ഇന്ത്യന്‍ നിരത്തുകള്‍ക്കായി ഇന്ത്യയില്‍ അസംബിള്‍ ചെയ്ത് ജീപ്പിന്റെ ഓഫ് റോഡ് എസ്.യു.വി. റാങ്ക്ളര്‍ അവതരിപ്പിച്ചു. അഞ്ച് സീറ്റര്‍ എസ്.യു.വിയായി എത്തിയിട്ടുള്ള ഈ വാഹനത്തിന് 53.90 ലക്ഷം രൂപ മുതല്‍ 57.90 ലക്ഷം രൂപ വരെയാണ് എക്സ്ഷോറും വില. മുമ്പ് പൂര്‍ണമായും വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്താണ് റാങ്ക്ളര്‍ ഇന്ത്യന്‍ നിരത്തുകളില്‍ എത്തിയിരുന്നത്. എന്നാല്‍, പുതിയ റാങ്ക്ളര്‍ ജീപ്പിന്റെ പൂനെയിലെ പ്ലാന്റില്‍ അസംബിള്‍ ചെയ്താണ് വിപണിയില്‍ എത്താനൊരുങ്ങുന്നത്.
ജീപ്പ് റാങ്ക്ളര്‍ അണ്‍ലിമിറ്റഡ്, റൂബിക്കോണ്‍ എന്നീ രണ്ട് പതിപ്പുകളിലാണ് ഈ വാഹനം ഇന്ത്യയില്‍ എത്തിയിട്ടുള്ളത്. അതേസമയം, ജീപ്പിന്റെ 80-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി റാംഗ്ലറിന്റെ ഒരു ലോഞ്ച് എഡിഷനും ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കായി ഒരുക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ബ്ലാക്ക്, ഫയര്‍ക്രാക്കര്‍ റെഡ്, ഗ്രാനൈറ്റ് ക്രിസ്റ്റല്‍, സ്റ്റിങ്ങ് ഗ്രേ, ബ്രൈറ്റ് വൈറ്റ് എന്നീ അഞ്ച് നിറങ്ങളില്‍ പുതിയ റാങ്ക്ളര്‍ ഇന്ത്യന്‍ നിരത്തുകളില്‍ എത്തുമെന്നാണ് ജീപ്പ് അറിയിച്ചിട്ടുള്ളത്.
ജീപ്പിന്റെ സിഗ്നേച്ചര്‍ ഏഴ് സ്ലാറ്റ് ഗ്രില്ല്, വൃത്താകൃതിയിലുള്ള എല്‍.ഇ.ഡി. ഹെഡ്ലാമ്പ്, ഫെന്‍ഡറില്‍ നല്‍കിയിട്ടുള്ള സൈഡ് ഇന്റിക്കേറ്ററുകള്‍, 18 ഇഞ്ച് അലോയി വീലുകള്‍, ഫോഗ് ലാമ്പ്, എല്‍.ഇ.ഡി. ടെയ്ല്‍ലൈറ്റ്, ടെയ്ല്‍ഗേറ്റിലെ സ്പെയര്‍ വീല്‍ എന്നിവയാണ് റാങ്ക്ളറിന് പുറംമോടി വരുത്തുന്നത്. ഓഫ് റോഡുകള്‍ക്ക് ഇണങ്ങുന്ന വാഹനമായതിനാല്‍ തന്നെ റൂഫും ഡോറുകളും അഴിച്ച് മാറ്റാല്‍ സാധിക്കുന്നതും പുതിയ റാങ്ക്ളറിന്റെ സവിശേഷതകളില്‍ ഒന്നാണ്.
വലിയ മാറ്റങ്ങളാണ് ഇന്റീരിയറില്‍ വരുത്തിയിട്ടുള്ളത്. ഡാഷ്ബോര്‍ഡും സെന്റര്‍ കണ്‍സോളും പൂര്‍ണമായും അഴിച്ച് പണിതിട്ടുണ്ട്. യൂ കണക്ടഡ് സാങ്കേതികവിദ്യയാണ് റാങ്ക്ളറിലെ ഹൈലൈറ്റ്. 8.4 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്ട്രോള്, ലെതറില്‍ പൊതിഞ്ഞ ഡാഷ്ബോര്‍ഡ്, പുഷ്-ബട്ടണ്‍ സ്റ്റാര്‍ട്ട്, കീ-ലെസ് എന്‍ട്രി തുടങ്ങിയവയ്ക്ക് പുറമെ, സുരക്ഷ ഉറപ്പാക്കാന്‍ 60-ല്‍ അധികം ഫീച്ചറുകളും ഒരുക്കിയാണ് റാങ്ക്ളര്‍ എത്തിയിട്ടുള്ളത്.
2.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനാണ് 2021 ജീപ്പ് റാങ്ക്ളറില്‍ പ്രവര്‍ത്തിക്കുന്നത്. ഇത് 262 ബി.എച്ച്.പി. പവറും 400 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് ഇതില്‍ ട്രാന്സ്മിഷന് നിര്‍വഹിക്കുന്നത്. ട്രാക്ഷന്‍ സ്ലിപ്പുകള്‍ തിരിച്ചറിയാന്‍ സാധിക്കുന്ന സെന്‍സറുകളുടെ സഹായത്തില്‍ പ്രവര്‍ത്തിക്കുന്ന സെലക്ട്-ട്രാക്ക് ഫുള്‍-ടൈം ഫോര്‍ വീല്‍ ഡ്രൈവ് സംവിധാനം ഈ വാഹനത്തിലെ പുതുമയാണ്.