ന്ത്യയിലെ ജനപ്രിയ വാഹന നിര്‍മാതാക്കളായ മഹീന്ദ്രയില്‍ നിന്ന് ഒരു പുതിയ വാഹനം കൂടി നിരത്തുകളില്‍ എത്തുകയാണ്. മഹീന്ദ്രയുടെ പോപ്പുലര്‍ മോഡലായ ബൊലേറോയുടെ പേര് കടമെടുത്ത് ബൊലേറോ നിയോ എന്ന പേരിലാണ് പുതിയ കോംപാക്ട് എസ്.യു.വി. മഹീന്ദ്ര വിപണിയില്‍ എത്തിക്കുന്നത്. മഹീന്ദ്രയില്‍ നിന്ന് നിരത്തൊഴിഞ്ഞ ടി.യു.വി.300-ന്റെ പകരക്കാരനായാണ് ഈ വാഹനം എത്തുന്നത്. 

ഇന്ത്യന്‍ നിരത്തുകളില്‍ എത്തുന്ന ഏറ്റവും തലയെടുപ്പുള്ള കോംപാക്ട് എസ്.യു.വി. എന്ന് വിശേഷണത്തിന് യോഗ്യമായാണ് ബൊലേറൊ നിയോ എത്തുന്നത്. അവതരണത്തിന് മുന്നോടിയായി ഈ വാഹനത്തിന്റെ ചിത്രങ്ങളും ഫീച്ചറുകളും മഹീന്ദ്ര വെളിപ്പെടുത്തിയിരിക്കുകയാണ്. N4, N8, N10, N10(O) എന്നീ നാല് വേരിയന്റുകളില്‍ വിപണിയില്‍ എത്തുന്ന ബൊലേറോ നിയോയ്ക്ക് 8.48 ലക്ഷം രൂപയിലാണ് വില ആരംഭിക്കുന്നത്. 

ടി.യു.വിയുടെ പകരക്കാരനാണെങ്കിലും തീകച്ചും പുതിയ ലുക്കിലാണ് ബൊലേറൊ നിയോ എത്തുന്നത്. ഹണികോമ്പ് ഡിസൈനില്‍ ക്രോമിയം സ്ട്രിപ്പുകള്‍ പതിപ്പിച്ച ഗ്രില്ല്, വലിയ എയര്‍ഡാം, സ്റ്റൈലിഷായി ഡിസൈന്‍ ചെയ്ത ബമ്പര്‍, സ്‌പോര്‍ട്ടി ഭാവമുള്ള ഹെഡ്‌ലാമ്പ്, എല്‍.ഇ.ഡി. ഡി.ആര്‍.എല്‍, ഉള്‍വലിഞ്ഞ് നില്‍ക്കുന്ന ഫോഗ്‌ലാമ്പ് എന്നിവയാണ് ബൊലേറോ നിയോയുടെ മുഖം അലങ്കരിക്കുന്നത്. 

ഥാറില്‍ നല്‍കിയിട്ടുള്ളതിന് സമാനമായ അലോയി വീലുകള്‍ ഈ വാഹനത്തിലുമുണ്ട്. ഡോറുകളിലൂടെ നീളുന്ന ബെല്‍റ്റ് ലൈന്‍, ഡോര്‍ സ്‌റ്റെപ്പ്, ബോഡി കളര്‍ മിറര്‍ എന്നിവ വശങ്ങളെ അലങ്കരിക്കുന്നു. നിരത്തൊഴിഞ്ഞ ടി.യു.വിക്ക് സമാനമാണ് പിന്‍വശം. എക്‌സ് ഷേപ്പ് കവറിങ്ങിന്റെ അകമ്പടിയില്‍ ഹാച്ച്‌ഡോറിലാണ് സ്‌റ്റെപ്പിനി ടയര്‍ നല്‍കുന്നത്. ലൈറ്റുകളും മറ്റും സ്റ്റൈലിഷായാണ് ഒരുക്കിയിട്ടുള്ളത്. 

മഹീന്ദ്രയുടെ XUV300-മായി വിദൂര സാമ്യം പുലര്‍ത്തുന്ന അകത്തളമാണ് ഈ വാഹനത്തിലും. ഇറ്റാലിയന്‍ ഇന്റീരിയര്‍ എന്ന മഹീന്ദ്ര വിശേഷിപ്പിക്കുന്ന അകത്തളത്തില്‍ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ക്ലൈമറ്റ് കണ്‍ട്രോള്‍, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ്ങ് വീല്‍ എന്നിവ ഒരുങ്ങുന്നുണ്ട്. ബ്ലാക്ക്-ബേജ് നിറമാണ് ഇന്റീരിയറിന്റെ ഭാവം. സീറ്റുകളും ഡോര്‍ പാഡുകളും ബേജ് നിറത്തിലാണ് ഒരുങ്ങിയിട്ടുള്ളത്. 

മഹീന്ദ്രയുടെ എംഹോക്ക് എന്‍ജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. ഇത് 100 ബി.എച്ച്.പി. പവറും 260 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. മൈക്രോ ഹൈബ്രിഡ് സാങ്കേതികവിദ്യയ്‌ക്കൊപ്പം ഇക്കോ മോഡും ഈ വാഹനത്തിലുണ്ട്. ഡ്യുവല്‍ എയര്‍ബാഗിനൊപ്പം എ.ബി.എസ്, ഇ.ബി.ഡി, സി.ബി.സി. തുടങ്ങിയ സുരക്ഷ സന്നാഹങ്ങളും ബൊലേറോ നിയോയില്‍ നല്‍കുന്നുണ്ട്.

Content Highlights: mahindra Bolero Neo Compact SUV Ready To Launch