വാഹനം വാങ്ങാതെ തന്നെ ദീര്‍ഘകാലത്തേക്കും ഹ്രസ്വകാലത്തേക്കും ലഭ്യമാക്കുന്ന പദ്ധതികള്‍ ഇന്ത്യയില്‍ സജീവമാകുകയാണ്. ഇന്ത്യയിലെ മുന്‍നിര വാഹന നിര്‍മാതാക്കള്‍ ഈ പദ്ധതിയിലേക്ക് ചുവടുവെച്ചതിന് പിന്നാലെ രാജ്യത്തെ ഏറ്റവും വലിയ എസ്.യു.വി. നിര്‍മാതാക്കളായ മഹീന്ദ്രയും വെഹിക്കിള്‍ ലീസിങ്ങ്/ സബ്‌സ്‌ക്രിപ്ഷന്‍ സംരംഭം ആരംഭിക്കുന്നു. വാഹനങ്ങള്‍ പാട്ടത്തിനും വരിസംഖ്യ അടിസ്ഥാനത്തിലും ലഭ്യമാക്കുന്ന ക്വിക്ക്‌ലീസ് പദ്ധതിയാണ് മഹീന്ദ്ര ആരംഭിച്ചിരിക്കുന്നത്. 

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഗ്രൂപ്പിന്റെ ഫിനാന്‍ഷ്യല്‍ സര്‍വീസ് വിഭാഗമാണ് ക്വിക്ക്‌ലീസ് പദ്ധതി നടപ്പാക്കുന്നത്. ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിന്റെ സഹായത്തോടെയായിരിക്കും വാഹനം ഉപയോക്താക്കളില്‍ എത്തിക്കുകയെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. രാജ്യത്തെ വിവിധ നഗരങ്ങളിലെ വാഹന ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യം ഒരുക്കുന്നതിനൊപ്പം വാഹനങ്ങള്‍ തിരഞ്ഞെടുക്കുന്നതിനുള്ള ഓപ്ഷനുകളും ഉറപ്പാക്കുന്നതിനായാണ് ഈ പദ്ധതി ആരംഭിക്കുന്നതെന്ന് മഹീന്ദ്ര അറിയിച്ചു. 

ക്വിക്ക്‌ലീസിന്റെ ആദ്യഘട്ടമായി ബെംഗളൂരു, ചെന്നൈ, ഡല്‍ഹി, ഗുരുഗ്രാം, ഹൈദരാബാദ്, മുംബൈ, നോയ്ഡ, പുണെ എന്നീ നഗരങ്ങളിലാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്. അതേസമയം, രാജ്യത്തെ രണ്ടാം നിര നഗരങ്ങളിലേക്ക് അടക്കം ഉടന്‍തന്നെ പദ്ധതി വ്യാപിപ്പിക്കുമെന്നും അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ 30 സ്ഥലങ്ങളില്‍ ലഭ്യമാക്കുമെന്നും കമ്പനി അറിയിച്ചു. മഹീന്ദ്ര വാഹനങ്ങള്‍ക്ക് പുറമെ, മറ്റ് വാഹനങ്ങളും ലഭ്യമാക്കുന്നതിനുള്ള നീക്കങ്ങളും കമ്പനി പരിഗണിക്കുന്നുണ്ട്.

ഒരു ഉപയോക്താവിന് വാങ്ങാതെ തന്നെ പുതിയ വാഹനം ഉപയോഗിക്കാനുള്ള അവസരമാണ് ക്വിക്ക്‌ലീസിലൂടെ ഒരുങ്ങുന്നത്. വെഹിക്കിള്‍ സബ്‌സ്‌ക്രിപ്ഷനായി ആദ്യമായി ആരംഭിക്കുന്ന ഡിജിറ്റല്‍ സംരംഭമാണ് ക്വിക്ക്‌ലീസെന്നാണ് കമ്പനി അവകാശപ്പെടുന്നത്. വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍, ഇന്‍ഷുറന്‍സ്, സര്‍വീസ് ഉള്‍പ്പെടെയുള്ള അറ്റകുറ്റപണികള്‍, റോഡ് സൈസ് അസിസ്റ്റന്‍സ് തുടങ്ങിയവയുടെ ചിവലുകള്‍ ക്വിക്ക്‌ലീസ് തന്നെ വഹിക്കുമെന്നാണ് ഉറപ്പുനല്‍കിയിട്ടുള്ളത്. 

വെളുത്ത നമ്പര്‍ പ്ലേറ്റുമായി വാഹനം സബ്‌സ്‌ക്രൈബ് ചെയ്യുന്ന ആളുടെ പേരില്‍ തന്നെ ആര്‍.സി. ബുക്കും നല്‍കുമെന്നതാണ് ഈ പദ്ധതിയും നേട്ടം. വ്യക്തിഗത ഉപയോക്താക്കള്‍ക്ക് പുറമെ, കോര്‍പറേറ്റ് കമ്പനികള്‍ക്കും ഈ വാഹനം ലഭ്യമാക്കുമെന്നാണ് മഹീന്ദ്ര അറിയിച്ചിട്ടുള്ളത്. ഇന്ത്യയില്‍ അതിവേഗം വളരുന്ന ബിസിനസാണിതെന്നും റീട്ടെയ്ല്‍ ഉപയോക്താക്കള്‍ക്ക് കാര്‍ ലീസിങ്ങ് എന്നത് പുതിയ ഒരു സാധ്യതയായിരിക്കുമെന്നുമാണ് മഹീന്ദ്ര പ്രതീക്ഷിക്കുന്നത്.

Content Highlights: Mahindra Finance enters new age Vehicle Leasing & Subscription business under ‘Quiklyz’ brand, Mahindra, Mahindra Car Leasing, Car Subscription