ര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ മെഴ്‌സിഡസിന്റെ പ്രീമിയം സെഡാന്‍ മോഡലായ എസ്-ക്ലാസിന് വമ്പന്‍ സ്വീകാര്യതയാണ് ലഭിച്ചത്. പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് ഇന്ത്യയില്‍ എത്തിയിരുന്ന ഈ വാഹനത്തിന്റെ ആദ്യ ബാച്ച് വാഹനങ്ങള്‍ അവതരണത്തിന് മുമ്പ് തന്നെ വിറ്റുതീര്‍ന്നിരുന്നു. എസ്-ക്ലാസിന്റെ 150 യൂണിറ്റാണ് ആദ്യ ബാച്ചില്‍ ഇന്ത്യയില്‍ ചൂടപ്പം പോലെ വിറ്റഴിച്ചത്. ഈ സ്വീകാര്യതയെ തുടര്‍ന്ന് എസ്-ക്ലാസ് സെഡാന്‍ പ്രാദേശികമായി നിര്‍മിച്ച് വിപണിയില്‍ എത്തിച്ചിരിക്കുകയാണ് മെഴ്‌സിഡസ്.

എസ് 350ഡി ഫോര്‍മാറ്റിക്, എസ് 450 ഫോര്‍മാറ്റിക് എന്നീ രണ്ട് മോഡലുകളാണ് മെയ്ഡ് ഇന്‍ ഇന്ത്യന്‍ വാഹനങ്ങളായി മെഴ്‌സിഡസ് കഴിഞ്ഞ ദിവസം വിപണിയില്‍ അവതരിപ്പിച്ചത്. ഈ മോഡലുകള്‍ക്ക് യഥാക്രമം 1.57 കോടി രൂപയും 1.62 കോടി രൂപയുമാണ് എക്‌സ്‌ഷോറും വില. വിദേശ നിര്‍മിത മോഡലുകളെക്കാള്‍ S 350d-ക്ക് 60 ലക്ഷം രൂപയും S 450-ക്ക് 57 ലക്ഷം രൂപയും വില കുറച്ചാണ് പ്രാദേശികമായി നിര്‍മിച്ച മോഡലുകള്‍ എത്തിയിട്ടുള്ളതെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിട്ടുള്ളത്. 

ലുക്കില്‍ യാതൊരു വിട്ടുവീഴ്ചയും വരുത്താതെയാണ് ഇന്ത്യയില്‍ ഒരുങ്ങിയ എസ്-ക്ലാസ് എത്തിയിട്ടുള്ളത്. ലക്ഷക്കണക്കിന് പിക്‌സലുകളുള്ള ഹെഡ്‌ലാമ്പാണ് ഇതില്‍ നല്‍കിയിട്ടുള്ളത്. ഇതിലെ എന്‍.ഇ.ഡി. ലൈറ്റും അള്‍ട്ര റേഞ്ച് ഹൈ ബീമും ചേര്‍ന്ന് 650 മീറ്റര്‍ ദൈര്‍ഘ്യത്തില്‍ വെളിച്ചമെത്തിക്കും. ക്രോമിയം ലൈനുകള്‍ നല്‍കിയുള്ള ഗ്രില്ലും ക്രോമിയം പാനലുകളുള്ള ബമ്പറുമാണ് മെഴ്‌സിഡസിന്റെ ഫ്‌ളാഗ്ഷിപ്പ് സെഡാന്‍ മോഡലായ എസ്-ക്ലാസിന്റെ മുഖം ആകര്‍ഷകമാക്കുന്നത്. 

Mercedes-Benz S-Class

വിദേശ നിര്‍മിത എസ്-ക്ലാസിനെക്കാള്‍ വലുതാണ് പുതിയ മോഡല്‍. വീതിയും നീളവും 34 എം.എം. ആണ് ഉയര്‍ത്തിയിട്ടുള്ളത്. വീല്‍ബേസ് 51 എം.എം. ആണ് കൂടിയിരിക്കുന്നത്. അതേസമയം, മുന്‍ മോഡലില്‍ 20 ഇഞ്ച് എ.എം.ജി. ടയറുകളാണ് നല്‍കിയിരുന്നതെങ്കില്‍ പുതിയ മോഡലില്‍ വലിപ്പം കുറഞ്ഞ ടയറുകളാണുള്ളത്. ഓട്ടോമാറ്റിക് ഡോര്‍ ഹാന്‍ഡില്‍ ഹൊറിസോണ്ടല്‍ കോമ്പിനേഷന്‍ ടെയ്ല്‍ലാമ്പ് എന്നിവ പുതിയ മോഡലിലെ ഹൈലൈറ്റാണ്. 

ആഡംബരത്തില്‍ ഒട്ടും വിട്ടുവീഴ്ച വരുത്തിയിട്ടില്ലാത്ത ഇന്റീരിയറാണ് ഈ വാഹനത്തില്‍ നല്‍കിയിട്ടുള്ളത്. 10 തരത്തില്‍ മസാജ് സംവിധാനമുള്ള മസാജ് സീറ്റുകള്‍, 64 എല്‍.ഇ.ഡിയിലുള്ള ആംബിയന്റ് ലൈറ്റ്, 12.3 ഇഞ്ച് ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, പനോരമിക് സ്ലൈഡിങ്ങ് സണ്‍റൂഫ്, 15 സ്പീക്കറുകള്‍ ഉള്‍പ്പെടെയുള്ള 3D സൗണ്ട് സിസ്റ്റം, പുതുതലമുറ MBUX സംവിധാനമുള്ള 12.8 ഇഞ്ച് വലിപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവയാണ് അകത്തളത്തിലുള്ളത്. 

3.0 ലിറ്റര്‍ ആറ് സിലിണ്ടര്‍ ഡീസല്‍ എന്‍ജിന്‍, 3.0 ലിറ്റര്‍ ആറ് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന്‍ എന്നിവയാണ് എസ്-ക്ലാസ് മോഡലുകള്‍ക്ക് കുതിപ്പേകുന്നത്. ഡീസല്‍ എന്‍ജിന്‍ 282 ബി.എച്ച.പി. പവറും 600 എന്‍.എം. ടോര്‍ക്കും പെട്രോള്‍ എന്‍ജിന്‍ 362 ബി.എച്ച്.പി. പവറും 500 എന്‍.എം. ടോര്‍ക്കുമാണ് നല്‍കുന്നത്. പെട്രോള്‍ മോഡലിന് മൈല്‍ഡ് ഹൈബ്രിഡ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക്കാണ് രണ്ടിലും ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്.

Content Highlights; Made-In-India 2021 Mercedes-Benz S-Class Launched