കോവിഡ് കാലത്തിന്റെ മാന്ദ്യത്തിനു ശേഷം ആഡംബര കാര്‍ വിപണി മാസങ്ങള്‍ക്കുള്ളില്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന് ഔഡി ഇന്ത്യയുടെ തലവന്‍ ബല്‍ബീര്‍ സിങ് ധില്ലന്‍. 'മാതൃഭൂമി'ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ പ്രതീക്ഷ പ്രകടിപ്പിച്ചത്. അവസാന അഞ്ചു മാസത്തിനുള്ളില്‍ത്തന്നെ വാഹന വിപണി ഉയിര്‍ത്തെഴുന്നേറ്റിട്ടുണ്ട്. ഡിസംബറിലായിരുന്നു ഏറ്റവുമധികം വില്പന നടന്ന വര്‍ഷമെന്നും അദ്ദേഹം പറഞ്ഞു. പ്രീമിയം വിഭാഗത്തിലെ വില്പന ഇപ്പോഴും ഒരു ശതമാനത്തില്‍ താഴെയാണ്. ഈ വര്‍ഷം ഈ വിഭാഗത്തിലും വളര്‍ച്ചയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

2021-ല്‍ ഔഡിയില്‍നിന്ന് പ്രതീക്ഷിക്കുന്ന ഉത്പന്നങ്ങള്‍ എന്തൊക്കെയായിരിക്കും?

ഈ വര്‍ഷം ഔഡി നിരവധി കാറുകള്‍ പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്. സെഡാന്‍ മുതല്‍ എസ്.യു.വി. വരെ ഇതിലുണ്ടാകും. വൈദ്യുത കാറുകളും ഈ വര്‍ഷം ഇന്ത്യയിലെത്തിയേക്കും. വില്പന ഇരട്ടിയാക്കാനാണ് ശ്രമം.

ചെറുകിട നഗരങ്ങളിലേക്ക് വിപണനം വ്യാപിപ്പിക്കാനുള്ള പദ്ധതിയുണ്ടോ?

കൂടുതല്‍ ഉപഭോക്താക്കളിലേക്ക് എത്താനുള്ള ശ്രമം ഔഡി തുടരും. അതിന്റെ ഭാഗമായി ഡിജിറ്റല്‍ വില്പന പ്രോത്സാഹിപ്പിക്കുകയാണ്. വര്‍ക്ഷോപ്പുകള്‍ ആദ്യം എന്ന നിലയിലാണ് ചെറുകിട നഗരങ്ങളിലേക്ക് കമ്പനി കടന്നുചെല്ലുന്നത്. പുതിയ വിപണികള്‍ തുറക്കാനുള്ള പദ്ധതിയും കമ്പനിക്കുണ്ട്.

ഔഡിയുടെ ഡിജിറ്റൈസേഷന്‍ പദ്ധതികള്‍?

ആഡംബര കാര്‍ നിര്‍മാതാക്കളില്‍ ഡിജിറ്റൈസേഷന്‍ പദ്ധതികള്‍ കൊണ്ടുവരുന്നതുതന്നെ ഔഡിയാണ്. 'മൈ ഔഡി കണക്ട് ' എന്ന ആപ്പ് തന്നെ ഇതിനുദാഹരണം. ഷോറൂമിന്റെ ത്രിമാന ദൃശ്യങ്ങളടക്കം ഇപ്പോള്‍ വെബ്‌സൈറ്റിലൂടെ കാണാം. വാഹനത്തിനകവും പുറവും ആവശ്യാനുസരണം കാണാനുള്ള സാങ്കേതിക വിദ്യയും ലഭ്യമാണ്. വീടുകളിലിരുന്ന് വാഹനത്തെ പൂര്‍ണമായും അറിയാന്‍ കഴിയുന്ന സാങ്കേതിക വിദ്യയാണ് ഔഡി ലഭ്യമാക്കിയിരിക്കുന്നത്.

ഇ-ട്രോണ്‍ എപ്പോഴായിരിക്കും ഇന്ത്യയിലെത്തുക?

ഉടന്‍ ഇന്ത്യയിലെത്തിക്കാനാണ് ശ്രമം. വൈദ്യുത എസ്.യു.വി.യായ ഇ-ട്രോണ്‍ ഇന്ത്യയിലെ വൈദ്യുത വാഹനങ്ങള്‍ക്കിടയില്‍ വ്യത്യസ്തനായിരിക്കും. ഇ-ട്രോണ്‍ എന്ന ബ്രാന്‍ഡ് ഇന്ത്യയില്‍ ശക്തമാക്കാനാണ് ഉദ്ദേശിക്കുന്നത്. പതുക്കെയുള്ള വളര്‍ച്ചയാണ് ലക്ഷ്യമിടുന്നത്. സംസ്ഥാനങ്ങള്‍ നല്‍കുന്ന കുറഞ്ഞ ജി.എസ്.ടി.യും നികുതിയിളവുമാകുമ്പോള്‍ തിളങ്ങുന്ന വിലയ്ക്ക് ഇ-ട്രോണ്‍ വില്പനയ്‌ക്കെത്തിക്കാമെന്നാണ് പ്രതീക്ഷ.

Content Highlights: Luxury Car Brand Audi Planning To Introduce More sedan And SUVs In India