ഹീന്ദ്രയുടെ പുതുതലമുറ ഥാര്‍ നിരത്തുകളില്‍ ഓടിത്തുടങ്ങിയിട്ട് ആറ് മാസം പിന്നിടുന്നു. ഈ ചുരുങ്ങിയ നാളുകള്‍ക്കൊണ്ട് മഹീന്ദ്രയുടെ മറ്റ് വാഹനങ്ങള്‍ക്ക് ലഭിച്ചതിനെക്കാള്‍ വലിയ പിന്തുണയാണ് പുതുതലമുറ ഥാറിന് ലഭിച്ചത്. ഇതിന്റെ ഏറ്റവും വലിയ തെളിവാണ് ആറ് മാസത്തിനുള്ളില്‍ ലഭിച്ച 50,000 ബുക്കിങ്ങുകള്‍. മുമ്പ് മഹീന്ദ്ര പുറത്തുവിട്ട കണക്ക് അനുസരിച്ച് ദിവസേന 200 മുതല്‍ 250 വരെ ബുക്കിങ്ങുകളാണ് ഥാറിന് ലഭിച്ചിരുന്നത്. 

ബുക്കിങ്ങ് ഉയരുന്നതോടെ ഈ വാഹനത്തിനായുള്ള കാത്തിരിപ്പും ഉയര്‍ത്താന്‍ നിര്‍മാതാക്കള്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. എന്നാല്‍, ഇത് പരമാവധി കുറയ്ക്കുന്നതിനായി വാഹനത്തിന്റെ നിര്‍മാണം ഉയര്‍ത്താനും വേഗത്തില്‍ ഡീലര്‍ഷിപ്പുകളില്‍ എത്തിക്കാനും കമ്പനി ശ്രമിക്കുന്നുണ്ടെന്നാണ് മഹീന്ദ്ര അറിയിച്ചിട്ടുള്ളത്. രണ്ട് മാസം മുമ്പ് മഹീന്ദ്ര പുറത്തുവിട്ട കണക്കനുസരിച്ച് പെട്രോള്‍ എന്‍ജിന്‍ ഥാറിന് മികച്ച സ്വീകര്യതയാണ് ലഭിക്കുന്നത്. 

മഹീന്ദ്രയുടെ ലൈഫ് സ്‌റ്റൈല്‍ എസ്.യു.വിയായ ഥാര്‍ എ.എക്സ്, എല്‍.എക്സ് എന്നീ രണ്ട് വേരിയന്റുകളിലാണ് ഇന്ത്യയില്‍ എത്തിയിട്ടുള്ളത്. ഹാര്‍ഡ് ടോപ്പ്, സോഫ്റ്റ് ടോപ്പ് ഓപ്ഷനുകളില്‍ എത്തിയിട്ടുള്ള ഈ വാഹനത്തിന് 12.10 ലക്ഷം രൂപ മുതല്‍ 14.15 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറും വില. സുരക്ഷ ഉറപ്പാക്കുന്നതിനായി എന്‍ക്യാപ് നടത്തിയ ക്രാഷ് ടെസ്റ്റില്‍ ഫോര്‍ സ്റ്റാര്‍ റേറ്റിങ്ങ് സ്വന്തമാക്കിയതോടെ ഈ വാഹനത്തിന്റെ ജനപ്രീതി ഉയര്‍ന്നിട്ടുണ്ട്.

2.0 ലിറ്റര്‍ എംസ്റ്റാലിന്‍ പെട്രോള്‍, 2.2 ലിറ്റര്‍ എംഹോക്ക് ഡീസല്‍ എന്‍ജിനുകളിലാണ് മഹീന്ദ്രയുടെ ഥാര്‍ നിരത്തുകളില്‍ എത്തിയിട്ടുള്ളത്. 2.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ 150 ബി.എച്ച്.പി പവറും 320 എന്‍.എം ടോര്‍ക്കും, 2.2 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ 130 ബി.എച്ച്.പി പവറും 300 എന്‍.എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. മാനുവല്‍ ട്രാന്‍സ്മിഷനൊപ്പം എല്‍.എക്സ് വേരിയന്റില്‍ ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും നല്‍കിയിട്ടുണ്ട്.

Content Highlights; Mahindra All-New Thar crosses 50,000 bookings