ന്ത്യന്‍ നിരത്തുകള്‍ക്ക് ഇലക്ട്രിക് വാഹനങ്ങളെ പരിചയപ്പെടുത്തിയതിന്റെ ക്രെഡിറ്റ് മഹീന്ദ്രയ്ക്കാണ്. ഇ-വെറിറ്റോ, E2O എന്നീ ഇലക്ട്രിക് വാഹനങ്ങള്‍ക്കൊപ്പം മഹീന്ദ്രയുടെ കുഞ്ഞന്‍ എസ്‌യുവിയായ കെയുവി 100-ന്റെ ഇലക്ട്രിക് പതിപ്പ്  e-KUV100 നിരത്തിലെത്താന്‍ ഒരുങ്ങിയിരിക്കുകയാണ്.

2018 ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ച കെയുവി-100 ഇലക്ട്രിക് ആറ് മാസത്തിനുള്ളില്‍ നിരത്തിലെത്തുമെന്ന് മഹീന്ദ്രയുടെ മേധാവി ജനീവ മോട്ടോര്‍ ഷോയില്‍ ഉറപ്പുനല്‍കിയതായി ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സ്‌മോള്‍ എസ്‌യുവി ശ്രേണിയില്‍ മഹീന്ദ്ര എത്തിച്ചിട്ടുള്ള കെയുവി-100-നെയാണ് ഇലക്ട്രിക് കരുത്തിലേക്ക് മാറ്റുന്നത്. രൂപത്തിലും ഡിസൈനിലും മാറ്റമില്ലാതെ എന്‍ജിനില്‍ മാത്രം മാറ്റമൊരുക്കിയാണ് ഈ വാഹനം നിരത്തിലെത്തിക്കുന്നത്. 

KUV 100 Electric

30kW മോട്ടോറും ലിഥിയം അയേണ്‍ ബാറ്ററി പാക്കുമാണ് വാഹനത്തിന് കരുത്ത് പകരുന്നത്. ഒറ്റ ചാര്‍ജില്‍ 140 കിലോമീറ്റര്‍ ദൂരം പിന്നിടാന്‍ കെയുവിക്ക് സാധിക്കും. ഒരു മണിക്കുറില്‍ ബാറ്ററി ഏകദേശം 80 ശതമാനത്തോടളം ചാര്‍ജ് ചെയ്യാം. 

e2o-യ്ക്ക് സമാനമായി സ്മാര്‍ട്ട്ഫോണ്‍ കണക്റ്റിവിറ്റി, റിമോര്‍ട്ട് ഡയക്നോസ്റ്റിക്സ്, കാബിന്‍ പ്രീ-കൂളിങ്, റിയല്‍ ടൈം ലൊക്കേഷന്‍ ട്രാക്കിങ് എന്നീ സൗകര്യങ്ങള്‍ ഇലക്ട്രിക് കെയുവിയില്‍ കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

മഹീന്ദ്ര അടുത്തിടെ പുറത്തിറക്കിയ കോംപാക്ട് എസ്‌യുവിയായ XUV-300 ആയിരിക്കും മഹീന്ദ്രയുടെ അടുത്ത ഇലക്ട്രിക് വാഹനമെന്ന് മഹീന്ദ്ര മേധാവി പവന്‍ ഗോയാങ്കെ അറിയിച്ചു. മഹീന്ദ്രയുടെ എല്ലാ വാഹനങ്ങളുടെയും ഇലക്ട്രിക് പതിപ്പ് ഭാവിയില്‍ പുറത്തിറക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.

Content Highlights: Mahindra e-KUV100 to be launched in about 6 months