ന്ത്യയിലെ വാഹന മേഖലയില്‍ വലിയ വിപ്ലവത്തിന് ലക്ഷ്യമിട്ടാണ് ആഭ്യന്തര വാഹന നിര്‍മാതാക്കളായ മഹീന്ദ്രയും അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ഫോര്‍ഡും സഹകരണം പ്രഖ്യാപിച്ചത്. എന്നാല്‍, കൂട്ടുക്കെട്ട് പ്രഖ്യാപിച്ച് നാല് വര്‍ഷത്തിനിപ്പുറം ഇരു കമ്പനികളും ഈ സഹകരണത്തില്‍ നിന്ന് പിന്നോട്ട് പോകുകയായിരുന്നു. ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ഇരു കമ്പനികളും തമ്മിലുണ്ടായിരുന്ന എല്ലാ പദ്ധതികളും ഉപേക്ഷിക്കുകയാണെന്നാണ് സൂചന.

ഇന്ത്യയില്‍ ഏറ്റവും കരുത്താര്‍ജിക്കുന്ന എസ്.യു.വി. ശ്രേണിയില്‍ ഫോര്‍ഡ്-മഹീന്ദ്ര കൂട്ടുക്കെട്ടില്‍ മൂന്ന് എസ്.യു.വികള്‍ എത്തുമെന്നതായിരുന്നു പ്രാഥമിക സൂചനകള്‍. സാങ്കേതികവിദ്യ, മെക്കാനിക്കല്‍ ഫീച്ചറുകള്‍ തുടങ്ങിയവ ഇരുകമ്പനികളും പങ്കുവയ്ക്കുമെന്നും ധാരണയുണ്ടായിരുന്നു. ഇന്ത്യയില്‍ മഹീന്ദ്രയ്ക്ക് വലിയ നെറ്റ്‌വര്‍ക്ക് ഉള്ളതിനാല്‍ സംയുക്തായി പുറത്തിറങ്ങുന്ന വാഹനങ്ങള്‍ ഇതുവഴി നിരത്തുകളില്‍ എത്തിക്കാനുമായിരുന്നു കമ്പനികളുടെ പദ്ധതി.

ഡിസംബര്‍ 31-ഓടെ മഹീന്ദ്രയും ഫോര്‍ഡും തമ്മിലുള്ള കരാറുകള്‍ അവസാനിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍, ഇരുകമ്പനികളും തമ്മിലുള്ള സഹകരണം പൂര്‍ണമായും റദ്ദാക്കുമോയെന്നും ഏതാനും മേഖലകളില്‍ സഹകരിക്കുമോയെന്നും മാര്‍ച്ച് അവസാനത്തോടെ തീരുമാനിക്കുമെന്നായിരുന്നു 2021-ന്റെ തുടക്കത്തില്‍ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍, എല്ലാ സഹകരണവും നിര്‍ത്തി വയ്ക്കാനാണ് പുതിയ തീരുമാനമെന്നാണ് ഒടുവിലെ സൂചന. 

2017-ലാണ് മഹീന്ദ്രയും-ഫോര്‍ഡും ഒന്നിക്കുന്നുവെന്ന പ്രഖ്യാപനം വരുന്നത്. എന്നാല്‍, രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം 2019 ഒക്ടോബറിലാണ് ഇരു കമ്പനികളും സംയുക്ത സംരംഭവുമായി ബന്ധപ്പെട്ട കരാറില്‍ ഒപ്പ് വയ്ക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷം പുതിയ കമ്പനി സംബന്ധിച്ച നിരവധി ചര്‍ച്ചകള്‍ നടന്നിരുന്നു. എന്നാല്‍, ഇത് സംബന്ധിച്ച് വ്യക്തമായ തീരുമാനങ്ങള്‍ പുറത്തുവന്നിരുന്നില്ല. ജനുവരി ആദ്യം ഇരു കമ്പനികളും സഖ്യം പിന്‍വലിക്കുകയായിരുന്നു.

പുറത്തുവന്ന റിപ്പോര്‍ട്ട് അനുസരിച്ച് ഫോര്‍ഡിന്റെ സാങ്കേതികവിദ്യകള്‍ മഹീന്ദ്രയുമായി പങ്കുവയ്ക്കുമെന്നായിരുന്നു ധാരണ. ഫോര്‍ഡ്-മഹീന്ദ്ര കൂട്ടുകെട്ടില്‍ ആരംഭിക്കുന്ന പുതിയ കമ്പനിയില്‍ 51 ശതമാനം ഓഹരി മഹീന്ദ്രയ്ക്കും 49 ശതമാനം ഫോര്‍ഡിനുമായിരിക്കും എന്നായിരുന്നു ഇരുകമ്പനികളും തമ്മിലുള്ള ധാരണ. ഫോര്‍ഡിന്റെ ആസ്തികളും ജീവനക്കാരും പുതിയ കമ്പനിയുടെ ഭാഗമാകുമെന്നും സൂചനയുണ്ടായിരുന്നു.

Source: ET Auto

Content Highlights: Mahindra and Ford Stop All Joint Operations In India