ഇന്ത്യയിലെ ഏറ്റവും വലിയ എസ്.യു.വി. നിര്‍മാതാക്കളായ മഹീന്ദ്ര ഇലക്ട്രിക് വാഹനങ്ങളുടെ നിര്‍മാണത്തിലേക്കും ചുവടുവെച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി 2020 ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ ഇവരുടെ കോംപാക്ട് എസ്.യു.വി മോഡലായ XUV300-ന്റെ ഇലക്ട്രിക് പതിപ്പ് പ്രദര്‍ശനത്തിനെത്തിച്ചിരുന്നു. 2021 അവസാനത്തോടെ ഇന്ത്യയിലെത്തുന്ന ഈ വാഹനം യൂറോപ്യന്‍ നിരത്തിലും അവതരിപ്പിക്കാനൊരുങ്ങുന്നു.
കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന ഇലക്ട്രിക് എസ്.യു.വിയായാണ് XUV300 ഇലക്ട്രിക് യൂറോപില്‍ എത്തുന്നത്. എന്നാല്‍, ഇലക്ട്രിക് പതിപ്പിന്റെ അവതരണത്തിന് മുമ്പുതന്നെ റെഗുലര്‍ മോഡല്‍ യൂറോപ്യന്‍ നിരത്തുകളില്‍ എത്തിക്കുമെന്നാണ് സൂചന. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 300 കിലോമീറ്റര്‍ വരെ റേഞ്ച് ഉറപ്പാക്കിയായിരുന്നു ഇലക്ട്രിക് XUV300 പുറത്തിറങ്ങുകയെന്നാണ് റിപ്പോര്‍ട്ട്.
മഹീന്ദ്രയില്‍ നിന്ന് ഇന്ത്യന്‍ നിരത്തുകളില്‍ എത്തുന്ന അടുത്ത ഇലക്ട്രിക് മോഡല്‍ XUV300 ആയിരിക്കുമെന്ന് മുമ്പുതന്നെ അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. ഇത് ശരിവെക്കുന്ന തരത്തില്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ XUV300 ഇലക്ട്രിക്കിന്റെ കണ്‍സെപ്റ്റ് മോഡല്‍ പ്രദര്‍ശനത്തിനെത്തിക്കുകയായിരുന്നു. റെഗുലര്‍ മോഡലിന്റെ ഡിസൈനില്‍ തന്നെയാണ് ഇലക്ട്രിക്കുമെത്തുന്നത്.
സ്റ്റാന്റേഡ്, ലോങ്ങ് റേഞ്ച് എന്നീ രണ്ട് വകഭേദങ്ങളായി ഈ വാഹനം നിരത്തുകളിലെത്തുമെന്നാണ് സൂചന. ഇതിലെ സ്റ്റാന്റേഡ് വേരിയന്റ് 200 കിലോമീറ്ററിന് മുകളിലും ലോങ്ങ് റേഞ്ച് വേരിയന്റ് 300 കിലോമീറ്ററിന് മുകളിലും റേഞ്ച് ഒരുക്കിയേക്കും. പരമാവധി വേഗത 150 കിലോമീറ്ററുള്ള ഈ വാഹനം 11 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കും.
ഈ വര്‍ഷം അവസാനമോ 2021 തുടക്കത്തിലോ ഇലക്ട്രിക് XUV300 ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നായിരുന്നു ആദ്യ സൂചനകള്‍. എന്നാല്‍, കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയെ തുടര്‍ന്നാണ് വരവ് 2021 അവസാനത്തേക്ക് നീട്ടിയിരിക്കുന്നത്. മഹീന്ദ്ര പ്രഖ്യാപിച്ചിട്ടുള്ള കെ.യു.വി 100 ഇലക്ട്രിക് പതിപ്പിന്റെ വരവിനും കാലത്താമസം ഉണ്ടായേക്കുമെന്നാണ് വിവരം.
Source: Motor.es
Content Highlights: Mahindra Electric XUV300 Might Launch In Europe