രാജ്യത്തെ മുന്‍നിര വാഹന നിര്‍മാതാക്കളായ മഹീന്ദ്ര ഡീലര്‍ഷിപ്പുകളിലൂടെ അമേരിക്കന്‍ ബ്രാന്‍ഡായ ഫോര്‍ഡ് കാറുകളുടെ വില്‍പന ആരംഭിച്ചു. തിരഞ്ഞെടുത്ത 15 ഡീലര്‍ഷിപ്പുകളിലൂടെ മാത്രമാണ് ആദ്യഘട്ടത്തില്‍ ഇരുകമ്പനികളുടെയും പരസ്പര ധാരണയോടെ ഈ വില്‍പന. ഫോര്‍ഡ് മോഡലുകളുടെ സര്‍വീസിനായി പ്രത്യേക സൗകര്യവും ഒരുക്കും.

ഫോര്‍ഡിന് ഡീലര്‍ഷിപ്പുകള്‍ ഇല്ലാത്ത ടൈയര്‍ 4+ നഗരങ്ങളിലെ 15 മഹീന്ദ്ര ഡീലര്‍ഷിപ്പുകളിലാണ് ഇത്തരത്തില്‍ ഫോര്‍ഡ് കാറുകള്‍ വിറ്റഴിക്കുന്നത്. എന്‍ജിനും മറ്റും പരസ്പരം കൈമാറി ഇലക്ട്രിക് വാഹനങ്ങള്‍ ഉള്‍പ്പെടെ പുതിയ മോഡലുകള്‍ നിര്‍മിക്കാന്‍ ലക്ഷ്യമിട്ട് കഴിഞ്ഞ വര്‍ഷമാണ് മഹീന്ദ്രയും ഫോര്‍ഡും പരസ്പര സഹകരണത്തിന് ധാരണയിലെത്തിയിരുന്നത്.

ഇന്ത്യയില്‍ ശക്തമായ നെറ്റ്‌വര്‍ക്ക്‌ അവകാശപ്പെടാന്‍ സാധിക്കാത്ത കമ്പനിയാണ് ഫോര്‍ഡ്. അതുകൊണ്ട് തന്നെ മഹീന്ദ്രയുമായുള്ള സഹകരണത്തിലൂടെ ഇന്ത്യയിലെ ഒട്ടുമിക്ക സ്ഥലങ്ങളിലും വേരോട്ടമുണ്ടാക്കാന്‍ സാധിക്കുമെന്നാണ് ഫോര്‍ഡ് ഇന്ത്യയുടെ പ്രതീക്ഷ. 

Content Highlights; Mahindra dealers selling & servicing Ford cars in 15 towns