പോലീസ് സേനയുടെ ഇഷ്ടവാഹനമാണ് 'ബൊലേറോ'. ഏത് സാഹസികതയ്ക്കും വിശ്വസിക്കാവുന്ന പങ്കാളിയായാണ് ബൊലേറോ അറിയപ്പെടുന്നത്. എന്നാലിപ്പോള്‍ ബൊലേറോയുടെ കുഞ്ഞന്‍ പതിപ്പുമായാണ് മഹീന്ദ്ര എത്തിയിരിക്കുന്നത്, ബൊലേറോ 'നിയോ'.

ലുക്കില്‍ അല്പം മാറ്റം

കാഴ്ചയ്ക്ക് ബൊലേറോ ലുക്കിനല്‍പ്പം മാറ്റം വരുത്തിയാണ് 'നിയോ' അവതരിപ്പിച്ചിട്ടുള്ളത്. കളമൊഴിയുന്ന 'ടി.യു.വി.300'ന്റെ പകരക്കാരനായാണ്‌ വരവ്‌.'ടി.യു.വി 300'-ന്റെ പുതുക്കിയ മോഡല്‍ എന്നു തോന്നിയേക്കാം... കാഴ്ചയില്‍ ബോക്‌സി രൂപമാണ്. അതുകൊണ്ടാണ് 'ടി.യു.വി 300' ഓര്‍മ വരുന്നത്.

മുഖത്തെ ഗ്രില്ലിനും മാറ്റമുണ്ട്. ക്രോം കൊണ്ടുള്ള കട്ടി വരകളായിട്ടുണ്ട്. എന്നാല്‍, കരുത്തിന്റെ പ്രതീകമായി ബോണറ്റും ഗ്രില്ലുമെല്ലാം ചേരുമ്പോള്‍ തലയെടുപ്പിന് കുറവൊന്നുമില്ല. ആധുനികതയ്ക്ക് ചേരുന്ന വിധത്തില്‍ ഡി.ആര്‍.എല്ലും ഫോഗ്ലാമ്പുമെല്ലാം 'നിയോ'യില്‍ ചേരുന്നുണ്ട്. 

വശങ്ങളില്‍ നടുവിലൂടെ നീണ്ടുകിടക്കുന്ന ക്ലാഡിങ്ങും, അകത്തേക്ക് കയറാനുള്ള നീണ്ട ചവിട്ടുപടിയുമെല്ലാം 'നിയോ'യെ വ്യത്യസ്തമാക്കുന്നുണ്ട്. പിന്നിലെ വലിയ സ്‌പെയര്‍ ടയര്‍ തന്നെയാണ് പ്രധാന ആകര്‍ഷണം. പിന്‍ വാതിലിന്റെ മുക്കാല്‍ പങ്കും കീഴടക്കുന്നുണ്ടിത്. എക്‌സ് ആകൃതിയിലുള്ള മേല്‍മൂടിയും ചേരുമ്പോള്‍ പിന്നഴക് പൂര്‍ണമാകുന്നു.

അകത്താകട്ടെ ചന്ദനനിറം കൊണ്ട് മെഴുകിയിരിക്കുകയാണ്. സീറ്റുകളും ഡാഷ്ബോര്‍ഡുമെല്ലാം ചന്ദന നിറത്തിലാണ്. അതിന് ചേരുന്ന വിധത്തില്‍ ബാക്കി ഭാഗങ്ങള്‍ കറുപ്പ് പുതച്ചിരിക്കുന്നു. ഡാഷ്ബോര്‍ഡിന്റെ സ്‌റ്റൈലൊക്കെ മാറ്റിയിട്ടുണ്ട്. സെന്‍ട്രല്‍ കണ്‍സോളില്‍ പുതിയ ഇന്‍ഫൊടെയ്ന്‍മെന്റ് സെറ്റപ്പ് വന്നിട്ടുണ്ട്. ടച്ച് സ്‌ക്രീനാണ് ഏഴിഞ്ചിന്റെ. അതില്‍ ബ്ലൂടൂത്ത് കണക്ടിവിറ്റിയടക്കമുണ്ട്. അതിന്റെ മുകളിലായി എ.സി. പാളികളും നല്‍കി. എന്നാല്‍, മൂന്നു വരികളിലേക്ക് തണുപ്പെത്തിക്കാന്‍ മുന്നില്‍ നാലെണ്ണമേയുള്ളൂ എന്നത് ഒരു പരിമിതിയാണ്. കരുത്തേറിയതാണ് എ.സി., വാഹനം മുഴുവന്‍ തണുപ്പിക്കാന്‍ അതുമതിയെന്നാണ് കമ്പനിയുടെ അവകാശവാദം.

