രാജ്യത്തെ മുന്‍നിര വാഹന നിര്‍മാതാക്കളായ മഹീന്ദ്രയുടെ പുതിയ ഫ്ലാഗ്​ഷിപ്പ് എസ്‌യുവി ഓള്‍ട്ടുറാസ് G4 നവംബര്‍ 24-ന് വിപണിയിലെത്തുകയാണ്. മഹീന്ദ്ര ഡീലര്‍ഷിപ്പുകള്‍ നിലവില്‍ ഓള്‍ട്ടുറാസിനുള്ള പ്രീ ബുക്കിങ്ങും ആരംഭിച്ചിട്ടുണ്ട്. സാങ്‌യോങ്‌ റെക്സ്റ്റോണ്‍ എസ്‌യുവിയുടെ രണ്ടാം തലമുറയായാണ് ഓള്‍ട്ടുറാസ് നിരത്തിലെത്തിക്കുന്നത്. വിദേശ രാജ്യങ്ങളില്‍ അവതരിപ്പിച്ച സാങ്‌യോങ് റെക്സ്റ്റണിന് സമാനമായ രൂപകല്‍പനയാണ് പുതിയ ഓള്‍ട്ടുറാസിനുമുള്ളത്.

ടൂ വീല്‍ ഡ്രൈവ്, ഫോര്‍ വീല്‍ ഡ്രൈവ് ഓപ്ഷനില്‍ ആകെ അഞ്ചു നിറങ്ങളിലാണ് ഓള്‍ട്ടുറാസ് വിപണിയിലെത്തുകയെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. നാപോളി ബ്ലാക്ക്, ലേക്ക്‌സൈഡ് ബ്രൗണ്‍, റീഗല്‍ ബ്ലൂ, സില്‍വര്‍, പേള്‍ വൈറ്റ് എന്നിവയാണ് കളര്‍ ഓപ്ഷന്‍സ്. സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി ശ്രേണിയില്‍ ശക്തരായ ടൊയോട്ട ഫോര്‍ച്യൂണര്‍, ഫോര്‍ഡ് എന്‍ഡവര്‍ എന്നിവയ്ക്ക് മികച്ച എതിരാളിയായാണ് ഓള്‍ട്ടുറാസ് വരുന്നത്.

വെര്‍ട്ടിക്കിള്‍ സ്ലാറ്റ് ഗ്രില്‍, എല്‍ഇഡി ഹെഡ്‌ലൈറ്റ്, ഇലക്ട്രിക് സണ്‍റൂഫ്, എന്നിവ എക്സ്റ്റീരിയറിലെയും  ലെതര്‍ ഫിനീഷ് ഡാഷ് ബോര്‍ഡ്, 9.2 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ടു സോണ്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഏഴ് ഇഞ്ച് മീറ്റര്‍ കണ്‍സോള്‍ എന്നിവ ഇന്റീരിയറിലെയും പ്രത്യേകതയാണ്.

Mahindra Alturas G4

സുരക്ഷയ്ക്കായി ഡുവല്‍ എയര്‍ബാഗ്, എബിഎസ്, ഇബിഡി, റിവേഴ്‌സ് പാര്‍ക്കിങ് സെന്‍സര്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഹില്‍ ഡിസെന്റ് കണ്‍ട്രോള്‍, അഡ്വാന്‍സ്ഡ് എമര്‍ജന്‍സി ബ്രേക്കിങ്, എട്ട് എയര്‍ബാഗ് എന്നിവയുണ്ടാകും. 2.2 ലിറ്റര്‍ നാല് സിലണ്ടര്‍ ഡീസല്‍ എന്‍ജിനാണ് ഓള്‍ട്ടുറാസ് ജി4-ന് കരുത്തേകുക. 178 ബിഎച്ച്പി പവറും 450 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന ഓള്‍ട്ടുറാസില്‍ ഏഴ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ്‌ നല്‍കിയിരിക്കുന്നത്. 30 ലക്ഷത്തിന് മുകളിലായിരിക്കും വിപണി വില. 

Content Highlights; Mahindra Alturas G4 SUV To Come In 5 Colours