പട്ടം കൊട്ടാരത്തിൽ സൂക്ഷിച്ചിരിക്കുന്ന 1955 മോഡൽ മെഴ്സിഡസ് ബെൻസ് കാർ | ഫോട്ടോ: മാതൃഭൂമി
നാടുനീങ്ങിയ ഇളയരാജാവ് ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ കരുതിവെച്ച സ്നേഹസമ്മാനം ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലിക്ക് കൈമാറാനൊരുങ്ങി രാജകുടുംബവും ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ ഫൗണ്ടേഷനും. പട്ടം കൊട്ടാരത്തില്‍ സൂക്ഷിച്ചിരിക്കുന്ന 1955 മോഡല്‍ മെഴ്സിഡസ് ബെന്‍സ് 180 കാറാണ് മാര്‍ത്താണ്ഡവര്‍മയും യൂസഫലിയും തമ്മിലുണ്ടായിരുന്ന ആത്മബന്ധത്തിന്റെ അടയാളമായി എം.എ.യൂസഫലിയുടെ കൈകളിലേക്ക് എത്തുന്നത്.
1950-കളില്‍ 12000 രൂപ നല്‍കിയാണ് ജര്‍മ്മനിയിലെ സ്റ്റുട്ട്ഗര്‍ട്ടില്‍ നിര്‍മിതമായ കാര്‍ തിരുവിതാംകൂര്‍ രാജകുടുംബം സ്വന്തമാക്കുന്നത്. കര്‍ണാടകയില്‍ രജിസ്ട്രേഷന്‍ നടത്തിയ കാറിന്റെ നമ്പര്‍ CAN 42 എന്നാണ്. ഒരു മിനിട്ടിനുള്ളില്‍ ഒരു മൈല്‍ വേഗത്തില്‍ യാത്ര നടത്തിയിരുന്ന ഉത്രാടം തിരുനാളിന് 'മൈല്‍ എ മിനിട്ട്' എന്ന വിളിപ്പേര് നേടിക്കൊടുത്തതും ഈ ബെന്‍സായിരുന്നു. 38-ാം വയസ്സില്‍ തുടങ്ങി സ്വയമോടിച്ചും യാത്രക്കാരനായും 40 ലക്ഷം മൈലുകള്‍ അദ്ദേഹം സഞ്ചരിച്ചെന്നാണ് കണക്ക്.
അതില്‍ 23 ലക്ഷം മൈലുകളും ഈ കാറിലായിരുന്നു. താണ്ടിയ ദൂരം അടയാളപ്പെടുത്തി ബെന്‍സ് കമ്പനി നല്‍കിയ മെഡലുകളും കാറിനുമുന്നില്‍ പതിച്ചിട്ടുണ്ട്. ബെന്‍സിന് മോഹവില നല്‍കി വാങ്ങാന്‍ പല പ്രമുഖരും അക്കാലത്ത് അദ്ദേഹത്തെ സമീപിച്ചിരുന്നു. ന്യൂജെന്‍ കാറുകളെ പിന്നിലാക്കി റെക്കോഡ് ദൂരം സഞ്ചരിച്ച ബെന്‍സിനെ അഭിമാനചിഹ്നമായി മാറ്റാന്‍ ബെന്‍സ് കമ്പനിയും ശ്രമിച്ചു.
തിരിച്ചെടുക്കാമെന്നും, പകരമായി രണ്ട് പുതിയ കാറുകള്‍ നല്‍കാമെന്നും പറഞ്ഞ് വെസ്റ്റ് ജര്‍മ്മനി ആസ്ഥാനമായുള്ള കമ്പനിയിലെ ഉന്നതര്‍ രാജാവിനെ സമീപിച്ചിരുന്നു. എന്നാല്‍ വാച്ച് മുതല്‍ 1936-ല്‍ വാങ്ങിയ റോളി ഫ്‌ളക്‌സ് ക്യാമറയും, കാറും ഉള്‍പ്പെടെ പുരാതനമായവയെല്ലാം സൂക്ഷിച്ചിരുന്ന മാര്‍ത്താണ്ഡവര്‍മ കാറിനെ കൈവിടാന്‍ ഒരുക്കമായിരുന്നില്ല.
എം.എ. യൂസഫലിയെ അബുദാബിയിലെ വസതിയിലെത്തി സന്ദര്‍ശിച്ച വേളയിലായിരുന്നു അദ്ദേഹത്തെ മാര്‍ത്താണ്ഡവര്‍മ കൊട്ടാരത്തിലേക്ക് ക്ഷണിച്ചത്. 2012-ല്‍ യൂസഫലി പട്ടം കൊട്ടാരത്തില്‍ എത്തിയപ്പോള്‍ കാര്‍ സമ്മാനിക്കാനുള്ള ആഗ്രഹം അദ്ദേഹം നേരിട്ടറിയിക്കുകയായിരുന്നു. സരസ്വതി വിദ്യാലയത്തിന്റെ ചെയര്‍മാന്‍ ജി.രാജ്മോഹന്‍ ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു ഇക്കാര്യമറിയിച്ചത്.
കാര്‍ ഏറെക്കാലമായി മാര്‍ത്താണ്ഡവര്‍മയുടെ മകന്‍ പത്മനാഭവര്‍മയുടെയും ശ്രീഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ ഫൗണ്ടേഷന്റെയും സംരക്ഷണയിലാണ്. ഉത്രാടം തിരുനാളിന്റെ ആഗ്രഹംപോലെ വൈകാതെ കാര്‍ യൂസഫലിക്ക് സമ്മാനിക്കാനാണ് രാജകുടുംബത്തിന്റെ തീരുമാനം.
Content Highlights: MA Yusuff Ali Gets Uthradom Thirunal Marthanda Varma's Benz Car
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..