പ്രതീകാത്മക ചിത്രം | Photo: Mahindra
വാഹനം വില നല്കി വാങ്ങാതെ തന്നെ സ്വന്തമായി ഉപയോഗിക്കുന്ന വാഹന ലീസിങ്ങ് അല്ലെങ്കില്‍ സബ്സ്ക്രിപ്ഷന് പദ്ധതിക്ക് വലിയ പ്രചാരമാണ് ലഭിക്കുന്നത്. ഈ സാഹചര്യത്തില്‍ ഈ മേഖലയിലേക്ക് കൂടുതല്‍ കരുത്തോടെ എത്തുകയാണ് ഇന്ത്യയുടെ സ്വന്തം വാഹന നിര്‍മാതാക്കളായ മഹീന്ദ്ര. ക്വിക്ക്ലീസ് എന്ന ഡിജിറ്റല്‍ പ്ലാറ്റ്ഫോമുമായി സഹകരിച്ചാണ് മഹീന്ദ്രയുടെ എസ്.യു.വി. ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ ഉപയോക്താക്കളില്‍ എത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.
മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഗ്രൂപ്പിന്റെ ഫിനാന്‍ഷ്യല്‍ സര്‍വീസ് വിഭാഗമാണ് വാഹനങ്ങള്‍ ലീസ് അടിസ്ഥാനത്തിലും സബ്സ്ക്രിപ്ഷന് മോഡലിലും നല്‍കുന്നത്. ക്വിക്ക്ലീസ് ഡിജിറ്റല്‍ പ്ലാറ്റ്ഫോം വഴിയാണ് വാഹനങ്ങള്‍ തിരഞ്ഞെടുക്കുന്നകിനുള്ള സംവിധാനം ഒരുക്കുന്നത്. ക്വിക്ക്ലീസ് മഹീന്ദ്ര ഓട്ടോമോട്ടീവുമായി സഹകരിക്കുന്നതിലൂടെ മഹീന്ദ്രയുടെ വാഹനങ്ങള്‍ എളുപ്പത്തില്‍ ഉപയോക്താക്കളില്‍ എത്താനുള്ള വഴിയൊരുങ്ങുകയാണെന്നാണ് കമ്പനിയുടെ വിലയിരുത്തല്‍.
ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലൂടെ വാഹനം തിരഞ്ഞെടുക്കുന്നതിന് പുറമെ, മഹീന്ദ്രയുടെ ഡീലര്‍ഷിപ്പ് ശൃംഖലകളിലും ക്വിക്ക്ലീസ് സംവിധാനം ഉറപ്പാക്കുമെന്നാണ് മഹീന്ദ്ര അറിയിച്ചിരിക്കുന്നത്. ക്വിക്ക്ലീസിന്റെ ആദ്യഘട്ടമായി ബെംഗളൂരു, ചെന്നൈ, ഡല്‍ഹി, ഗുരുഗ്രാം, ഹൈദരാബാദ്, മുംബൈ, നോയ്ഡ, പുണെ എന്നീ നഗരങ്ങളിലാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ 30 സ്ഥലങ്ങളില്‍ ലഭ്യമാക്കുമെന്നും കമ്പനി മുമ്പ് ഉറപ്പുനല്‍കിയിരുന്നു.
ഒരു ഉപയോക്താവിന് വാങ്ങാതെ തന്നെ പുതിയ വാഹനം ഉപയോഗിക്കാനുള്ള അവസരമാണ് ക്വിക്ക്ലീസിലൂടെ ഒരുങ്ങുന്നത്. ഒരു മാസത്തേക്ക് 21,000 രൂപ വാടകയായി ഈടാക്കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. വാഹനങ്ങളുടെ രജിസ്ട്രേഷന്, ഇന്‍ഷുറന്‍സ്, സര്‍വീസ് ഉള്‍പ്പെടെയുള്ള അറ്റകുറ്റപണികള്‍, റോഡ് സൈസ് അസിസ്റ്റന്‍സ് തുടങ്ങിയവയുടെ ചിവലുകള്‍ മഹീന്ദ്ര ക്വിക്ക്ലീസ് തന്നെ വഹിക്കുമെന്നതാണ് ഈ പദ്ധതിയുടെ നേട്ടമായി വിലയിരുത്തുന്നത്.
ഉപയോക്താക്കളുടെ മാറിവരുന്ന ആവശ്യങ്ങള്‍ കണക്കിലെടുത്താണ് മഹീന്ദ്ര ക്വിക്ക്ലീസ് പദ്ധതി ഒരുക്കിയിരിക്കുന്നത്. ഓരോ ഉപയോഗത്തിന് പണം നല്‍കുക എന്ന ആശയത്തിലൂടെ ഉപയോക്താക്കള്‍ക്ക് വളരെ ലളിതവും സുതാര്യവുമായി ഇഷ്ടവാഹനം തിരഞ്ഞെടുക്കാന്‍ സാധിക്കുമെന്ന് മഹീന്ദ്ര ഓട്ടോമോട്ടീവ് ഡിവിഷന് മേധാവി വിജയ് നക്ര അഭിപ്രായപ്പെട്ടു. വെഹിക്കിള്‍ സബ്സ്ക്രിപ്ഷനായി ആദ്യമായി ആരംഭിക്കുന്ന ഡിജിറ്റല്‍ പ്ലാറ്റ്ഫോമാണ് ക്വിക്ക്ലീസ് എന്നാണ് വിലയിരുത്തല്‍.
വാഹനങ്ങള്‍ വാടകയ്ക്ക് എടുക്കുന്നതും സബ്സ്ക്രൈബ് ചെയ്യുന്നതും ചെലവ് കുറഞ്ഞ മാര്‍ഗമായി മാറിയിരിക്കുകയാണ്. ഈ വാഹന ലീസിങ്ങ് സംവിധാനം അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ 15 മുതല്‍ 20 ശതമാനം വരെ വളരുമെന്നാണ് പ്രതീക്ഷിക്കുന്നത്. മഹീന്ദ്ര എസ്.യു.വികളുടെ സമ്പൂര്‍ണ ശ്രേണി ഒരു ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലൂടെ വാടകയ്ക്ക് നല്കുന്നതില് ഏറെ സന്തോഷമുണ്ടെന്ന് ക്വിക്ക്ലീസ് മേധാവിയായ തുറ മുഹമ്മദ് അഭിപ്രായപ്പെട്ടു.
Content Highlights: Mahindra Automotive Partners with Quiklyz to Offer SUV Leasing Options to Customers
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..