ഹീന്ദ്രയുടെ വാഹനനിരയിലെ ഏറ്റവും കുഞ്ഞന്‍ മോഡലാണ് കെ.യു.വി.100 NXT. തുടക്കത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും പിന്നീട് വില്‍പ്പനയില്‍ ഈ വാഹനം പിന്നിലായിരുന്നു. ഇതോടെ, കെ.യു.വി.100 ഉള്‍പ്പെടെ ആഭ്യന്തര വിപണിയില്‍ കാര്യക്ഷമായ വില്‍പ്പന നേട്ടമുണ്ടാക്കാത്ത വാഹനങ്ങളുടെ ഉത്പാദനം മഹീന്ദ്ര അവസാനിപ്പിക്കുകയാണെന്ന് അഭ്യഹങ്ങള്‍ ഉയര്‍ന്നിരുന്നു.

എന്നാല്‍, ഈ റിപ്പോര്‍ട്ടുകളെ തള്ളി മഹീന്ദ്ര തന്നെ രംഗത്തെത്തിയിരിക്കുകയാണ്. വിദേശ നിരത്തുകളില്‍ ഇപ്പോഴും മികച്ച ഡിമാന്റുള്ള വാഹനമാണ് കെ.യു.വി.100. അതുകൊണ്ടുതന്നെ ഈ വാഹനത്തിന്റെ ഉത്പാദനം നിര്‍ത്തുന്നത് പരിഗണനയിലില്ലെന്നാന്ന് മഹീന്ദ്ര അറിയിച്ചിട്ടുള്ളത്. ആഭ്യന്തര വിപണിക്കൊപ്പം കൂടുതല്‍ വിദേശ രാജ്യങ്ങളിലേക്ക് ഈ വാഹനം കയറ്റുമതി ചെയ്യുമെന്നും മഹീന്ദ്ര അറിയിച്ചു.

ആഭ്യന്തര വിപണിയില്‍ ഈ വാഹനത്തിന്റെ വില്‍പ്പന മന്ദഗതിയിലാണെന്നത് മഹീന്ദ്രയും അംഗീകരിക്കുന്നുണ്ട്. അതുകൊണ്ടാണ് കയറ്റുമതിക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന പദ്ധതികളാണ് ഒരുക്കുന്നത്. അയല്‍ രാജ്യങ്ങള്‍ക്ക് പുറമെ, ആഫ്രിക്കന്‍ രാജ്യങ്ങള്‍, ചിലി, എതാനും യൂറോപ്യന്‍ രാജ്യങ്ങള്‍ തുടങ്ങിയവയിലേക്കാണ് കെ.യു.വി.100 കയറ്റുമതി ചെയ്യുന്നത് പരിഗണിക്കുന്നത്. 

വിദേശ വിപണിയിലെ കെ.യു.വിയുടെ പ്രവര്‍ത്തനത്തില്‍ മഹീന്ദ്ര സന്തുഷ്ടരാണ്. അതുകൊണ്ടുതന്നെ ഇന്ത്യയുടെ അയല്‍രാജ്യങ്ങള്‍ക്ക് പുറമെ, സൗത്ത് ആഫ്രിക്ക, യൂറോപ്പ്, ചിലി, നോര്‍ത്ത് ആഫ്രിക്ക തുടങ്ങിയ വിദേശ വിപണികളിലേക്ക് കെ.യു.വി.100 കയറ്റി അയയ്ക്കും. അതേസമയം, കെ.യു.വിയുടെ ഇലക്ട്രിക് പതിപ്പ് ഇന്ത്യക്കായാണെന്നും മഹീന്ദ്ര മേധാവി കാര്‍ ആന്‍ഡ് ബൈക്കിനോട് പറഞ്ഞു.

നാല് വേരിയന്റുകളില്‍ വിപണിയിലെത്തുന്ന മിനി എസ്.യു.വിയാണ് മഹീന്ദ്ര കെ.യു.വി.100. മഹീന്ദ്രയുടെ 1.2 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ എംഫാല്‍ക്കണ്‍ ജി80 പെട്രോള്‍ എന്‍ജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. ഇത് 82 ബി.എച്ച്.പി. പവറും 115 എന്‍.എം.ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്.

Source: Car and Bike

Content Highlights: Mahindra Focusing To Export KUV100 NXT Mini SUV