2021-ന്റെ തുടക്കത്തില്‍ തന്നെ വാഹനലോകത്തുനിന്ന് വന്ന ഏറ്റവും പ്രധാനപ്പെട്ട വാര്‍ത്തകളിലൊന്നാണ് മഹീന്ദ്രയും ഫോര്‍ഡും തമ്മില്‍ പ്രഖ്യാപിച്ചിരുന്ന സഖ്യം പിരിയുന്നുവെന്നത്. ഇരുകമ്പനികളും സ്വതന്ത്രമായി പ്രവര്‍ത്തനം തുടരുമെന്നാണ് അറിയിച്ചിരുന്നത്. കൂട്ടുകെട്ട് പിരിയുന്നതിനെ തുടര്‍ന്ന് മഹീന്ദ്രയും ഫോര്‍ഡും സംയുക്തമായി ആരംഭിച്ചതും പ്രഖ്യാപിച്ചതുമായ പ്രോജക്ടുകള്‍ നിര്‍ത്തിവയ്ക്കുകയാണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.

മഹീന്ദ്രയുമായുള്ള സഖ്യത്തിന് ഫോര്‍ഡ് പുതിയ കരാര്‍ തയാറാക്കുമെന്നും, അല്ലെങ്കിലും നിലവിലുള്ള കരാര്‍ പൂര്‍ണമായും റദ്ദാക്കി സഖ്യം ഉപേക്ഷിക്കുകയോ ചെയ്യുമെന്നാണ് സൂചനകള്‍. ഒരു മാസത്തിനുള്ളില്‍ ഇത് സംബന്ധിച്ച കൃത്യമായ തീരുമാനം എടുത്തേക്കും. ഫോര്‍ഡിന്റെ സാങ്കേതികവിദ്യകള്‍ മഹീന്ദ്രയുടെ വാഹനങ്ങളില്‍ ഉപയോഗിക്കാനും മഹീന്ദ്രയുടെ ഇന്ത്യയിലെ നെറ്റ്‌വര്‍ക്ക് ഫോര്‍ഡിന് ഉപയോഗപ്പെടുത്തുകയുമായിരുന്നു കൂട്ടുകെട്ടിന്റെ ലക്ഷ്യം.

ഫോര്‍ഡുമായുള്ള സഹകരണത്തിലൂടെ ഈ കമ്പനിക്ക് വേരോട്ടമുള്ള രാജ്യങ്ങളിലേക്ക് മഹീന്ദ്രയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതും ഈ കൂട്ടുകെട്ടിന്റെ ലക്ഷ്യങ്ങളിലൊന്നായിരുന്നു. കോവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ ആഗോള സാമ്പത്തിക രംഗങ്ങളിലും വ്യവസായ സാഹചര്യത്തിലും സംഭവിച്ച മാറ്റങ്ങളെ തുടര്‍ന്നാണ് ഫോര്‍ഡ്-മഹീന്ദ്ര സംയുക്ത സംരംഭം നിര്‍ത്തി വയ്ക്കാന്‍ തീരുമാനിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

2017-ലാണ് മഹീന്ദ്രയും-ഫോര്‍ഡും ഒന്നിക്കുന്നുവെന്ന പ്രഖ്യാപനം വരുന്നത്. എന്നാല്‍, രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം 2019 ഒക്ടോബറിലാണ് ഇരു കമ്പനികളും സംയുക്ത സംരംഭവുമായി ബന്ധപ്പെട്ട കരാറില്‍ ഒപ്പ് വയ്ക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷം പുതിയ കമ്പനി സംബന്ധിച്ച നിരവധി ചര്‍ച്ചകള്‍ നടന്നിരുന്നു. എന്നാല്‍, ഇത് സംബന്ധിച്ച് വ്യക്തമായ തീരുമാനങ്ങള്‍ പുറത്തുവന്നിരുന്നില്ല. ജനുവരി ആദ്യം ഇരു കമ്പനികളും സഖ്യം പിന്‍വലിക്കുകയായിരുന്നു.

പുറത്തുവന്ന റിപ്പോര്‍ട്ട് അനുസരിച്ച് ഫോര്‍ഡിന്റെ സാങ്കേതികവിദ്യകള്‍ മഹീന്ദ്രയുമായി പങ്കുവയ്ക്കുമെന്നായിരുന്നു ധാരണ. ഫോര്‍ഡ്-മഹീന്ദ്ര കൂട്ടുകെട്ടില്‍ ആരംഭിക്കുന്ന പുതിയ കമ്പനിയില്‍ 51 ശതമാനം ഓഹരി മഹീന്ദ്രയ്ക്കും 49 ശതമാനം ഫോര്‍ഡിനുമായിരിക്കും എന്നായിരുന്നു ഇരുകമ്പനികളും തമ്മിലുള്ള ധാരണ. ഫോര്‍ഡിന്റെ ആസ്തികളും ജീവനക്കാരും പുതിയ കമ്പനിയുടെ ഭാഗമാകുമെന്നും സൂചനയുണ്ടായിരുന്നു.

Source: ET Auto

Content Highlights: Mahindra-Ford Joint Projects Put On Hold