ന്ത്യയില്‍നിന്ന് ലോകത്തിലേക്ക് എന്ന പ്രഖ്യാപനത്തോടെയാണ് നിസാന്‍ മോട്ടോഴ്‌സ് മാഗ്‌നൈറ്റ് എന്ന കോംപാക്ട് എസ്.യു.വി. ഇന്ത്യയില്‍ നിര്‍മാണം ആരംഭിച്ചത്. ഇന്ത്യന്‍ വിപണിയില്‍ ക്ലിക്കായ ഈ വാഹനം വിദേശ രാജ്യങ്ങളിലേക്കും കടല്‍ കടക്കുകയാണ്. ഇതിന്റെ ആദ്യ ഘട്ടമായി ഇന്ത്യയില്‍ നിര്‍മിച്ച മാഗ്‌നൈറ്റ് എസ്.യു.വികള്‍ നേപ്പാള്‍, സൗത്ത് ആഫ്രിക്ക, ഇന്തൊനേഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കാന്‍ ആരംഭിച്ചു.

ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് തമിഴ്‌നാട് ഓറങ്കടത്തെ നിസാന്റെ പ്ലാന്റില്‍ നിര്‍മിച്ച 15,010 യൂണിറ്റ് മാഗ്‌നൈറ്റ് എസ്.യു.വികളില്‍ 13,790 യൂണിറ്റ് ഇന്ത്യന്‍ വിപണിയില്‍ വിറ്റഴിക്കുകയും 1220 യൂണിറ്റുകള്‍ വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ വിപണിയില്‍ മികച്ച സ്വീകാര്യതയാണ് മാഗ്‌നൈറ്റിന് ലഭിച്ചിട്ടുള്ളത്. അവതരിപ്പിച്ച ആറ് മാസം പിന്നിടുന്ന ഈ വാഹനം ഇതിനോടകം 50,000 ബുക്കിങ്ങുകള്‍ സ്വന്തമാക്കിയിട്ടുണ്ട്.

ഡിസംബര്‍ മാസം ഇന്ത്യയില്‍ എത്തിച്ച ഈ വാഹനം ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ നേപ്പാളിലും അവതരിപ്പിച്ചിരുന്നു. ആദ്യ മാസം തന്നെ 760 ബുക്കിങ്ങുകളാണ് നേപ്പാളില്‍ നിന്ന് മാഗ്‌നൈറ്റിന് ലഭിച്ചത്. പ്രതിമാസം ശരാശരി 1580 വാഹനങ്ങള്‍ വിറ്റഴിക്കുന്ന നേപ്പാളില്‍ മാഗ്‌നൈറ്റിന് 760 ബുക്കിങ്ങുകള്‍ ലഭിച്ചത് ഈ വാഹനത്തിന്റെ സ്വീകാര്യത തെളിയിക്കുന്നതാണ്. അതേസമയം, ഈ ഏപ്രില്‍ മാസമാണ് സൗത്ത് ആഫ്രിക്കയില്‍ മാഗ്‌നൈറ്റ് അവതരിപ്പിച്ചത്. 

നിസാന്‍-റെനോ കൂട്ടുകെട്ടില്‍ വികസിപ്പിച്ചിട്ടുള്ള സിഎംഎഫ്-എ പ്ലസ് പ്ലാറ്റ്‌ഫോമിലാണ് മാഗ്‌നൈറ്റ് ഒരുങ്ങുന്നത്. XE,XL,XV,XV പ്രീമിയം എന്നീ നാല് വേരിയന്റുകളിലാണ് ഈ വാഹനം എത്തുന്നത്. മികച്ച സ്റ്റൈലിനൊപ്പം സെഗ്‌മെന്റിലെ ബെസ്റ്റ് ഫീച്ചറുകളുമായാണ് മാഗ്‌നൈറ്റ് എത്തിയിട്ടുള്ളത്. മസ്‌കുലര്‍ ഭാവമുള്ള ഗ്രില്ല്, എല്‍.ഇ.ഡി ഹെഡ്ലാമ്പ്, എല്‍-ഷേപ്പ് എല്‍.ഇ.ഡി ഡി.ആര്‍.എല്‍, ഡ്യുവല്‍ ടോണ്‍ ബമ്പര്‍, പ്രൊജക്ഷന്‍ ഫോഗ് ലാമ്പ് മാഗ്‌നൈറ്റിന് അഴകേകുന്നത്. 

ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്ററും, ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും, സുരക്ഷ സംവിധാനങ്ങളുമാണ് മാഗ്‌നൈറ്റിന്റെ മറ്റ് ആകര്‍ഷകങ്ങള്‍. 71 ബി.എച്ച്.പി പവറും 96 എന്‍.എം ടോര്‍ക്കുമേകുന്ന 1.0 ലിറ്റര്‍ നാച്വറലി ആസ്പിരേറ്റഡ് പെട്രോള്‍ എന്‍ജിനിലും, 99 ബി.എച്ച്.പി പവറും 160 എന്‍.എം ടോര്‍ക്കുമേകുന്ന 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനുമാണ് മാഗ്നൈറ്റിന് കരുത്തേകുന്നത്. അഞ്ച് സ്പീഡ് മാനുവലും സി.വി.ടിയുമായിരിക്കും ഇതില്‍ ട്രാന്‍സ്മിഷന്‍ നിര്‍വഹിക്കുക.

Content Highlights: Made In India Nissan Magnite Exporting To Nepal, South Africa and Indonesia