്തില്‍ ഗോള്‍ഡന്‍ ആക്‌സെന്റുകള്‍ നല്‍കിയാണ് ഈ വാഹനം അലങ്കരിച്ചിട്ടുള്ളത്. 

റെഗുലര്‍ മോഡലില്‍ ക്രോമിയം നല്‍കി അലങ്കരിച്ചിട്ടുള്ള ഭാഗങ്ങളിലാണ് ഗോള്‍ഡന്‍ ആക്‌സെന്റുകള്‍ നല്‍കിയിട്ടുള്ളത്. മഹീന്ദ്രയുടെ പുതിയ ലോഗോയും ഗോള്‍ഡന്‍ നിറത്തിലാണ് നല്‍കിയിട്ടുള്ളത്. ഇതിനൊപ്പം സുമിത് നേടിയിട്ടുള്ള 68.55 മീറ്റര്‍ റെക്കോഡ് വാഹനത്തിന്റെ ഫെന്‍ഡറിലും ടെയ്ല്‍ഗേറ്റിലും ബാഡ്ജിങ്ങായി നല്‍കിയിട്ടുണ്ട്. വാഹനത്തിന്റെ അകത്തളത്തിലെ ആറ് ഹെഡ് റെസ്റ്റുകളിലും ഈ നമ്പര്‍ ആലേഖനം ചെയ്താണ് ജാവലിന്‍ എഡിഷന്‍ എത്തിയത്.

പാരാലിമ്പിക്‌സില്‍ ഇന്ത്യ മികച്ച നേട്ടമുണ്ടാക്കിയതിന് പിന്നാലെ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഗ്രൂപ്പ് മേധാവി ആനന്ദ് മഹീന്ദ്രയാണ് ഈ താരങ്ങള്‍ക്ക് മഹീന്ദ്രയുടെ ഏറ്റവും പുതിയ എസ്.യു.വിയായ എക്‌സ്.യു.വി. 700 സമ്മാനമായി നല്‍കുമെന്ന് പ്രഖ്യാപിച്ചത്. ഇതിന്റെ ഭാഗമായി ജാവലിന്‍ ത്രോ താരങ്ങളായ നീരജ് ചോപ്ര, സുമതി ആന്റില്‍ എന്നിവര്‍ക്കും ഷൂട്ടിങ്ങ് താരമായ ആവനി ലേഖ്‌റയ്ക്കുമാണ് മഹീന്ദ്ര എക്‌സ്.യു.വി.700 നല്‍കുമെന്ന് അറിയിച്ചിരുന്നത്. 

മഹീന്ദ്രയില്‍ നിന്ന് ഏറ്റവുമൊടുവില്‍ വിപണിയില്‍ എത്തിയ വാഹനമാണ് എക്‌സ്.യു.വി.700 എസ്.യു.വി. അവതരിപ്പിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ 50000 ബുക്കിങ്ങുകളാണ് ഈ വാഹനത്തിന് ലഭിച്ചിട്ടുള്ളത്. ഇതിനോടകം 65,000 ആളുകളാണ് ഈ വാഹനം ബുക്കുചെയ്ത് കാത്തിരിക്കുന്നത്. എക്‌സ്.യു.വി.700 പെട്രോള്‍ മോഡലുകളുടെ വിതരണം കഴിഞ്ഞ ദിവസം ആരംഭിച്ചെങ്കിലും ഡീസല്‍ മോഡലിന് ഇനിയും കാത്തിരിക്കണം.

Content Highlights; Mahindra Gifted XUV700 Javelin Gold Edition To Paralympian Sumit Antil