ഞ്ച് വര്‍ഷത്തിനുള്ളില്‍ എട്ട് ഇലക്ട്രിക് വാഹനങ്ങല്‍ ഉള്‍പ്പെടെ 13 വാഹനങ്ങളാണ് മഹീന്ദ്രയില്‍ നിന്ന് നിരത്തുകളില്‍ എത്താനൊരുങ്ങുന്നത്. ഇതില്‍ തന്നെ മഹീന്ദ്ര 2020-ലെ ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശനത്തിനെത്തിയ എക്‌സ്.യു.വി.300-നെ അടിസ്ഥാനമാക്കിയുള്ള ഇലക്ട്രിക് വാഹനവും ഉണ്ടാകും. എക്‌സ്.യു.വി.300-നെ അടിസ്ഥാനമാക്കി ഒരുങ്ങിയാലും ഈ വാഹനത്തിന്റെ പേര് എക്‌സ്.യു.വി. 400 എന്നായിരിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. 

മഹീന്ദ്ര ഗ്രൂപ്പിന്റെ ഓട്ടോ ആന്‍ഡ് ഫാം സെക്ടര്‍ മേധാവി രാജേഷ് ജെജൂരികര്‍ ആണ് ഇലക്ട്രിക് കോംപാക്ട് എസ്.യു.വിയുടെ പേര് സംബന്ധിച്ച സൂചനകള്‍ നല്‍കിയിട്ടുള്ളത്. എന്നാല്‍, ഇത് സംബന്ധിച്ച അന്തിമ തീരുമാനമായിട്ടില്ലെന്നാണ് വിവരം. എക്‌സ്.യു.വി.300-നും എക്‌സ്.യു.വി. 500-നും ഇടയില്‍ ഒരു മിഡ്-സൈസ് എസ്.യു.വി. എത്തിക്കാനും ആ വാഹനത്തിന് എക്‌സ്.യു.വി.400 എന്ന പേര് നല്‍കാനുമായിരുന്നു മഹീന്ദ്രയുടെ ആദ്യ പദ്ധതികള്‍ എന്നാണ് വിവരം. 

ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ് എന്നീ വാഹനങ്ങള്‍ക്ക് ശക്തനായ എതിരാളി ആകുന്നതിനായി എസ്-204 എന്ന കോഡ് നെയിമില്‍ മഹീന്ദ്ര ഒരു മിഡ്-സൈസ് എസ്.യു.വി. പ്രഖ്യാപിച്ചിരുന്നു. മഹീന്ദ്രയും ഫോര്‍ഡും തമ്മിലുള്ള സഹകരണത്തിന്റെ അടിസ്ഥാനത്തില്‍ ഫോര്‍ഡിന്റെ ബി പ്ലാറ്റ്‌ഫോമിലായിരിക്കും ഈ വാഹനത്തിന്റെ നിര്‍മാണം എന്നായിരുന്നു സൂചന. എന്നാല്‍, ഈ കൂട്ടുകെട്ട് പിരിഞ്ഞതോടെ എസ് 204-ലും ഉപേക്ഷിച്ചതായാണ് വിലയിരുത്തലുകള്‍.

ഈ സഹചര്യത്തിലാണ് മിഡ്-സൈസ് എസ്.യു.വിക്കായി കരുതി വെച്ചിരുന്നു പേര് ഇലക്ട്രിക് വാഹനത്തിന് നല്‍കുന്ന കാര്യം പരിഗണിക്കുന്നത്. എക്‌സ്.യു.വി.700-ന്റെ വരവോടെ എക്‌സ്.യു.വി.500 മഹീന്ദ്രയുടെ വാഹന നിരയില്‍ നിന്ന് പിന്‍വലിച്ചതിനാല്‍ ആ പേരിലായിരിക്കും ഇനി മിഡ് സൈസ് എസ്.യു.വി. എത്തിയേക്കുകയെന്നും സൂചനയുണ്ട്. അതേസമയം, ഈ വാഹനം 2024-25 വര്‍ഷത്തോടെ മാത്രമേ നിരത്തുകളില്‍ എത്താനിടയുള്ളൂവെന്നാണ് വിവരം.

മഹീന്ദ്രയുടെ ഇലക്ട്രിക് സ്‌കേലബിള്‍ ആന്‍ഡ് മോഡുലാര്‍ ആര്‍ക്കിടെക്ചര്‍ അടിസ്ഥാനമാക്കി ഒരുങ്ങുന്ന വാഹനമാണ് XUV400 ഇലക്ട്രിക്. തുടര്‍ന്ന് മഹീന്ദ്ര നിര്‍മിക്കുന്ന ഇലക്ട്രിക് വാഹനങ്ങള്‍ക്കും ഈ പ്ലാറ്റ്ഫോമായിരിക്കും അടിസ്ഥാനമൊരുക്കുകയെന്നാണ് വിവരം. 350V, 380V എന്നീ രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളിലായിരിക്കും ഈ വാഹനം എത്തുക. ഇതില്‍ ഉയര്‍ന്ന റേഞ്ചുള്ള മോഡല്‍ ഹ്യുണ്ടായി കോന, എം.ജി. ZS ഇലക്ട്രിക് എന്നിവയുമായാണ് മത്സരിക്കുന്നത്.

സ്റ്റാന്‍ഡേര്‍ഡ്, ലോങ് റേഞ്ച് എന്നീ രണ്ട് വേരിയന്റുകളിലാണ് ഇലക്ട്രിക് XUV 400 എത്തുകയെന്നാണ് അഭ്യൂഹങ്ങള്‍. സ്റ്റാന്‍ഡേര്‍ഡ് വേരിയന്റ് ഒറ്റത്തവണ ചാര്‍ജില്‍ 200 കിലോമീറ്ററും ലോങ്ങ്റേഞ്ച് മോഡല്‍ 375 കിലോമീറ്റര്‍ വരെ റേഞ്ചും നല്‍കിയേക്കും. ഡിസൈനിങ്ങില്‍ റെഗുലര്‍ XUV300-ല്‍ നിന്ന് നേരിയ മാറ്റങ്ങള്‍ മാത്രം വരുത്തിയായിരിക്കും ഇലക്ട്രിക് പതിപ്പിന്റെ പ്രൊഡക്ഷന്‍ പതിപ്പ് എത്തുക. പുതുതലമുറ ഫീച്ചറുകളും ഈ വാഹനത്തിന്റെ ഹൈലൈറ്റാകും.

Source: Autocar India

Content Highlights: Mahindra could give XUV400 name to the electric SVU, Mahindra XUV300 Electric