ന്ത്യന്‍ നിരത്തുകള്‍ക്ക് ആദ്യമായി വൈദ്യുതി വാഹനം സമ്മാനിച്ച മഹീന്ദ്ര പൂര്‍ണമായും ഇലക്ട്രിക്കിലേക്ക് മാറാനൊരുങ്ങുന്നു. അഞ്ചു വര്‍ഷത്തിനകം മഹീന്ദ്രയുടെ എസ്.യു.വി. വിഭാഗത്തിലുള്ള എല്ലാ വാഹനങ്ങളും വൈദ്യുതിയിലാക്കാനാണ് നിര്‍മാതാക്കള്‍ പദ്ധതിയൊരുക്കുന്നത്. ഇതിനായി 3,000 കോടി രൂപയുടെ നിക്ഷേപത്തിനാണ് കമ്പനി തയ്യാറെടുക്കുന്നത്. 

ടാറ്റ മോട്ടോഴ്‌സിനുകീഴിലുള്ള ജഗ്വാര്‍ ലാന്‍ഡ് റോവര്‍, വോള്‍വോ ഇന്ത്യ എന്നീ കമ്പനികള്‍ വരുംവര്‍ഷങ്ങളില്‍ പൂര്‍ണമായി വൈദ്യുതി വാഹനങ്ങളിലേക്കു മാറുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. കൂടാതെ അമേരിക്കന്‍ വൈദ്യുത കാര്‍ നിര്‍മാണ കമ്പനിയായ ടെസ്ലയും ഇന്ത്യന്‍ വിപണിയിലേക്ക് പ്രവേശിക്കുകയാണ്. ഈ സാഹചര്യത്തിലാണ് വൈദ്യുത വാഹനമേഖലയില്‍ മുന്നിലെത്താന്‍ മഹീന്ദ്ര പദ്ധതിയൊരുക്കുന്നത്.

അമേരിക്കന്‍ കാര്‍ നിര്‍മാതാക്കളായ ഫോര്‍ഡുമായി സഹകരിക്കുന്നതിന് 3,000 കോടി രൂപയുടെ പദ്ധതിക്കാണ് മഹീന്ദ്ര കരാറായിരുന്നത്. ഇതില്‍നിന്ന് ഫോര്‍ഡ് പിന്‍മാറിയ സാഹചര്യത്തില്‍ ഈ തുക വൈദ്യുത വാഹനമേഖലയ്ക്കായി നീക്കിവെക്കുകയാണ് കമ്പനി. 2027-30 ആകുന്നതോടെ കമ്പനിയുടെ 30 ശതമാനം ബിസിനസ് വൈദ്യുതവാഹനങ്ങളില്‍ നിന്നാക്കാനാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

വൈദ്യുതിയിലേക്ക് മാറുന്നെന്ന പ്രഖ്യാപനം നടത്തുന്ന ആദ്യ ഇന്ത്യന്‍ വാഹന നിര്‍മാതാക്കളാണ് മഹീന്ദ്ര. റേവ അല്ലെങ്കില്‍ e2o എന്ന ഇലക്ട്രിക് വാഹനമാണ് മഹീന്ദ്ര ആദ്യമായി ഇന്ത്യന്‍ നിരത്തുകളില്‍ അവതരിപ്പിച്ചത്. ഇതിന് പിന്നാലെ ഹാച്ച്ബാക്ക് മോഡലായ വെറിറ്റോയുടെ ഇലക്ട്രിക് പതിപ്പും എത്തിച്ചിരുന്നു. ഏറ്റവുമൊടുവില്‍ കെ.യു.വി 100 മിനി എസ്.യു.വിയുടെയും ഇലക്ട്രിക് പതിപ്പ് എത്തിയിരുന്നു.

Content Highlights: Mahindra Announce All Electric SUV In Five Year