ടുവില്‍ ഫോര്‍ഡും അവരുടെ ടോപ്പ് സെല്ലിങ് സെഡാനായ ആസ്പയറിന് ഇലക്രിക് കരുത്ത് നല്‍കുകയാണ്. ഇന്ത്യന്‍ നിരത്തുകളും വാഹന വിപണിയിലും ഇലക്ട്രിക് വാഹനങ്ങളെ വരവേല്‍ക്കാനൊരുങ്ങിയ സാഹചര്യത്തിലാണ് ഫോര്‍ഡും ഇലക്ട്രിക് വാഹനം അവതരിപ്പിക്കുന്നത്.

ഇന്ത്യന്‍ വാഹന നിര്‍മാതാക്കളായ മഹീന്ദ്രയുമായി ചേര്‍ന്നായിരിക്കും ഫോര്‍ഡ് ഇലക്ട്രിക് വാഹനം പുറത്തിറക്കുക. ഇലക്ട്രിക് വാഹനം ഉള്‍പ്പെടെയുള്ളവയുടെ നിര്‍മാണത്തിനായി ഫോര്‍ഡും മഹീന്ദ്രയും 2017-ല്‍ കരാറിലെത്തിയിരുന്നു. ഈ കൂട്ടുക്കെട്ടിലായിരിക്കും ആസ്പയര്‍ ഇ.വി ഒരുങ്ങുക.

25 കിലോവാട്ട് ശേഷിയുള്ള ബാറ്ററിയും 82 ബിഎച്ച്പി പവര്‍ ഉത്പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോറുമായിരിക്കും ആസ്പയര്‍ ഇ.വിയില്‍ പ്രവര്‍ത്തിക്കുക. ഒറ്റത്തവണ ചാര്‍ജിങ്ങിലൂടെ 150 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സഞ്ചരിക്കാന്‍ കഴിയുന്ന ഈ വാഹനത്തിന്റെ പരമാവധി വേഗത 110 കിലോമീറ്ററാണ്.

ഇലക്ട്രിക് കാറുകള്‍ക്ക് സബ് ഫോര്‍ മീറ്റര്‍ നിബന്ധന ബാധകമല്ലാത്തതിനാല്‍ തന്നെ ഇലക്ട്രിക് ബഡ്ജിങ്ങിലെത്തുന്ന ആസ്പയറിന് അല്‍പ്പം നീളം കൂടുമെന്നാണ് സൂചന. ഇത് ബൂട്ട് സ്‌പെയിസിലും വീല്‍ ബേസിലും പ്രതിഫലിക്കുമെന്നും സൂചനകളുണ്ട്.

മഹീന്ദ്ര-ഫോര്‍ഡ് കൂട്ടുക്കെട്ടില്‍ വരും വര്‍ഷങ്ങളില്‍ നിരവധി മോഡലുകള്‍ പുറത്തിറങ്ങിയേക്കും. ഈ കൂട്ടുക്കെട്ടിലാണ് പുതിയ എക്‌സ്‌യുവി 500 ഒരുങ്ങുന്നതെന്നും സൂചനയുണ്ട്. സാങ്കേതികവിദ്യകള്‍ പങ്കുവയ്ക്കുന്നതിനൊപ്പം നിര്‍മാണച്ചെലവ് കുറയ്ക്കാനുമാണ് ഇരുകമ്പനികളും സംയുക്തമായി വാഹനം വികസിപ്പിക്കുന്നത്.

Content Highlights: Mahindra and Ford Develops Aspire EV