കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ 7500 രൂപയ്ക്കു വെന്റിലേറ്റര്‍ നിര്‍മിക്കാന്‍ വാഹനനിര്‍മാണ കമ്പനിയായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര.അധികൃതരുടെ അനുമതിക്കായി ഇതിന്റെ മാതൃക മൂന്നുദിവസത്തിനുള്ളില്‍ പുറത്തിറക്കാനാവുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. 

സാധാരണ അഞ്ച് ലക്ഷം മുതല്‍ 10 ലക്ഷം രൂപയാണ് ഒരു വെന്റിലേറ്ററിന്റെ വില. ആംബു ബാഗ് എന്നു പൊതുവേ അറിയപ്പെടുന്ന ബാഗ് വാല്‍വ് മാസ്‌കിന്റെ യന്ത്രവത്കൃത മാതൃകയാണ് കമ്പനി ഉണ്ടാക്കുന്നത്. 

ഇതിനൊപ്പം തദ്ദേശീയമായി ഐ.സി.യു. വെന്റിലേറ്ററുണ്ടാക്കുന്ന കമ്പനിയുമായിച്ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുമുണ്ടെന്ന് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര പറഞ്ഞു. 

മഹീന്ദ്ര ഗ്രൂപ്പ് ഇറക്കുന്ന ചെലവുകുറഞ്ഞ വെന്റിലേറ്ററിന്റെ മാതൃകയ്ക്ക് അനുമതി കിട്ടിയാല്‍ അത് എല്ലാ നിര്‍മാതാക്കള്‍ക്കുമായി പങ്കുവെക്കുമെന്നും അദ്ദേഹം അറിയിച്ചു. 

ഡിസൈന്‍ ലളിതമാക്കി കാര്യക്ഷമത കൂട്ടിക്കൊണ്ടുള്ള വെന്റിലേറ്റര്‍ മാതൃകയുണ്ടാക്കാനായി രണ്ടു പൊതുമേഖലാ സ്ഥാപനങ്ങളോടു സഹകരിച്ചു പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മഹീന്ദ്ര മാനേജിങ് ഡയറക്ടര്‍ പവന്‍ ഗോയങ്ക നേരത്തേ അറിയിച്ചിരുന്നു.

Content Highlights: Mahindra Developing Ventilator For Corona Virus Infected Patients