പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
ഇലക്ട്രിക് വാഹനങ്ങള്‍ നിരത്തുകളില്‍ എത്തിക്കുന്നതിനായി വലിയ പദ്ധതിയാണ് ഇന്ത്യയിലെ ഏറ്റവും വലിയ എസ്.യു.വി. നിര്‍മാതാക്കളായ മഹീന്ദ്ര ഒരുക്കിയിരിക്കുന്നത്. രണ്ട് ബ്രാന്റുകളിലായി വരുന്ന നാല് വര്‍ഷത്തില്‍ അഞ്ച് മോഡലുകളാണ് വരവിനൊരുങ്ങിയിരിക്കുന്നത്. എന്നാല്‍, ഇതിന് മുന്നോടിയായി മഹീന്ദ്ര എക്‌സ്.യു.വി.300-ന്റെ ഇലക്ട്രിക് പതിപ്പ് വിപണിയില്‍ എത്താനൊരുങ്ങുകയാണ്. എക്‌സ്.യു.വി.400 എന്ന പേരില്‍ ഒരുങ്ങിയിട്ടുള്ള ഈ വാഹനം സെപ്റ്റംബര്‍ ആറിന് അവതരിപ്പിക്കും.
2020-ലെ ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ മഹീന്ദ്ര പ്രദര്‍ശനത്തിനെത്തിച്ച ഇലക്ട്രിക് കണ്‍സെപ്റ്റിന്റെ പ്രൊഡക്ഷന്‍ പതിപ്പായാണ് എക്‌സ്.യു.വി.400 എത്തുന്നത്. ഇതിന് XUV400 എന്ന് പേര് നല്‍കുമെന്ന് മുമ്പുതന്നെ അറിയിച്ചിരുന്നു. മഹീന്ദ്രയുടെ X100 പ്ലാറ്റ്‌ഫോമില്‍ ഒരുങ്ങുന്ന ഈ വാഹനത്തില്‍ എല്‍.ജി. കെമിക്കല്‍സ് വികസിപ്പിച്ച ഹൈ എനര്‍ജി എന്‍.എം.സി. ബാറ്ററിയാണ് നല്‍കുന്നത്. ഇതില്‍ നല്‍കിയിട്ടുള്ള ബാറ്ററി പാക്ക് കൂടുതല്‍ റേഞ്ചും ഉയര്‍ന്ന പവറും നല്‍കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്.
കണ്‍സെപ്റ്റ് മോഡലിന്റെ ഡിസൈനോട് നീതി പുലര്‍ത്തിയാണ് പ്രൊഡക്ഷന്‍ പതിപ്പും എത്തിയിരിക്കുന്നത്. ഇതിനുപുറമെ, വാഹനം മോടിപിടിപ്പിക്കുന്നതിനായി അല്‍പ്പം കൂട്ടിച്ചേര്‍ക്കലുകളും വരുത്തിയിട്ടുണ്ട്. പൂര്‍ണമായും അടഞ്ഞിരിക്കുന്ന ഗ്രില്ല്, പുതുമയുള്ള ഹെഡ്‌ലാമ്പ്, എല്‍.ഇ.ഡി. ഡി.ആര്‍.എല്‍, റെഗുലര്‍ മോഡലില്‍ നിന്ന് വ്യത്യാസം വരുത്തിയിട്ടുള്ള ടെയ്ല്‍ഗേറ്റ്, പൂര്‍ണമായും മാറിയിട്ടുള്ള ടെയ്ല്‍ലാമ്പ് എന്നിവയാണ് ഈ വാഹനത്തിന്റെ ഡിസൈനിങ്ങില്‍ വരുത്തിയിട്ടുള്ള പുതുമകള്‍.
മഹീന്ദ്ര അടുത്തിടെ വിപണിയില്‍ എത്തിച്ചിട്ടുള്ള എക്‌സ്.യു.വി.700, സ്‌കോര്‍പിയോ തുടങ്ങിയ വാഹനങ്ങളില്‍ നല്‍കിയിട്ടുള്ള അഡ്രേനോ എക്‌സ് കണക്ടഡ് കാര്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ് സാങ്കേതികവിദ്യ ഈ വാഹനത്തില്‍ ഒരുങ്ങും. വലിപ്പം കൂടിയ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ഈ വാഹനത്തിന്റെ അകത്തളത്തെ ആകര്‍ഷകമാക്കും. സുരക്ഷയില്‍ കൂടുതല്‍ കാര്യക്ഷമമാകുന്നതിനായി അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സംവിധാനം (എ.ഡി.എ.എസ്) XUV400-ല്‍ നല്‍കുമെന്നാണ് സൂചന.
സ്റ്റാന്‍ഡേര്‍ഡ്, ലോങ് റേഞ്ച് എന്നീ രണ്ട് വേരിയന്റുകളില്‍ ഈ വാഹനം എത്തിയേക്കുമെന്നാണ് അഭ്യൂഹങ്ങള്‍. ഇതിലെ ലോങ്ങ് റേഞ്ച് മോഡലിന് ഒറ്റത്തവണ ചാര്‍ജില്‍ 400 കിലോമീറ്റര്‍ സഞ്ചരിക്കാനുള്ള ശേഷിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എല്‍.ജിയില്‍ നിന്നുള്ള ബാറ്ററിയായിരിക്കുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും ഇതിന്റെ കരുത്ത് സംബന്ധിച്ച വെളിപ്പെടുത്തലുകള്‍ ഉണ്ടായിട്ടില്ല. ടാറ്റ നെക്‌സോണ്‍ ഇ.വിയായിരിക്കും മഹീന്ദ്ര XUV400 ഇലക്ട്രിക്കിന്റെ പ്രധാന എതിരാളി എന്നാണ് വെളിപ്പെടുത്തലുകള്‍.
Content Highlights: Mahindra all set to launch Electric XUV400 in India, Mahindra XUV400, Mahindra Electric


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..