പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
വൈദ്യുത കാര്‍ നിര്‍മാണരംഗത്ത് ശ്രദ്ധകേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി പുതിയ കമ്പനി രൂപവത്കരിക്കാനൊരുങ്ങി ഇന്ത്യയുടെ സ്വന്തം വാഹന നിര്‍മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഗ്രൂപ്പ്. 2023 ജൂണ്‍ മാസത്തിന് മുമ്പായി ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മിക്കുന്നതിനുള്ള കമ്പനി ഒരുങ്ങുമെന്നാണ് റിപ്പോര്‍ട്ട്.
ഇ.വി. കോ എന്ന പേരിലായിരിക്കും പുതിയ കമ്പനി ഒരുങ്ങുകയെന്നാണ് വിവരം. ഇലക്ട്രിക് വാഹനങ്ങള്‍ക്കായി ഒരുങ്ങുന്ന ഈ കമ്പനിയില്‍ ബ്രിട്ടീഷ് സര്‍ക്കാരിന്റെ നിക്ഷേപക സ്ഥാപനമായ ബ്രിട്ടീഷ് ഇന്റര്‍നാഷണല്‍ ഇന്‍വെസ്റ്റ്‌മെന്റ് (ബി.ഐ.ഐ) 1925 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് ധാരണയായിട്ടുണ്ട്. മഹീന്ദ്രയും സമാനമായ തുക കമ്പനിയില്‍ നിക്ഷേപിക്കുമെന്നാണ് വിലയിരുത്തലുകള്‍.
പുതിയ കമ്പനിക്ക് 70,070 കോടിയുടെ മൂല്യമാണ് കണക്കാക്കുന്നത്. അതിനാല്‍ തന്നെ ഏകദേശം 2.75 ശതമാനം-4.76 ശതമാനം ഓഹരി പങ്കാളിത്തം ബി.ഐ.ഐയ്ക്ക് ലഭിക്കുമെന്നാണ് മഹീന്ദ്ര അറിയിച്ചിരിക്കുന്നത്. 2027 വരെ 8000 കോടി രൂപയുടെ മൂലധന നിക്ഷേപമാണ് കമ്പനി ലക്ഷ്യമിടുന്നത്. അതുകൊണ്ടുതന്നെ കൂടുതല്‍ നിക്ഷേപകരെ തേടുമെന്നും മഹീന്ദ്ര വെളിപ്പെടുത്തിയിട്ടുണ്ട്.
ആദ്യഘട്ട നിക്ഷേപം 2023 ജൂണിനു മുമ്പായി പൂര്‍ത്തിയാക്കുമെന്ന് കമ്പനി വ്യക്തമാക്കി. പ്രാഥമിക ഘട്ടത്തില്‍ 1,200 കോടി രൂപ വീതവും രണ്ടാം ഘട്ടത്തില്‍ 725 കോടി രൂപ വീതവുമാണ് നിക്ഷേപം നടത്തുക. പുതിയ കമ്പനി രൂപവത്കരിക്കാനും ബി.ഐ.ഐ.യില്‍നിന്ന് നിക്ഷേപം സ്വീകരിക്കാനും മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഡയറക്ടര്‍ ബോര്‍ഡ് അനുമതി നല്‍കിയിട്ടുണ്ട്.
2027 ആകുന്നതോടെ മഹീന്ദ്രയുടെ എസ്.യു.വികളില്‍ 30 ശതമാനം വരെ ഇലക്ട്രിക് മോഡലുകളായിരിക്കുമെന്നാണ് കമ്പനി ഉറപ്പുനല്‍കുന്നത്. മഹീന്ദ്രയുടെ വൈദ്യുതി വാഹന പദ്ധതി ഓഗസ്റ്റ് 15-ന് പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതിനുപിന്നാലെ തന്നെ സെപ്റ്റംബര്‍ മാസത്തോടെ മഹീന്ദ്രയുടെ ഇലക്ട്രിക് എസ്.യു.വി. എക്‌സ്.യു.വി.400 അവതരിപ്പിച്ചേക്കുമെന്നും സൂചനകളുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..