ഹീന്ദ്രയുടെ ടി.യു.വി.300-ന് പകരക്കാരനായി ഇന്ത്യന്‍ നിരത്തുകളില്‍ എത്തിയ വാഹനമാണ് ബൊലേറൊ നിയോ എന്ന വാഹനം. കാഴ്ച്ചയില്‍ മുന്‍ഗാമിയെക്കാള്‍ ഏറെ സുന്ദരവും പ്രകടനത്തില്‍ കരുത്തനുമായി എത്തിയിട്ടുള്ള ഈ വാഹനത്തിന് വലിയ സ്വീകാര്യതയാണ് വിപണിയില്‍ ലഭിക്കുന്നത്. ഇതിന്റെ തെളിവായി അവതരിപ്പിച്ച് ദിവസങ്ങള്‍ക്കുള്ള മികച്ച ബുക്കിങ്ങ് സ്വന്തമാക്കാന്‍ കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്.

ജൂലൈ അവസാനത്തോടെയാണ് ഈ വാഹനം വിപണിയില്‍ അവതരിപ്പിച്ചത്. ബുക്കിങ്ങ് തുറന്ന് ദിവസങ്ങള്‍ക്കുള്ളില്‍ 5500 ആളുകളാണ് ഈ വാഹനം സ്വന്തമാക്കാനായി എത്തിയിട്ടുള്ളതെന്നാണ് വിവരം. നാല് വേരിയന്റുകളില്‍ എത്തിയിട്ടുള്ള ഈ വാഹനത്തിന് 8.48 ലക്ഷം രൂപ മുതല്‍ 9.99 ലക്ഷം രൂപ വരെയാണ് വില. ഏറ്റവും ഉയര്‍ന്ന വകഭേദമായ N10 (O)-യുടെ വില നിര്‍മാതാക്കള്‍ വെളിപ്പെടുത്തിയിട്ടില്ല.

സബ്-4 മീറ്റര്‍ ശ്രേണിയില്‍ ഏഴ് സീറ്റര്‍ എസ്.യു.വിയായാണ് ബൊലേറൊ നിയോ എത്തിയിട്ടുള്ളത്. ബോക്‌സി രൂപം നല്‍കിയാണ് ഈ വാഹനം എത്തിയിട്ടുള്ളത്. ബൊലേറൊയില്‍ നിന്ന് വ്യത്യസ്തമായി ക്രോമിയം ലൈനുകള്‍ നല്‍കിയുള്ള ഗ്രില്ല്, ന്യൂജെന്‍ ഭാവം ഒരുക്കുന്ന ഹെഡ്‌ലൈറ്റ്, ഡി.ആര്‍.എല്‍, ഫോഗ്, കരുത്തന്‍ ബോണറ്റ് എന്നിവ ചേര്‍ന്നാണ് ഈ വാഹനത്തിന് തലയെടുപ്പ് സമ്മാനിച്ചിട്ടുള്ളത്.

ചന്ദനനിരത്തിലാണ് അകത്തളം ഒരുങ്ങിയിട്ടുള്ളത്.  അതിന് ചേരുന്ന വിധത്തില്‍ ബാക്കി ഭാഗങ്ങള്‍ കറുപ്പ് പുതച്ചിരിക്കുന്നു. ഡാഷ്‌ബോര്‍ഡിന്റെ സ്റ്റൈലൊക്കെ മാറ്റിയിട്ടുണ്ട്. സെന്‍ട്രല്‍ കണ്‍സോളില്‍ ഏഴ് ഇഞ്ച് വലിപ്പമുള്ള പുതിയ ഇന്‍ഫൊടെയ്ന്‍മെന്റ് സെറ്റപ്പ് വന്നിട്ടുണ്ട്. അതില്‍ ബ്ലൂടൂത്ത് കണക്ടിവിറ്റിയടക്കമുണ്ട്. പുതുമയുള്ള എ.സി.വെന്റുകളും സ്റ്റിയറിങ്ങ് വീലും അകത്തളത്തിന്റെ മാറ്റ് കൂട്ടുന്നു. 

എം. ഹോക്ക് 1.5 ലിറ്റര്‍ മൂന്ന് സിലിന്‍ഡര്‍ ടര്‍ബോ ചാര്‍ജ്ഡ് ഡീസല്‍ എന്‍ജിനാണ് 'നിയോ'യിലുള്ളത്. 100 ബി.എച്ച്.പി. കരുത്തും 260 എന്‍.എം. ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ നല്‍കുന്നത്. പെട്ടെന്ന് വേഗം കൂട്ടുന്നതിന് വേരിയബിള്‍ ജ്യോമട്രി ടര്‍ബോയാണ് 'നിയോ'യിലുള്ളത്. അഞ്ച് സ്പീഡ് മാനുവലാണ് ഇതിലെ ട്രാന്‍സ്മിഷന്‍. താഴ്ന്ന ഗിയര്‍ പൊസിഷനുകളിലുള്ള കുതിപ്പ് നിയോയുടെ സവിശേഷതയാണ്.

Content Highlights: Mahindra Bolero Neo Achieve High Booking With In Days