ന്ത്യന്‍ വാഹന വിപണിയില്‍ വിപ്ലവം സൃഷ്ടിക്കുന്നതിനായാണ് ആഭ്യന്തര വാഹന നിര്‍മാതാക്കളായ മഹീന്ദ്രയും അമേരിക്കന്‍ കമ്പനിയായ ഫോര്‍ഡും കൈകോര്‍ക്കുന്നത്. ഈ കൂട്ടുകെട്ടില്‍ ഇന്ത്യന്‍ നിരത്തുകളില്‍ ആദ്യം എത്തുന്നത് കോംപാക്ട് എസ്‌യുവിയായിരിക്കുമെന്നാണ് സൂചന. 

ഇന്ത്യ ഉള്‍പ്പെടെയുള്ള വളര്‍ന്നുവരുന്ന വിപണികളില്‍ കോംപാക്ട് എസ്‌യുവികളുടെ സ്വാധീനം വര്‍ധിച്ച് വരുന്നത് കണക്കിലെടുത്താണ് ഈ ശ്രേണിയില്‍ കൂടുതല്‍ വാഹനങ്ങള്‍ നിര്‍മിക്കാന്‍ ഇരുകമ്പനികളും തീരുമാനിച്ചത്. 

ഇലക്ട്രിക് കാറുകളുടെ നിര്‍മാണം ഉള്‍പ്പെടെയുള്ള ചില മേഖലകളില്‍ സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ഇരുകൂട്ടരും 2017 സെപ്റ്റംബറില്‍ തന്നെ ധാരണയിലെത്തിയിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് ഇപ്പോഴത്തെ നീക്കം.

പ്രൊഡക്ട് പ്ലാറ്റ്‌ഫോം, പവര്‍ ട്രെയിന്‍ എന്നിവയൊക്കെ മഹീന്ദ്രയുടേതായിരിക്കും. ഇതിനൊപ്പം ഫോര്‍ഡിന്റെ ടെക്നോളജിക്കല്‍ മേധാവിത്വവും സമന്വയിപ്പിക്കാനാണ് പദ്ധതി. വാഹനം വികസിപ്പിക്കാനുള്ള ചെലവ് കുറയ്ക്കാന്‍ പങ്കാളിത്തം സഹായകരമാകും.

മഹീന്ദ്രയുടെ അടുത്ത തലമുറ എക്‌സ്‌യുവി 500-നെ അടിസ്ഥാനപ്പെടുത്തിയായിരിക്കും മഹീന്ദ്ര-ഫോര്‍ഡ് കൂട്ടുകെട്ടിലെ കോംപാക്ട് എസ്‌യുവി ഒരുങ്ങുകയെന്നാണ് സൂചന. പുതിയ എസ്‌യുവി 2020-ലും കോംപാക്ട് എസ്‌യുവി 2021-ലും നിരത്തിലെത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. 

ടാറ്റ ഹാരിയര്‍, ജീപ്പ് കോംപാസ്, ഹ്യുണ്ടായി ടൂസോണ്‍ എന്നീ വാഹനങ്ങള്‍ അരങ്ങുവാഴുന്ന പ്രീമിയം കോംപാക്ട് എസ്‌യുവി ശ്രേണിയിലേക്കായിരിക്കും ഈ വാഹനം എത്തിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

Content Highlights: Mahindra and Ford to launch an all-new C-SUV