ഹീന്ദ്രയുടെ വാഹനങ്ങളിലേക്ക് കൂടുതല്‍ ഉപയോക്താക്കളെ ആകര്‍ഷിക്കുന്നതിനായി വമ്പന്‍ ഓഫര്‍ പ്രഖ്യാപിച്ച് നിര്‍മാതാക്കള്‍. അടുത്തിടെ അവതരിപ്പിച്ച ലൈഫ് സ്റ്റൈല്‍ എസ്.യു.വി. ഥാറിന് ഒഴികെ മഹീന്ദ്രയുടെ വാഹനനിരയിലെ എല്ലാ വാഹനങ്ങള്‍ക്കും ഓഫര്‍ ഒരുക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 16,500 രൂപ മുതല്‍ 3.01 ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ജൂണ്‍ 30 വരെ ഈ ഓഫറുകള്‍ ലഭ്യമാകുമെന്നും മഹീന്ദ്ര അറിയിച്ചിട്ടുണ്ട്.

ക്യാഷ് ഡിസ്‌കൗണ്ട്, എക്‌സ്‌ചേഞ്ച് ബോണസ്, കോര്‍പറേറ്റ് ഡിസ്‌കൗണ്ട്, അഡീഷണല്‍ ഓഫറുകള്‍ എന്നിവ ഉള്‍പ്പെടെയാണ് മൂന്ന് ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങള്‍ നല്‍കുന്നത്. എന്നാല്‍, ഡീലര്‍ഷിപ്പുകള്‍ അനുസരിച്ച് ഈ ഓഫറുകളില്‍ നേരിയ മാറ്റം വന്നേക്കുമെന്നും മഹീന്ദ്ര അറിയിച്ചിട്ടുണ്ട്. മഹീന്ദ്രയുടെ ഫ്‌ളാഗ്ഷിപ്പ് എസ്.യു.വിയായ അള്‍ട്ടുറാസിനാണ് ഏറ്റവും വലിയ ആനുകൂല്യം. ബൊലേറൊ എസ്.യു.വിക്കാണ് ഏറ്റവും കുറവ് ഓഫറുള്ളത്. 

മഹീന്ദ്രയുടെ ജനപ്രിയ എസ്.യു.വി. മോഡലായ XUV500-ന് 1.89 ലക്ഷം രൂപയുടെ ഓഫറാണ് ഒരുക്കിയിട്ടുള്ളത്. 1.13 ലക്ഷം രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ട്, 50,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസ്, 6500 രൂപയുടെ കോര്‍പറേറ്റ് ഓഫര്‍, 20,000 രൂപയുടെ അഡീഷണല്‍ ഓഫര്‍ എന്നിവ ഉള്‍പ്പെടെയാണ് XUV500-ന്റെ ആനുകൂല്യം. 3500 രൂപയുടെ ക്യാഷ് ഓഫറും 10,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസും 3000 രൂപയുടെ കോര്‍പറേറ്റ് ഓഫറുമാണ് ബൊലേറോക്കുള്ളത്.

Mahindra XUV300

15,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസും 4000 രൂപയുടെ കോര്‍പറേറ്റ് ഡിസ്‌കൗണ്ടും 17,042 രൂപയുടെ മറ്റ് ഓഫറുകളും ഉള്‍പ്പെടെ 36,042 രൂപയുടെ ആനുകൂല്യങ്ങളാണ് സ്‌കോര്‍പിയോക്കായി നല്‍കുന്നത്. അതേസമയം, എം.പി.വി. വാഹനമായ മരാസോക്ക് 40,200 രൂപയുടെ ഓഫറാണ് ഒരിക്കിയിട്ടുള്ളത്. 20,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ട്, 15,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസ്, 5200 രൂപയുടെ കോര്‍പറേറ്റ് ഓഫര്‍ ഉള്‍പ്പെടെയാണ് ഈ ആനുകൂല്യം.

മഹീന്ദ്രയുടെ കോംപാക്ട് എസ്.യു.വിയായ XUV300-ന് 44,000 രൂപയുടെ ഓഫറാണ് പ്രഖ്യാപിച്ചിട്ടുള്ളത്. 5000 രൂപയുടെ ക്യാഷ് ഓഫര്‍, 25,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസ്, 4000 രൂപയുടെ കോര്‍പറേറ്റ് ഓഫര്‍, 10,000 രൂപയുടെ മറ്റ് ഓഫറുകളും ഉള്‍പ്പെടെയാണിത്. മിനി എസ്.യു.വിയായ KUV100-ന് 61,055 രൂപയുടെ ഓഫറാണ് ഉറപ്പുനല്‍കുന്നത്. 38,055 രൂപ ക്യാഷ് ഡിസ്‌കൗണ്ട്, 20,000 എക്‌സ്‌ചേഞ്ച് ബോണസ്, 3000 രൂപ കോര്‍പറേറ്റ് ഓഫറും ചേര്‍ന്നാണിത്.

Mahindra Alturas G4

മഹീന്ദ്ര വാഹനനിരയിലെ ഏറ്റവും വലിയ മോഡലായ അള്‍ട്ടുറാസിനാണ് 3.01 ലക്ഷം രൂപയുടെ ഓഫര്‍ ഒരുക്കിയിട്ടുള്ളത്. ഇതില്‍ 2.2 ലക്ഷം രൂപയുടെ ക്യാഷ് ഓഫറാണ്. 50,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസ്, 11,500 രൂപയുടെ കോര്‍പറേറ്റ് ഇളവ് 20,000 രൂപയുടെ മറ്റ് ആനുകൂല്യങ്ങളും ഉള്‍പ്പെടെയാണ് അള്‍ട്ടുറാസിന് മൂന്ന് ലക്ഷം രൂപയുടെ ഓഫര്‍ ഒരുക്കിയിട്ടുള്ളത്. ജൂണ്‍ മാസത്തിലെ വില്‍പ്പനയ്ക്ക് മാത്രമാണ് ഈ ആനുകൂല്യങ്ങള്‍ ബാധകമാകുകയെന്നും റിപ്പോര്‍ട്ടുണ്ട്.

Content Highlights: Mahindra Announce June Offer For Its Entire Models