ന്ത്യന്‍ നിരത്തുകളില്‍ ഇലക്ട്രിക് കാറുകള്‍ക്ക് തുടക്കംകുറിച്ച വാഹന നിര്‍മാതാക്കള്‍ ഒരുപക്ഷെ മഹീന്ദ്ര ആയിരിക്കും. പിന്നീട്, ഇലക്ട്രിക് വാഹനങ്ങള്‍ കൂടുതല്‍ ജനകീയമായതോടെ മഹീന്ദ്രയുടെ ഈ വാഹനങ്ങള്‍ അപ്രത്യക്ഷമാകുകയും ചെയ്തു. എന്നാല്‍, കൈമോശം വന്ന ഇലക്ട്രിക് പ്രതാപം തിരിച്ചുപിടിക്കാനുള്ള നീക്കം മഹീന്ദ്രയുടെ അണിയറയില്‍ ഒരുങ്ങുന്നുണ്ടെന്നാണ് സൂചന. കെ.യു.വി.100, എക്‌സ്.യു.വി. 300 എന്നീ വാഹനങ്ങളുടെ ഇലക്ട്രിക് പതിപ്പാണ് മഹീന്ദ്ര ഒരുക്കുന്നത്. 

ഇന്ത്യയിലെ വാഹനപ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുന്നത് എക്‌സ്.യു.വി. 300-ന്റെ ഇലക്ട്രിക് മോഡലിന് വേണ്ടിയാണ്. ഈ വാഹനത്തിന്റെ വരവോടെ ഇലക്ട്രിക് എസ്.യു.വി. ശ്രേണിയില്‍ കടുത്ത മത്സരമായിരിക്കും അരങ്ങേറുക. കാരണം, നിലവില്‍ നിരത്തുകളില്‍ സൂപ്പര്‍ ഹിറ്റായി ഓടുന്ന ടാറ്റയുടെ നെക്‌സോണ്‍ ഇ.വിയെ മുഖ്യ എതിരാളിയായി ചിത്രീകരിച്ചാണ് എക്‌സ്.യു.വി.300 ഇലക്ട്രിക് എത്തുന്നത്. കഴിഞ്ഞ ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ ഈ വാഹനത്തിന്റെ കണ്‍സെപ്റ്റ് പ്രദര്‍ശിപ്പിച്ചിരുന്നു.

മഹീന്ദ്രയില്‍ നിന്നുള്ള പുതിയ വിവരങ്ങള്‍ അനുസരിച്ച് 2023-ഓടെയായിരിക്കും ഇലക്ട്രിക് കരുത്തിലുള്ള എക്‌സ്.യു.വി. 300 വിപണിയില്‍ എത്തുകയെന്നാണ് റിപ്പോര്‍ട്ട്. മഹീന്ദ്രയുടെ ആദ്യ ഇലക്ട്രിക് എസ്.യു.വി. ഇതായിരിക്കുമെന്നും ഈ മോഡല്‍ അവതരിപ്പിച്ചതിന് ശേഷം പുതിയ ഡിസൈനുകളിലുള്ള ഒരു കൂട്ടം ഇലക്ട്രിക് വാഹനങ്ങളെ മഹീന്ദ്രയില്‍ നിന്ന് പ്രതീക്ഷിക്കാമെന്നും മഹീന്ദ്ര മേധാവി രാജേഷ് ജെജൂരികര്‍ ഓട്ടോകാര്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

മഹീന്ദ്രയുടെ ഇലക്ട്രിക് സ്‌കേലബിള്‍ ആന്‍ഡ് മോഡുലാര്‍ ആര്‍ക്കിടെക്ചര്‍ (എം.ഇ.എസ്.എം.എ) അടിസ്ഥാനമാക്കി ഒരുങ്ങുന്ന ആദ്യ വാഹനമാണ് XUV300 ഇലക്ട്രിക്. തുടര്‍ന്ന് മഹീന്ദ്ര നിര്‍മിക്കുന്ന ഇലക്ട്രിക് വാഹനങ്ങള്‍ക്കും ഈ പ്ലാറ്റ്‌ഫോമായിരിക്കും അടിസ്ഥാനമൊരുക്കുകയെന്നാണ് വിവരം. 350V, 380V എന്നീ രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളിലായിരിക്കും ഈ വാഹനം എത്തുക. ഇതില്‍ ഉയര്‍ന്ന റേഞ്ചുള്ള മോഡല്‍ ഹ്യുണ്ടായി കോന, എം.ജി. ZS ഇലക്ട്രിക് എന്നിവയുമായാണ് മത്സരിക്കുന്നത്.

സ്റ്റാന്‍ഡേര്‍ഡ്, ലോങ് റേഞ്ച് എന്നീ രണ്ട് വേരിയന്റുകളിലാണ് ഇലക്ട്രിക് XUV 300 എത്തുകയെന്നാണ് അഭ്യൂഹങ്ങള്‍. ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് സ്റ്റാന്‍ഡേർഡ് വേരിയന്റ് ഒറ്റത്തവണ ചാര്‍ജില്‍ 200 കിലോമീറ്ററും ലോങ്ങ്‌റേഞ്ച് മോഡല്‍ 375 കിലോമീറ്റര്‍ വരെ റേഞ്ചും നല്‍കിയേക്കും. ഡിസൈനിങ്ങില്‍ റെഗുലര്‍ XUV300-ല്‍ നിന്ന് നേരിയ മാറ്റങ്ങള്‍ മാത്രം വരുത്തിയായിരിക്കും ഇലക്ട്രിക് പതിപ്പിന്റെ പ്രൊഡക്ഷന്‍ പതിപ്പ് എത്തുക. പുതുതലമുറ ഫീച്ചറുകളും ഈ വാഹനത്തിന്റെ ഹൈലൈറ്റാകും.

Source: Autocar India

Content Highlights: Mahindra Confirm Electric XUV300, Positioned Against Tata Nexon EV