ന്ത്യയിലെ വാഹന വിപണിയുടെ കൊയ്ത്ത് കാലമായാണ് ഉത്സവ സീസണിനെ വിശേഷിപ്പിക്കുന്നത്. ധന്‍തെരാസ് മുതല്‍ വാഹനങ്ങളുടെ കൂട്ടമായുള്ള ഡെലിവറി ഉള്‍പ്പെടെ സംഘടിപ്പിച്ച് നിര്‍മാതാക്കള്‍ ഉത്സവം ആഘോഷമാക്കാറുണ്ട്. എന്നാല്‍, ഇത്തവണ ഈ ആഘോഷം അക്ഷരാര്‍ഥത്തില്‍ കളറാക്കിയത് മഹീന്ദ്രയാണ്. കമ്പനിയില്‍ നിന്ന് ഏറ്റവുമൊടുവില്‍ നിരത്തുകളിലെത്തിയ എക്‌സ്.യു.വി.700-ന്റെ വിതരണത്തിലൂടെയാണ് മഹീന്ദ്ര ദീപാവലി ആഘോഷമാക്കിയത്. 

ദീപാവലി ആഘോഷത്തിന്റെ ഭാഗമായി എക്‌സ്.യു.വി.700-ന്റെ 700 യൂണിറ്റാണ് ഉപയോക്താക്കള്‍ക്ക് കൈമാറിയത്. ഒക്ടോബര്‍ 30-ാണ് ഈ വാഹനത്തിന്റെ വിതരണം ആരംഭിച്ചത്. ചുരുങ്ങിയ ദിവസത്തിനുള്ളില്‍ 700 വാഹനങ്ങളുടെ വിതരണം നടത്താനായത് വലിയ നേട്ടമായാണ് നിര്‍മാതാക്കള്‍ കരുതുന്നത്. വാഹനങ്ങളില്‍ ഉപയോഗിക്കുന്ന സെമി കണ്ടക്ടര്‍ ചിപ്പുകളുടെ ക്ഷാമം ആഗോള തലത്തില്‍ തന്നെ വാഹന നിര്‍മാണത്തെ ബാധിച്ചിരിക്കെയാണ് മഹീന്ദ്രയുടെ ഈ നേട്ടം.

Mahindra XUV700
മഹീന്ദ്ര XUV700 | Photo: Mahindra.com

അതേസമയം, ഈ വാഹനം സ്വന്തമാക്കാനെത്തുന്നവരുടെ എണ്ണം ദിനംപ്രതി ഉയരുന്നതായാണ് വിവരം. ഏറ്റവും ഒടുവിലെ റിപ്പോര്‍ട്ട് അനുസരിച്ച് ഇതിനോടകം 70,000 ബുക്കിങ്ങുകള്‍ ഈ വാഹനത്തിന് ലഭിച്ചിട്ടുണ്ട്. ബുക്കിങ്ങ് തുറന്ന് ആദ്യ രണ്ട് ദിനങ്ങളിലെ മൂന്ന് മണിക്കൂറിനുള്ളില്‍ 50,000 ബുക്കിങ്ങുകളാണ് ഈ വാഹനത്തിന് ലഭിച്ചിരുന്നത്. ഒരു മാസത്തോട് അടുക്കുമ്പോഴും വാഹനത്തിന് മികച്ച എന്‍ക്വയറിയും ബുക്കിങ്ങ് വരുന്നുണ്ടെന്നാണ് മഹീന്ദ്ര അവകാശപ്പെടുന്നത്. 

എക്‌സ്.യു.വി.700 പെട്രോള്‍ എന്‍ജിന്‍ മോഡലുകളുടെ വിതരണമാണ് ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്. ഡീസല്‍ മോഡലുകളുടെ വിതരണം ഈ മാസം ഒടുവിലോടെ ആരംഭിക്കാന്‍ സാധിക്കുമെന്നാണ് വിവരം. ജനുവരി 14-ന് മുമ്പായി 14,000 വാഹനങ്ങളുടെ വിതരണം പൂര്‍ത്തിയാക്കുകയാണ് കമ്പനിയുടെ ലക്ഷ്യമെന്ന് മഹീന്ദ്ര അറിയിച്ചിരുന്നു. XUV700 പെട്രോള്‍ മോഡലിന് 12.49 ലക്ഷം മുതല്‍21.29 ലക്ഷം രൂപ വരെയും ഡീസലിന് 12.99 ലക്ഷം മുതല്‍ 22.89 ലക്ഷം രൂപ വരെയുമാണ് എക്‌സ്‌ഷോറൂം വില. 

Mahindra XUV700
മഹീന്ദ്ര XUV700 | Photo: Mahindra.com

MX, AX3, AX5, AX7 എന്നീ നാല് വേരിയന്റുകളില്‍ ഓട്ടോമാറ്റിക്-മാനുവല്‍ ട്രാന്‍സ്മിഷനുകളില്‍ 20 മോഡലുകളായാണ് XUV700 വില്‍പ്പനയ്ക്ക് എത്തുന്നത്. 2.0 ലിറ്റര്‍ പെട്രോള്‍, 2.2 ലിറ്റര്‍ ഡീസല്‍ എന്നീ എന്‍ജിനുകളാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. പെട്രോള്‍ എന്‍ജിന്‍ 197 ബി.എച്ച്.പി. പവറും 380 എന്‍.എം.ടോര്‍ക്കുമാണ് നല്‍കുന്നത്. ഡീസല്‍ എന്‍ജിന്‍ 153, 182 ബി.എച്ച്.പി. പവറും 360, 420 എന്‍.എം. ടോര്‍ക്കുമാണ് ഇത് ഉത്പാദിപ്പിക്കുന്നത്. ഓട്ടോമാറ്റിക്-മാനുവല്‍ ട്രാന്‍സ്മിഷനുകളും ഇതില്‍ നല്‍കുന്നുണ്ട്.

Content Highlights: Mahindra Complete Delivery Of 700 XUV700 Before Diwali, Booking Cross 70,000