Mahindra Bolero Neo

സീറ്റിങ്

ഏഴു പേര്‍ക്ക് ഇരിക്കാവുന്ന തരത്തിലാണ് സീറ്റിങ് ക്രമീകരണം. വലിയ ബുദ്ധിമുട്ടില്ലാതെ കാല്‍ നീട്ടി ഇരിക്കാന്‍ കഴിയുന്നുണ്ട്. മുന്‍ സീറ്റുകള്‍ ക്യാപ്റ്റനാണ്. കൈ വെയ്ക്കാനുള്ള സൗകര്യം വരെ ഇതിലുണ്ട്. പിന്നിലെ സീറ്റുകള്‍ ബെഞ്ച് സീറ്റാണ്. മൂന്നുപേരെ കൊള്ളും. ഏറ്റവും പിന്നില്‍ മുഖത്തോടു മുഖം നോക്കിയിരിക്കാന്‍ രണ്ട് സീറ്റുകളുണ്ട്. ഡിക്കിയാണെങ്കിലും രണ്ടുപേര്‍ക്ക് വലിയ ബുദ്ധിമുട്ടില്ലാതെ ഇരിക്കാം.

എന്‍ജിന്‍

ബൊലേറോയേക്കാള്‍ കൂടുതല്‍ നവീനത കൊണ്ടുവരുന്നുണ്ട് 'നിയോ'യില്‍. കരുത്തിന്റെയും സുരക്ഷയുടേയും കാര്യത്തില്‍ കമ്പനിയുടെ വാഗ്ദാനം വിശ്വസിക്കാമെന്നു തോന്നുന്നു. അത്രയും നല്ല പ്രകടനമായിരുന്നു റോഡില്‍. മഴപെയ്ത് കുളമായ റോഡിലൂടെ വലിയ കുലുക്കമൊന്നും തോന്നാത്ത രീതിയിലായിരുന്നു 'നിയോ'യുടെ ഓട്ടം. ചേട്ടനിലുള്ള എം. ഹോക്ക് 1.5 മൂന്ന് സിലിന്‍ഡര്‍ ടര്‍ബോ ചാര്‍ജ്ഡ് ഡീസല്‍ എന്‍ജിനാണ് 'നിയോ'യിലുമുള്ളത്. എന്നാല്‍, കുറച്ചുകൂടി കരുത്ത് കൂട്ടിയിട്ടുണ്ട്.

100 ബി.എച്ച്.പി. കരുത്തും 26 എന്‍.എം. ടോര്‍ക്കുമാണ് 'നിയോ'യ്ക്ക് ഈ എന്‍ജിന്‍ നല്‍കുന്നത്. പെട്ടെന്ന് വേഗം കൂട്ടുന്നതിന് വേരിയബിള്‍ ജ്യോമട്രി ടര്‍ബോയാണ് 'നിയോ'യിലുള്ളത്. താഴ്ന്ന ഗിയര്‍ പൊസിഷനുകളിലുള്ള കുതിപ്പ് 'നിയോ'യ്ക്ക് കൂടുതലായി അനുഭവപ്പെട്ടു. അതിനാല്‍, ഗിയര്‍ഷിഫ്റ്റിങ് അധികം വേണ്ട, അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സും വലിയ പിടിത്തം കാണിക്കുന്നില്ല. പുതിയ താരങ്ങളായ സ്‌കോര്‍പ്പിയോയിലും ഥാറിലുമെല്ലാം മഹീന്ദ്ര ഉപയോഗിച്ച ഒ.ഇ.എം. മൂന്നാം തലമുറ ഷാസിയാണ് 'നിയോ'യിലും ഉപയോഗിച്ചിരിക്കുന്നത്. സസ്‌പെന്‍ഷനും നവീകരിച്ചിട്ടുണ്ട്. അതിന്റെ ഗുണവും റോഡിലറിയാനുണ്ട്.

മൂന്നു മോഡലുകളാണ് 'നിയോ'യ്ക്ക് വരുന്നത്. എന്‍ നാല്, എന്‍ എട്ട്, എന്‍ പത്ത്. ഇതില്‍ എന്‍ നാലിന് എക്‌സ്ഷോറൂം വില വരുന്നത് 8.48 ലക്ഷം രൂപയാണ്. എന്‍ 8-നാകട്ടെ 9.47 ലക്ഷം രൂപയും ഉയര്‍ന്ന മോഡലായ എന്‍ 10-ന് 9.99 ലക്ഷം രൂപയുമാണ് വില.

Content Highlights: mahindra Bolero Neo Compact SUV Feature and Specifications